ADVERTISEMENT

കുമളി∙ നാടിന്റെ വികസനത്തിനു സഹായം തേടി മ്ലാമല ഫാത്തിമ സ്കൂളിലെ കുട്ടികൾ വീണ്ടും കോടതിക്ക് കത്തെഴുതി. റോഡുകളുടെ അറ്റകുറ്റപ്പണികളിൽ കോടതി ഇടപെടൽ തേടിയാണ് ഇത്തവണത്തെ കത്ത്. പ്രളയത്തിൽ തകർന്ന 2 പാലങ്ങളുടെ നിർമാണം ഹൈക്കോടതി ഇടപെടലിലൂടെയാണ് യാഥാർഥ്യമായത്. ഇതാണ് റോഡുകളുടെ കാര്യത്തിലും കോടതിയെ സമീപിക്കാൻ കുട്ടികൾക്കു പ്രേരണയായത്.

ഇപ്പോൾ നിർമാണം നടക്കുന്ന ശാന്തിപ്പാലം, നൂറടിപ്പാലങ്ങൾക്കൊപ്പം പുതുക്കിപ്പണിയേണ്ട റോഡുകളുടെ അവസ്ഥ ചൂണ്ടിക്കാട്ടി ജില്ലാ ജഡ്ജി കെ.ടി. നിസാർ അഹമ്മദിനാണ് വിദ്യാർഥികൾ ഇത്തവണ കത്ത് അയച്ചിരിക്കുന്നത്. നസ്രിയ നസീർ,അശ്വിൻ ശശി, ആൻ മരിയ ജോസഫ്, സച്ചിൻ പി. മാത്യു എന്നീ വിദ്യാർഥികളാണ് കത്ത് തയാറാക്കിയത്. 

കത്ത് ഇങ്ങനെ, 

ഞങ്ങളുടെ സ്വപ്നമായിരുന്ന ശാന്തിപ്പാലവും നൂറടിപ്പാലവും വൈകാതെ ഗതാഗതയോഗ്യമാകുമെന്നതിൽ ഒരുപാട് സന്തോഷമുണ്ട്. ഇഴഞ്ഞുനീങ്ങിയ പാലങ്ങളുടെ ജോലികൾ വേഗത്തിലാക്കാൻ ഇടപെടൽ നടത്തിയ അങ്ങേയ്ക്കു  നന്ദി പറയുന്നു. കോടതിയുടെ നിരന്തരമായ ഇടപെടലുകളും അങ്ങയുടെ സന്ദർശനവുമാണ് ഞങ്ങളുടെ നാടിന്റെ പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരം നൽകിയത്. പത്രമാധ്യമങ്ങൾ അത് ഏറെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ‘ഹൈക്കോടതി ഈ നാടിന്റെ ഐശ്വര്യം’ എന്ന തലക്കെട്ടോടെയാണ് ഈ വാർത്ത അച്ചടിച്ചുവന്നത്.

നാടിന്റെ നീറുന്ന പ്രശ്നങ്ങളിൽ കോടതിയും ലീഗൽ സർവീസ് അതോറിറ്റിയും എപ്പോഴും കൂടെയുണ്ടെന്നതാണ് ഞങ്ങളുടെ ആശ്വാസം. പാലങ്ങൾ പൂർത്തിയാകുമ്പോഴും സ്കൂളിലേക്കുള്ള ഞങ്ങളുടെ യാത്ര ഇപ്പോഴും കഷ്ടപ്പാടുകൾ നിറഞ്ഞതാണ്. പാലത്തിലേക്കു നയിക്കുന്ന റോഡുകളുടെ സ്ഥിതി വളരെ മോശമാണ്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ സഞ്ചരിക്കുന്ന വണ്ടിപ്പെരിയാർ - തേങ്ങാക്കൽ - ഏലപ്പാറ റോഡ്, മ്ലാമല - മുലാർ - വെള്ളാരംകുന്ന് -കുമളി റോഡ്, എലപ്പാറ- ഹെലിബറിയ - മ്ലാമല റോഡ്, മ്ലാമല - ശാന്തിപ്പാലം -ചപ്പാത്ത് റോഡ് എന്നിവ തകർന്ന അവസ്ഥയിലാണ്. പലയിടങ്ങളിലും കാൽനടയാത്ര പോലും ദുഷ്കരമാണ്.

ചുരുക്കത്തിൽ ഞങ്ങൾക്ക് സ്കൂളിലേക്ക് പോകാൻ നല്ല ഒരു റോഡ് പോലുമില്ല. എന്തെങ്കിലും ആശുപത്രി ആവശ്യങ്ങൾ ഉണ്ടായാൽ ഈ ദുർഘടമായ റോഡുകൾ താണ്ടി അവിടെ എത്തുമ്പോഴേക്കും സമയം ഒരുപാട് വൈകും.പ്രധാനമന്ത്രിയുടെ പദ്ധതി പ്രകാരം നിർമിക്കുന്ന പാമ്പനാർ - ലാഡ്രം - മ്ലാമല റോഡിന്റെ ജോലികൾ വളരെ സാവധാനമാണ് നടക്കുന്നത്. പാമ്പനാറിൽ നിന്നു വളരെയെളുപ്പം മ്ലാമലയിൽ എത്താൻ സാധിക്കുമെന്നതിനാൽ ഈ റോഡ് വന്നാൽ അത് ഏറെ ആശ്വാസമാകും.

റോഡിന്റെ ശോച്യാവസ്ഥ വിവരിച്ചു മൂവായിരം പേർ ഒപ്പിട്ട് മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പിനും മനുഷ്യാവകാശ കമ്മിഷനും കത്ത് നൽകിയിട്ടും പ്രയോജനമുണ്ടായില്ല. അതുകൊണ്ടുകൂടിയാണ് അങ്ങേക്ക് ഈ കത്ത് എഴുതാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. 2019ൽ ലീഗൽ സർവീസസ് അതോറിറ്റി മ്ലാമലയിൽ നടത്തിയ അദാലത്തിൽ നാട്ടുകാരും വിദ്യാർഥികളും ഒരുപോലെ ആവശ്യപ്പെട്ട കാര്യമായിരുന്നു റോഡുകളുടെ അറ്റകുറ്റപ്പണി. പിന്നീട് ഹൈക്കോടതിയുടെ വിധിയിലും റോഡുകളെക്കുറിച്ചു പരാമർശിച്ചിരുന്നു.

എന്നാൽ, അദാലത്തിനു രണ്ടാഴ്ച മുൻപ് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ റോഡുകൾ താത്കാലികമായി ഗതാഗതയോഗ്യമാക്കുകയാണുണ്ടായത്.ഈ സാഹചര്യത്തിൽ റോഡ് നിർമാണം വേഗത്തിലാക്കുന്നതിനും തകർന്നു കിടക്കുന്ന റോഡുകൾ പുനരുദ്ധാരണം നടത്തി ഗതാഗതയോഗ്യമാക്കാനും വേണ്ട ഇടപെടലുകൾ നടത്തണമെന്ന് അഭ്യർഥിക്കുന്നു. പ്രതീക്ഷയോടെ, നന്ദിയോടെ നസ്രിയ നസീർ, അശ്വിൻ ശശി, ആൻ മരിയ ജോസഫ്, സച്ചിൻ പി. മാത്യു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com