അരി കൊമ്പനും ചക്ക കൊമ്പനും കൊലയാളികളാണ്, അവരെ മയക്കുവെടി വച്ച് കൊണ്ടു പോയില്ലെങ്കിൽ നാട്ടുകാർക്ക് സമാധാനമുണ്ടാവില്ല....കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട വനം വകുപ്പ് വാച്ചർ ശക്തിവേൽ ഒരു മാസം മുൻപ് തന്നെ സന്ദർശിച്ച മാധ്യമ പ്രവർത്തകനോട് പറഞ്ഞതിങ്ങനെ. ഇൗ 2 ഒറ്റയാൻമാരുടെ പിടിയിൽ നിന്നും വഴിയാത്രക്കാരും നാട്ടുകാരുമായി നിരവധി പേരെ രക്ഷപെടുത്തിയ ശക്തിവേലിന് പ്രദേശത്തെ കാട്ടാനകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു.
2 ഡസനോളം ആളുകളെ ദാരുണമായി കൊലപ്പെടുത്തിയ ഇൗ രണ്ട് ഒറ്റയാൻമാരെയും പിടിച്ചു കൊണ്ടു പോകണമെന്ന ആവശ്യമുയർത്തിയാണ് ശക്തിവേലിന്റെ മരണത്തിനു ശേഷവും നാട്ടുകാർ കഴിഞ്ഞ 2 ദിവസമായി തെരുവിലിറങ്ങി സമരം ചെയ്തത്. ദേവികുളം റേഞ്ചിന് കീഴിൽ 2 പതിറ്റാണ്ടിനിടെ 44 പേരാണ് കാട്ടാനയാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ജോലി ചെയ്യാൻ കഴിയാത്ത ഒട്ടേറെ തൊഴിലാളികളുമുണ്ട്. മുപ്പതോളം കാട്ടാനകളാണ് ആനയിറങ്കൽ വനമേഖലയിലുള്ളത്. അരി കൊമ്പൻ, ചക്ക കൊമ്പൻ എന്നി ഒറ്റയാൻമാരെ കൂടാതെ 2 കുട്ടിയാനകളുൾപ്പെടുന്ന 8 അംഗ പിടിയാനക്കൂട്ടവും നാട്ടുകാർക്ക് ഭീഷണിയാണ്.

ഒറ്റയാൻമാരെ ഭയന്ന് കാടുകയറാൻ മടിച്ച് ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്ന ഇൗ പിടിയാനക്കൂട്ടം ചൂണ്ടൽ, തോണ്ടിമല, പന്നിയാർ, ബിഎൽ റാം, 301 കോളനി, പെരിയകനാൽ, ആനയിറങ്കൽ, ശങ്കരപാണ്ഡ്യമെട്ട്, മുള്ളൻതണ്ട്, ബി ഡിവിഷൻ എന്നിവിടങ്ങളിൽ നൂറ് കണക്കിന് ഏക്കർ കൃഷിയാണ് ഇതുവരെ നശിപ്പിച്ചത്. കഴിഞ്ഞ വർഷം കൂട്ടത്തിലെ ഒരു പിടിയാന 301 കോളനിക്ക് സമീപം വച്ച് വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞതിന് ശേഷം ഇവയുടെ ആക്രമണം രൂക്ഷമായെന്ന് നാട്ടുകാർ പറയുന്നു.
