നെടുങ്കണ്ടം ∙ 4 വർഷത്തിനിടെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ നിന്നു മാറ്റിയത് എസ്ഐ, സിഐ ഉൾപ്പെടെ 52 പൊലീസ് ഉദ്യോഗസ്ഥരെ. സസ്പെൻഷനിലായത് 12 പേർ. അറസ്റ്റിലായത് 6 പേർ. വിവാദങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ പെട്ടതോടെ പൊലീസ് സ്റ്റേഷന്റെ നിർമാണത്തിലെ വാസ്തു തകരാറെന്നു സംശയം ഉടലെടുത്തു!!! ഇതോടെ സ്റ്റേഷനിൽ ചെറിയ മാറ്റങ്ങൾ വരുത്തുകയും നിർമാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷവും പൊലീസ് സ്റ്റേഷന്റെ ‘കണ്ടകശനി’ തുടരുകയാണ്.
രാജ് കുമാർ കസ്റ്റഡി മരണത്തിന് ശേഷം മികച്ച പ്രവർത്തനത്തിലേക്ക് നെടുങ്കണ്ടം പൊലീസ് തിരികെ എത്തിയപ്പോഴാണു കസ്റ്റഡിയിൽ സൂക്ഷിച്ച പോക്സോ കേസ് പ്രതിയുടെ രക്ഷപ്പെടൽ. 2019ൽ എസ്എഫ്ഐ പ്രവർത്തകർ റോഡിൽ വരച്ച ചെഗുവരയുടെ ചിത്രം മായ്ക്കാൻ നിർദേശിച്ച എസ്ഐയ്ക്കു സ്ഥലംമാറ്റം കിട്ടിയത് ചാർജെടുത്തതിന്റെ ഏഴാം ദിവസം. പിന്നാലെ വന്ന എസ്ഐയെ 18–ാം ദിവസം സ്ഥലം മാറ്റി.
മൂന്നര വയസ്സുകാരിയെയും പിതാവിനെയും 3 മണിക്കൂർ സ്റ്റേഷനിൽ നിർത്തിയെന്നതായിരുന്നു ആരോപണം. മന്ത്രി എം.എം.മണി സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ചക്രത്തിന്റെ നട്ടുകൾ ഊരിപ്പോയ സംഭവത്തിൽ കേസെടുത്തപ്പോൾ കൊലപാതക ശ്രമം വകുപ്പു ചുമത്തിയതിന് എഎസ്ഐയെ സ്ഥലം മാറ്റി. ആത്മഹത്യ കൊലപാതകം ആക്കുമെന്നു പറഞ്ഞ് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ സിഐയ്ക്കും എഎസ്ഐയ്ക്കും സസ്പെൻഷൻ കിട്ടി.
രാജ് കുമാർ കസ്റ്റഡി മരണം സംബന്ധിച്ച കേസിൽ എസ്ഐ ഉൾപ്പെടെ 8 പേരെ സസ്പെൻഡ് ചെയ്യുകയും 31 പേരെ കൂട്ടത്തോടെ സ്ഥലം മാറ്റുകയും ചെയ്തു. രാജ്കുമാർ കേസിൽ മാത്രം 6 പൊലീസ് ഉദ്യോഗസ്ഥരെയാണു ക്രൈംബ്രാഞ്ച്, സിബിഐ സംഘങ്ങൾ അറസ്റ്റ് ചെയ്തത്.