രാജകുമാരി ∙ വട്ടപ്പാറ കാറ്റൂതിമേടിലെ അമ്പലത്തിൽ ഉത്സവത്തിനിടെ യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന 5 പ്രതികളെ കൂടി ഉടുമ്പൻചോല പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി വട്ടപ്പാറ കാറ്റുതി സ്വദേശി പാണ്ടിമാക്കൽ റോണി റോയി (22),വട്ടപ്പാറ കാറ്റൂതി സ്വദേശി സൂര്യ വേൽമുരുകൻ (19), വട്ടപ്പാറ പുത്തുകുന്നേൽ അലക്സ് ആഗസ്തി (21), വട്ടപ്പാറ മേക്കോണത്ത് അഖിൽ പുരുഷോത്തമൻ (21),വട്ടപ്പാറ തൊട്ടി കാട്ടിൽ ബേസിൽ ജോയ് (21) എന്നിവരാണ് പിടിയിലായത്.
ബെംഗലൂരിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവരെ കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോൻ , ഉടുമ്പൻചോല എസ്എച്ച്ഒ അബ്ദുൾ ഖനി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അവിടെ എത്തിയാണ് അറസ്റ്റ് ചെയ്ത് നാട്ടിൽ എത്തിച്ചത്. അന്വേഷണ സംഘത്തിൽ എസ്ഐ സജിമോൻ, സിപിഒമാരായ അനീഷ്, സിനോജ് എന്നിവരും ഉണ്ടായിരുന്നു. ആകെ 8 പ്രതികൾ ഉള്ള കേസിൽ 3 പ്രതികളെ സംഭവ ദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു.
ചെമ്മണ്ണാർ സ്വദേശി അരുൺ(22), വട്ടപ്പാറ സ്വദേശി അബിൻ(21), കാറ്റൂതി സ്വദേശി വിഷ്ണു(27) എന്നിവരെയാണ് പൊലീസ് സംഭവ ദിവസം തന്നെ പിടികൂടിയത്. കാറ്റൂതി സ്വദേശി മുരുകൻ (44) നെയാണ് പ്രതികൾ വാക്കത്തി കൊണ്ട് വെട്ടിയത്. മുൻവൈരാഗ്യം മൂലമാണ് പ്രതികൾ മുരുകനെ സംഘം ചേർന്ന് ആക്രമിച്ചത്. ഇരുകൈകൾക്കും ഗുരുതരമായി പരുക്കേറ്റ മുരുകൻ മധുരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിനു ശേഷം നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.