വണ്ണപ്പുറം ∙ വണ്ണപ്പുറത്ത് വീണ്ടും വാഹനാപകടം. വ്യാഴാഴ്ച രാത്രി കാറും ബൈക്കും കൂട്ടിയിടിച്ച് ഞാറക്കാട് സ്വദേശി അക്കാന്തിരിയിൽ ബെന്നറ്റ് ബെന്നി(19)ക്കാണ് പരുക്കു പറ്റിയത്. വണ്ണപ്പുറം സഹകരണ ബാങ്കിനു മുൻവശത്തു വ്യാഴാഴ്ച രാത്രി 8.45നാണ് അപകടം. യുവാവിനെ തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വണ്ണപ്പുറം മേഖലയിൽ അപകടങ്ങൾ ദിനം പ്രതി വർധിക്കുമ്പോൾ മോട്ടർ വാഹന വകുപ്പും പൊലീസും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന പരാതി ശക്തമാണ്. കഴിഞ്ഞ ദിവസം സ്കൂട്ടർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക് പറ്റി.
അതിനു മുൻപ് കാറും പിക്കപ് വാനും കൂട്ടിയിടിച്ച് സ്ത്രീക്ക് പരുക്കേറ്റു. ഇതിനു മുൻപും മേഖലയിൽ അപകടങ്ങൾ നടന്നിരുന്നു. ഗതാഗത പരിഷ്കാരത്തിലെ അപാകതയും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് അപകടത്തിന് ഇടയാക്കുന്നതെന്ന പരാതി ശക്തമാണ്.