എട്ടു വാച്ചർമാരെ കൊണ്ട് എന്തു ചെയ്യാൻ കഴിയും
ദേവികുളം റേഞ്ചിന് കീഴിലുള്ള 8 അംഗ വാച്ചർമാരെ കൊണ്ട് മാത്രം പ്രതിരോധിക്കാൻ കഴിയുന്നതല്ല ഇവയുടെ ശല്യം. അക്രമകാരികളായ കാട്ടാനകളെ മയക്കു വെടി വച്ച് ആനത്താവളങ്ങളിലേക്ക് കൊണ്ടു പോവുകയും ജനവാസ മേഖലകൾക്ക് ചുറ്റും വൈദ്യുത വേലി സ്ഥാപിക്കുകയും ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ഒരു വർഷം മുൻപ് ചിന്നക്കനാൽ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായപ്പോൾ വെലക്ക് ഭാഗത്ത് സെൻസർ ക്യാമറകൾ സ്ഥാപിക്കുമെന്ന് വനം വകുപ്പ് അധികൃതർ വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ അതിന് ശേഷം തുടർ നടപടികളുണ്ടായില്ല. സോളർ ഹാങ്ങിങ് ഫെൻസ് സ്ഥാപിക്കുമെന്നാണു വനം മന്ത്രിയുടെ പുതിയ പ്രഖ്യാപനം. സൗരോർജം ഉപയോഗിച്ചു ചാർജ് ചെയ്തു തൂക്കിയിടുന്ന തരത്തിലുള്ള വേലികളാണിവ. പല കാലങ്ങളിൽ പല മാർഗങ്ങൾ പ്രയോഗിച്ചെങ്കിലും ഒന്നും ശാശ്വതമായ വിജയമായിരുന്നില്ല.
റേഷൻ കട തകർത്ത് ഒറ്റയാൻ
ഇന്നലെ രാവിലെ 5 ന് വീണ്ടും പന്നിയാർ എസ്റ്റേറ്റിലെത്തിയ ഒറ്റയാൻ റേഷൻ കട പൂർണമായും തകർത്തു. ശനിയാഴ്ച രാവിലെ 4 ന് ഇൗ റേഷൻ കടയുടെ ഭിത്തിയും മേൽക്കൂരയും തകർത്ത് 2 ചാക്ക് അരി പുറത്തെടുത്ത് തിന്ന അരി കൊമ്പൻ തന്നെയാണ് ഇന്നലെയും എത്തിയതെന്നാണ് കട ഉടമ പി.എൽ.ആന്റണി പറയുന്നത്. കട ഭാഗികമായി തകർന്നതിനാൽ ശനിയാഴ്ച തന്നെ റേഷൻ സാധനങ്ങൾ എസ്റ്റേറ്റ് ലയത്തിലെ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നു.
ഇവിടെ നിന്ന് 200 മീറ്റർ അകലെ വച്ചാണ് കഴിഞ്ഞ ദിവസം വനം വകുപ്പ് വാച്ചർ ശക്തിവേലിനെ കാട്ടാന കൂട്ടം കൊലപ്പെടുത്തിയത്. കാട്ടാനകളുടെ ആക്രമണത്തിന് സാധ്യതയുള്ളതിനാൽ ദ്രുത പ്രതികരണ സേനാംഗങ്ങൾ പന്നിയാർ എസ്റ്റേറ്റിൽ ഇന്നലെ പുലർച്ചെ 3 വരെ ക്യാംപ് ചെയ്തിരുന്നു. റേഷൻ കട ഉടമ ആന്റണിയും സമീപത്തുള്ള സുഹൃത്തിന്റെ ക്വാർട്ടേഴ്സിലുണ്ടായിരുന്നു. ദ്രുത പ്രതികരണ സേനാംഗങ്ങൾ ഇവിടെ നിന്ന് പോയ ശേഷമാണ് ഒറ്റയാനെത്തി പഴയ റേഷൻ കട പൂർണമായും ഇടിച്ചു നിരത്തിയത്.
ആന്റണിയും നാട്ടുകാരും ചേർന്ന് ബഹളം വച്ച് ഒറ്റയാനെ തുരത്തി. 10 ദിവസത്തിനുള്ളിൽ നാലാമത്തെ പ്രാവശ്യമാണ് ഇൗ റേഷൻ കട ഒറ്റയാൻ ആക്രമിക്കുന്നത്. ഒരു വർഷത്തിനിടെ 11 തവണ ഒറ്റയാൻ ഇൗ റേഷൻ കട തകർത്തു. ജീവൻ പണയം വച്ചും വൻ സാമ്പത്തിക നഷ്ടം സഹിച്ചും റേഷൻ കട നടത്തി കൊണ്ടു പോകാൻ കഴിയാത്ത അവസ്ഥയാണെന്ന് കട ഉടമ ആന്റണി പറയുന്നു.
ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ചിന്നക്കനാൽ പഞ്ചായത്തിലെ ബിഎൽ റാമിൽ ഇന്നലെ പുലർച്ചെ ഒറ്റയാൻ വീടാക്രമിച്ച് തകർത്തു, ഗൃഹനാഥനും ഭാര്യയും രക്ഷപെട്ടത് തലനാരിഴയ്ക്ക്. കുന്നത്ത് ബെന്നിയുടെ വീടിനും തൊട്ടു ചേർന്നുള്ള ചായ കടയ്ക്കും നേരെയാണ് ഇന്നലെ പുലർച്ചെ ഒന്നരയോടെ ചക്ക കൊമ്പൻ എന്ന് വിളിക്കുന്ന ഒറ്റയാന്റെ ആക്രമണമുണ്ടായത്. ബെന്നിയും ഭാര്യ മോളിയും മാത്രമാണ് ഇൗ സമയം വീട്ടിലുണ്ടായിരുന്നത്.
ബെന്നി കിടന്ന കട്ടിലിനോട് ചേർന്നുള്ള ജനലും ഭിത്തിയും ഒറ്റയാൻ കുത്തി മറിച്ചു. തകർന്ന ഭിത്തിയുടെ ഭാഗങ്ങൾ പതിച്ച് ബെന്നിയുടെ കാലിന് പരുക്കേറ്റു. തുമ്പിക്കൈ കൊണ്ട് ഒറ്റയാൻ മുറിക്കകത്ത് തപ്പി നോക്കിയെങ്കിലും ബെന്നി കട്ടിലിന്റെ അടിയിൽ കയറി ഒളിച്ചതിനാൽ ദുരന്തം ഒഴിവായി.തുടർന്ന് ബെന്നിയും ഭാര്യയും വീടിന്റെ പിൻവശത്തെ വാതിൽ തുറന്ന് പുറത്തേക്ക് ഓടി രക്ഷപെട്ടു.

പരുക്കേറ്റ ബെന്നിയെ രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ബിഎൽ റാം ടൗണിനോട് ചേർന്നുള്ള ബെന്നിയുടെ വീടും കടയും കാട്ടാന തകർത്തതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. ഒട്ടേറെ വീടുകളാണ് ഇൗ പ്രദേശത്തുള്ളത്. വിവിധ സർക്കാരുകളുടെ കാലത്ത് ആനശല്യം കുറയ്ക്കാൻ പല പദ്ധതികളും പ്രഖ്യാപിച്ചു കോടികൾ ചെലവഴിച്ചെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല. അതിനെക്കുറിച്ചു നാളെ
കാട്ടാനക്കൂട്ടം കൊലപ്പെടുത്തിയ ശക്തിവേലിന്റെ സംസ്കാരം നടത്തി
പൂപ്പാറ ∙ കാട്ടാനക്കൂട്ടം കൊലപ്പെടുത്തിയ വനം വകുപ്പ് വാച്ചർ ശക്തിവേലിന്റെ സംസ്കാരം കോഴിപ്പനക്കുടിയിലെ വീട്ടുവളപ്പിൽ നടത്തി. ശക്തിവേലിന്റെ കുടുംബത്തിനു സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തുകയുടെ ആദ്യ ഗഡുവായി 5 ലക്ഷം രൂപയുടെ ചെക്ക് ഡീൻ കുര്യാക്കോസ് എംപി, എ.രാജ എംഎൽഎ എന്നിവർ ചേർന്ന് അദ്ദേഹത്തിന്റെ ഭാര്യ ശാന്തിക്കു കൈമാറി. ശക്തിവേലിന്റെ കുടുംബാംഗത്തിനു ജോലി നൽകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ, ശക്തിവേലിന്റെ മൃതദേഹത്തോട് ചില വനം വകുപ്പ് ഉദ്യോഗസ്ഥർ അനാദരം കാട്ടിയെന്ന പരാതിയിൽ അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. പൊലീസ് എത്തും മുൻപ് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ശക്തിവേലിന്റെ മൃതദേഹം വേഗത്തിൽ സംഭവസ്ഥലത്തുനിന്നു മാറ്റാൻ ശ്രമിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിനു കാരണമായിരുന്നു.
