ADVERTISEMENT

രാജകുമാരി ∙ ‘ശക്തിവേലുണ്ടായിരുന്നപ്പോൾ കാട്ടാന വന്നാലും ഒരു ധൈര്യമുണ്ടായിരുന്നു, ഏതു രാത്രിയിലും ഫോൺ‍ വിളിച്ചാൽ സ്കൂട്ടറിൽ പാഞ്ഞുവന്ന് ആനയെ ബഹളം വച്ച് കാട്ടിലേക്കു തുരത്തുമായിരുന്നു...’ പന്നിയാർ സ്വദേശിയായ ആന്റണി ഇത് പറയുമ്പോൾ മുഖത്ത് നിരാശ നിഴലിച്ചു. 2 ആഴ്ച മുൻപാണ് കാട്ടാനയാക്രമണത്തിൽ ശക്തിവേൽ കൊല്ലപ്പെട്ടത്.

ശക്തിവേലിനെ പോലെ 23 വാച്ചർമാരാണ് സ്വന്തം ജീവൻ പണയം വച്ച് നാട്ടുകാരെ കാട്ടാനയാക്രമണങ്ങളിൽ നിന്നു രക്ഷിക്കാൻ ദേവികുളം റേഞ്ചിൽ രാപകൽ ജോലി ചെയ്യുന്നത്. ആദിവാസി വിഭാഗത്തിൽ പെട്ട തദ്ദേശീയരായ ഇൗ വനം വകുപ്പ് വാച്ചർമാർക്ക് പക്ഷേ ആന വലുപ്പത്തിലുള്ള പ്രാരബ്ധങ്ങൾ മാത്രമാണ് സ്വന്തമായുള്ളത്. ജില്ലയിൽ വനാതിർത്തികളിൽ ജോലി ചെയ്യുന്ന എല്ലാ വനം വകുപ്പ് വാച്ചർമാരുടെയും അവസ്ഥ ഇത് തന്നെയാണ്.

മുളവടിക്ക് പോലും അലവൻസില്ല!

വന്യ മൃഗങ്ങളിൽ നിന്നു നാടിനും നാട്ടുകാർക്കും സംരക്ഷണം നൽകേണ്ട വനം വകുപ്പ് വാച്ചർമാർക്ക് കൃത്യമായി യൂണിഫോം അലവൻസ് പോലും ലഭിക്കാറില്ല. നല്ല മനസ്സുള്ള ചില ഉന്നത ഉദ്യോഗസ്ഥർ വരുമ്പോൾ ഏതെങ്കിലും ഫണ്ട് വകയിരുത്തി മഴക്കോട്ടും ഷൂസും വാങ്ങി നൽകാറുണ്ടെന്ന് വാച്ചർമാർ പറയുന്നു. വാച്ചർമാരുടെ കയ്യിലുള്ള മുളവടി പോലും അവർ സ്വന്തമായി സംഘടിപ്പിക്കുന്നതാണ്.

Also read: കായൽ കവർന്നെടുത്തു,ആലോകിനെ, നാടിന്റെ നൊമ്പരമായി സന ഫാത്തിമ; ആഘാതത്തിൽ നിന്നു മോചിതരാകാതെ ഉറ്റവർ

രാത്രിയിലും വന്യമൃഗങ്ങളെ തുരത്താൻ പോകാറുള്ള ഇവർക്ക് നല്ല വെളിച്ചമുള്ള ടോർച്ച് പോലും വകുപ്പിൽ നിന്ന് അനുവദിക്കാറില്ല. നാട്ടുകാരുടെ അഭിനന്ദന വാക്കുകളും മേലുദ്യോഗസ്ഥരുടെ പുഞ്ചിരിയും മാത്രം പ്രതീക്ഷിച്ച് നെഞ്ചിൽ നെരിപ്പോടുമായി കഴിയുന്ന കുടുംബാംഗങ്ങളെ പോറ്റാനായി അവർ വന്യമൃഗങ്ങളെ തുരത്തുന്ന ജോലി നിർഭയം തുടരുകയാണ്.

സമയ പരിധിയില്ലാത്ത ജോലി, പക്ഷേ ശമ്പളത്തിന് പരിധികളേറെ

650 മുതൽ 700 രൂപ വരെയാണ് വാച്ചർമാരുടെ ദിവസ വേതനം. പക്ഷേ ജോലിക്കു കൃത്യമായ സമയ പരിധിയില്ല. ചില ദിവസങ്ങളിൽ 24 മണിക്കൂർ തുടർച്ചയായി ജോലി ചെയ്യേണ്ടി വരും. വൈകുന്നേരം മുതൽ പുലർച്ചെ വരെ വനാതിർത്തികളിൽ കാവൽ നിൽക്കേണ്ടി വരാറുണ്ട്. നാട്ടുകാർ എപ്പോൾ ഫോണിൽ വിളിച്ചാലും അവിടെയെത്തണം.

കാട്ടാനയെ മാത്രമല്ല കാട്ടുപന്നി, കാട്ടുപോത്ത് തുടങ്ങി ഒട്ടുമിക്ക വന്യ മൃഗങ്ങളെയും കാട്ടിലേക്കു തുരത്താൻ വാച്ചർമാരെയാണ് നാട്ടുകാർ ആശ്രയിക്കുന്നത്. ഇവർക്കു പക്ഷേ കൃത്യമായ ശമ്പളം നൽകാൻ പോലും വനം വകുപ്പിന് ഫണ്ടില്ല. ചില മാസങ്ങളിൽ ശമ്പളം കുറയുന്നതും വൈകുന്നതും പതിവാണ്.

വനം വകുപ്പിൽ മറ്റെല്ലാ തസ്തികയിലും ജോലി ചെയ്യുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ടെങ്കിലും വന്യജീവികളെ നേരിട്ടു പ്രതിരോധിക്കുന്ന വാച്ചർമാർക്ക് മാത്രം ഇതില്ല. പല വകുപ്പുകളിലും 10 വർഷം വരെ ദിവസ വേതനത്തിൽ ജോലി ചെയ്തവരെ സ്ഥിരപ്പെടുത്താറുണ്ട്. എന്നാൽ രാഷ്ട്രീയ, സംഘടനാ സ്വാധീനങ്ങളില്ലാത്ത വനം വകുപ്പ് വാച്ചർമാർക്ക് ജോലിസ്ഥിരത സ്വപ്നങ്ങളിൽ മാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com