ADVERTISEMENT

തൊമ്മൻകുത്ത് ∙ കാട്ടുമൃഗങ്ങളുടെ ശല്യത്തിൽ പൊറുതിമുട്ടി തൊമ്മൻകുത്തിലെ കർഷകർ. വിനോദസഞ്ചാര കേന്ദ്രമായ തൊമ്മൻകുത്തിൽ ജനവാസ മേഖലയിൽ കുരങ്ങും കാട്ടുപന്നിയും മുള്ളൻപന്നിയും സ്ഥിരം സന്ദർശകരാണ്. കഴിഞ്ഞ ദിവസം തൊമ്മൻകുത്ത് വിനോദസഞ്ചാര കേന്ദ്രത്തിനു സമീപത്തെ താമസക്കാരനായ വാഴപ്പിള്ളിൽ മനോജിന്റ പുരയിടത്തിലെ 4 തെങ്ങുകൾ മുള്ളൻപന്നി നശിപ്പിച്ചു. കൂടാതെ കപ്പയും ചേനയും ഉൾപ്പെടെയുള്ള കിഴങ്ങുവിളകൾ കാട്ടുപന്നിയും മുള്ളൻപന്നിയും തിന്നു നശിപ്പിക്കുന്നത് പതിവായി.

കൊക്കോ, തെങ്ങ് തുടങ്ങിയവയും കൂട്ടമായെത്തുന്ന കുരങ്ങ് നശിപ്പിക്കും. തൊമ്മൻകുത്ത് വിനോദസഞ്ചാര കേന്ദ്രത്തിലെ ഏറുമാടം ഉൾപ്പെടെയുള്ളവ മാസങ്ങൾക്കു മുൻപ് ആന നശിപ്പിച്ചിരുന്നു. ഈ ഏറുമാടം പുനഃസ്ഥാപിക്കാൻ അധികൃതർ നടപടിയും സ്വീകരിക്കുന്നില്ല എന്ന ആരോപണവും നാട്ടുകാർ ഉന്നയിച്ചു. ഇത്തരത്തിൽ കാട്ടുമൃഗങ്ങൾ ജനവാസമേഖലയിൽ എത്തി കൃഷികൾ നശിപ്പിക്കുന്നതിനാൽ പ്രദേശത്തെ നൂറുകണക്കിനു കർഷകർ വലിയ പ്രതിസന്ധിയിലാണ്. ഇപ്പോൾ കാട്ടുമൃഗങ്ങളുടെ ശല്യം കൂടിവരികയാണ്.

അതിനാൽ കർഷകർക്കു തങ്ങളുടെ സ്ഥലത്ത് കൃഷികൾ ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. അതിനാൽ പ്രശ്നത്തിനു ശാശ്വതപരിഹാരം കണ്ടെത്തണമെന്നാണു നാട്ടുകാരുടെ അഭ്യർഥന. ഇതിനിടെ നാട്ടിൽ നിന്നു പിടിക്കുന്ന പാമ്പുകളെയെല്ലാം ഉൾവനത്തിൽ കൊണ്ടുപോയി വിടണമെന്നാണ് നിബന്ധനയെങ്കിലും  ഇവയെയെല്ലാം തൊമ്മൻകുത്ത് വനത്തിലാണു രാത്രികാലങ്ങളിൽ കൊണ്ടുവിടുന്നത്.

ഇതുമൂലം പാമ്പുകളുടെ ശല്യവും തേക്കിൻകൂപ്പിനോടു ചേർന്നുള്ള വീടുകളിൽ രൂക്ഷമാണ്. കൃഷി ചെയ്യാനാകാതെ മറ്റു തൊഴിൽ തേടി പോകേണ്ട ഗതികേടിലാണു കർഷകർ. മൃഗശല്യത്തെപ്പറ്റി കർഷകർ പലതവണ വനം വകുപ്പിൽ പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ല. അടിയന്തരമായി വനത്തോടു ചേർന്നുള്ള സ്ഥലങ്ങളിൽ ജനങ്ങളുടെ രക്ഷയ്ക്കായി വേലികൾ തീർത്ത് ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന ആവശ്യം ശക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com