വാച്ചറുടെ മരണത്തിൽ വനംവകുപ്പ് വീഴ്ച പരിശോധിക്കണം: സിപിഎം
വന്യജീവി ആക്രമണ മേഖലയിൽ വനം വകുപ്പ് സ്വീകരിക്കുന്ന മനുഷ്യത്വരഹിതമായ നടപടികൾ തുടരാൻ അനുവദിക്കില്ലെന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം. ക്രൂരമായ സമീപനമാണ് വനം വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും തുടർച്ചയായി ഉണ്ടാകുന്നത്. മൂന്നാറിലും, ശാന്തമ്പാറ പന്നിയാറിലും ആന ശല്യത്തിൽ ഭയചകിതരായി കഴിയുന്നവരോടു ഉദ്യോഗസ്ഥർ മര്യാദയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നത്. ആന കുത്തി കൊലപ്പെടുത്തിയ ശക്തിവേലിന്റെ മാതാവിനെ മകന്റെ മൃതശരീരം പോലും കാണാൻ അനുവദിക്കാത്ത വനം വകുപ്പിന്റെ നടപടിയും നിന്ദ്യവുമാണ്.
ഇത്തരം ഉദ്യോഗസ്ഥ മേധാവിത്വം തുടരാൻ അനുവദിക്കില്ല. ശക്തിവേലിന്റെ മരണത്തിൽ വനംവകുപ്പിന്റെ വീഴ്ച പരിശോധിക്കണം. മൂന്നാറിൽ ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ വാഹനത്തിന്റെ ഹോൺ മുഴക്കിയ ഡ്രൈവർക്കെതിരെ എടുത്ത കേസ് പിൻവലിക്കണം. ജനങ്ങൾക്ക് വന്യജീവി ആക്രമണത്തിൽ നിന്ന് സംരക്ഷണം കൊടുക്കാൻ ബാധ്യസ്ഥരായ ഉദ്യോഗസ്ഥർ ജനങ്ങളെ പ്രതിസ്ഥാനത്ത് നിർത്തുന്ന നീക്കം അനുവദിക്കില്ല.
ആനയെ ജനവാസ കേന്ദ്രങ്ങളിൽ നിന്നും മാറ്റാനുള്ള ഊർജിത ശ്രമം നടത്തേണ്ടതിനു പകരം ആനകൾക്ക് ചില്ലിക്കൊമ്പൻ, അരിക്കൊമ്പൻ എന്നെല്ലാം പേരുകൾ ഇട്ട് വാർത്തകളിൽ ഇടം പിടിക്കാനുളള നിലവാരമില്ലാത്ത പ്രവർത്തനങ്ങളാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. വനം വകുപ്പ് മന്ത്രി ജില്ല സന്ദർശിച്ച് ഉദ്യോഗസ്ഥ അഴിഞ്ഞാട്ടത്തിനു അറുതി വരുത്താൻ ശക്തമായ നടപടികൾ സ്വീകരിക്കണം. ഇക്കാര്യം സിപിഎം സംസ്ഥാന നേതൃത്വത്തെയും വനം വകുപ്പ് മന്ത്രിയെയും അറിയിച്ചിട്ടുണ്ടെന്നും ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പറഞ്ഞു.