ADVERTISEMENT

തൊടുപുഴ ∙ ജലാശയങ്ങൾ ഏറെയുള്ള ജില്ല ജലസുരക്ഷയിൽ പിന്നിൽത്തന്നെ. ഞായറാഴ്ച തൊടുപുഴയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ടു മുങ്ങിമരിച്ച സംഭവമാണ് ഒടുവിലത്തേത്. മണക്കാട് കടവിൽ കുളിക്കാനിറങ്ങിയ എറണാകുളം പൂക്കാട്ടുപടി തേവയ്ക്കൽ സുരഭി ഹൗസിൽ ആദിത്യ കൃഷ്ണ (16) ആണു മരിച്ചത്.

 

ഒരു വർഷത്തിനിടെ ജില്ലയിൽ 26 മുങ്ങി മരണങ്ങളാണു റിപ്പോർട്ട് ചെയ്തത്. ഇതിൽ പലരും മറ്റു സ്ഥലങ്ങളിൽ നിന്നെത്തിയ സ്ഥല പരിചയമില്ലാത്തവരാണ്.  ഡാമുകളും ജലാശയങ്ങളും മുതൽ പാറക്കുളങ്ങളും കിണറുകളും വരെ മരണക്കയങ്ങളായി മാറുമ്പോഴും വേണ്ടത്ര ജാഗ്രത ഉണ്ടാകുന്നില്ല. 

 

നീന്തൽ വശമില്ലാഞ്ഞിട്ടും പുഴകളിലും ജലാശയങ്ങളിലും കുളിക്കാൻ ഇറങ്ങി അപകടത്തിൽപെടുന്നവർ ഏറെയുണ്ട്. പല അപകട മേഖലകളിലും മതിയായ സൂചനാ ബോർഡുകളോ മറ്റു മുന്നറിയിപ്പു സംവിധാനങ്ങളോ അധികൃതർ സ്ഥാപിച്ചിട്ടില്ല. മുങ്ങിമരണങ്ങൾ ആവർത്തിക്കാതിരിക്കാൻ ശരിയായ ബോധവൽക്കരണം ആവശ്യമാണ്. വിദ്യാർഥികളെ ശാസ്ത്രീയമായി നീന്തൽ അഭ്യസിപ്പിക്കുന്നതും പ്രഥമശുശ്രൂഷാ പരിശീലനം നൽകുന്നതും അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും. 

 

മുങ്ങിമരണങ്ങളുടെ വേനൽക്കാലം

 

മുൻ വർഷങ്ങളിൽ വേനൽക്കാലത്താണു കൂടുതൽ മുങ്ങി മരണങ്ങളുണ്ടായത്. ആഴക്കയങ്ങളിൽ അകപ്പെടുന്നതിലേറെയും വിദ്യാർഥികൾ. അവധിക്കാലത്തു വിവിധയിടങ്ങളിൽ നീന്തൽ പരിശീലനങ്ങളും ബോധവൽക്കരണവും നടക്കുന്നുണ്ട്. 

 

പക്ഷേ, ജലാശയങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങൾക്കു കുറവില്ല. അവധിക്കാലങ്ങളിൽ ബന്ധുവീടുകളിൽ സന്ദർശനത്തിനെത്തുന്നവരാണു കൂടുതലും അപകടങ്ങളിൽ പെടുന്നത്. സ്ഥലം പരിചയമില്ലാത്തതാണു  മുഖ്യകാരണം. തദ്ദേശീയരും വിനോദസഞ്ചാരികളും അപകടത്തിൽപെട്ട സംഭവങ്ങളും ഏറെയുണ്ട്. ജാഗ്രതക്കുറവും സുരക്ഷിതത്വ ബോധമില്ലായ്മയുമാണ് അപകടങ്ങൾ ആവർത്തിക്കാൻ പ്രധാന കാരണം. ജലാശയങ്ങളിലും പുഴകളിലും പതിയിരിക്കുന്ന അപകടക്കെണികൾ തിരിച്ചറിയാതെ പോകുന്നതും ദുരന്തങ്ങൾക്കു വഴിതെളിക്കുന്നു. 

 

കൂട്ടുകാരൊത്തു കുട്ടികൾ പുഴയിലിറങ്ങി സാഹസികത കാട്ടുന്നതും നീന്തലറിയാത്തവർ അതു മറച്ചുവച്ചു കൂട്ടുകാർക്കൊപ്പം പുഴയിലിറങ്ങുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നതായി അധികൃതർ പറയുന്നു. വെള്ളത്തിൽ വീണ് അപകടമുണ്ടാകുമ്പോൾ പെട്ടെന്നു രക്ഷാപ്രവർത്തനം നടത്താൻ സാധിക്കാതെ വരുന്നതും വെല്ലുവിളിയാണ്.

 

ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ 

 

∙ മദ്യപിച്ചോ, ലഹരി വസ്തുക്കൾ ഉപയോഗിച്ച ശേഷമോ ജലാശയങ്ങളിൽ ഇറങ്ങരുത്.

∙ നന്നായി നീന്തൽ അറിയാമെങ്കിലും പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങരുത്. 

∙ നീന്തൽ അറിയാത്തവർ, നീന്തൽ അറിയാവുന്ന സുഹൃത്തുക്കൾ ഒപ്പമുണ്ടെന്ന വിശ്വാസത്തിൽ പുഴയിലിറങ്ങരുത്. എല്ലാ സാഹചര്യങ്ങളിലും ഒഴുക്കിൽപെട്ടാൽ രക്ഷിക്കാനാകില്ല.

∙ വള്ളത്തിൽ യാത്ര ചെയ്യുന്നത് ഇരുന്നു മാത്രം.

∙ അപസ്മാരം, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവയുള്ളവർ വെള്ളത്തിൽ ഇറങ്ങരുത്.

∙ വീടിനു സമീപത്തുള്ള കിണറുകൾക്കും കുളങ്ങൾക്കും ഉയരമുള്ള സംരക്ഷണഭിത്തി കെട്ടുക. കിണറുകൾ ഇരുമ്പു വലകൊണ്ടു മൂടുക. 

∙ കുട്ടികളെ തനിയെ ജലാശയങ്ങളിലേക്കു പോകാൻ അനുവദിക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com