ADVERTISEMENT

തൊടുപുഴ ∙  നൂറുകണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്ന തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ ഒപി ടിക്കറ്റുകൾ ദുരുപയോഗം ചെയ്യുന്നതായി പരാതി. വ്യാജ പേരിൽ ഒപി ടിക്കറ്റെടുത്ത ശേഷം മെഡിക്കൽ സ്റ്റോറിൽ മരുന്ന് വാങ്ങാനെത്തിയ ആളെ കയ്യോടെ പിടികൂടിയെങ്കിലും ബലപ്രയോഗത്തിലൂടെ ഇയാൾ ആശുപത്രി ജീവനക്കാരെ വെട്ടിച്ച് രക്ഷപ്പെട്ടു.കഴിഞ്ഞ ഡിസംബറിലാണ് ഏതാനും പേർ ഇത്തരത്തിൽ വ്യാജമായി മരുന്ന് വാങ്ങുന്നതും ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ തൊടുപുഴയിലെ പൊലീസിനെ വിവരമറിയിക്കുകയും പിന്നീട് രേഖാമൂലം പരാതി നൽകുകയും ചെയ്തെങ്കിലും ഇതുവരെ ആരെയും പിടികൂടാനായിട്ടില്ല.

ഒപിയിൽ നിറയെ രോഗികൾ ക്യൂവിൽ നിൽക്കുമ്പോഴാണു സംഘം തട്ടിപ്പിനെത്തുന്നത്. ഇവർ വ്യാജ പേരിൽ കൗണ്ടറിൽ നിന്ന് ഒപി ടിക്കറ്റ് വാങ്ങും. തുടർന്ന് ഡോക്ടർമാരെ കാണാനെന്ന വ്യാജേന രോഗികൾ ഇരിക്കുന്ന ഭാഗത്തേക്കു മാറിയ ശേഷം ഇവിടെ നിന്നു മുങ്ങും. പിന്നീട് ഇതേ ഒപി ടിക്കറ്റിൽ ഇവർ തന്നെ ഇവർക്ക് ആവശ്യമായ മരുന്നുകൾ എഴുതിച്ചേർക്കും.ഇതുമായി മെഡിക്കൽ സ്റ്റോറുകളിലെത്തി മരുന്ന് വാങ്ങും.

ലഹരിക്കായി മരുന്ന് ഉപയോഗിക്കുന്നവരിൽ നിന്നോ മുൻ അനുഭവങ്ങളിൽ നിന്നോ ആവാം തട്ടിപ്പ് സംഘം ആശുപത്രി കേന്ദ്രീകരിച്ച് ഇത്തരത്തിൽ ശ്രമം നടത്തുന്നതെന്നാണ് വിലയിരുത്തൽ. വ്യാജമായി മരുന്ന് വാങ്ങാനെത്തിയ സംഘം ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാൽ സംഘത്തെ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ജില്ലയിലെ മറ്റു സ്ഥലങ്ങളിലുള്ള ആശുപത്രികളും മെഡിക്കൽ സെന്ററുകൾ കേന്ദ്രീകരിച്ചും ഇത്തരത്തിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ്  സൂചന.

20 ഡോസ് ഇൻജക്‌ഷൻ എടുത്തോ..

ജില്ലാ ആശുപത്രിക്ക് സമീപത്തുള്ള പൊലീസ് നീതി മെഡിക്കൽ സ്‌റ്റോറിൽ കഴിഞ്ഞ ദിവസം സമാന രീതിയിൽ ഒപി ടിക്കറ്റുമായി എത്തിയ ആൾക്ക് വേണ്ടത് കുത്തിവയ്പ്പിനുള്ള മരുന്നായിരുന്നു. എന്നാൽ, 20 ഡോസ് ഇൻജക്‌ഷൻ എന്ന് എഴുതിയിരിക്കുന്നത് കണ്ട ഫാർമസിസ്റ്റിന് സംശയം തോന്നി. ചോദ്യം ചെയ്തപ്പോൾ ടിക്കറ്റ് ഉപേക്ഷിച്ച് ആൾ കടന്നുകളഞ്ഞു. ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിച്ചപ്പോഴാണ് തട്ടിപ്പാണെന്നു വ്യക്തമായത്.

 പല രീതിയിലും ഇത്തരത്തിൽ ഒപി ടിക്കറ്റ് കരസ്ഥമാക്കി മരുന്ന് വാങ്ങുന്നുണ്ടെന്ന് ആശുപത്രി അധികൃതർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇംഗ്ലിഷിൽ പ്രാവീണ്യമില്ലാത്തയാൾ ആശുപത്രി ജീവനക്കാരിയെക്കൊണ്ടും കഴിഞ്ഞ ദിവസം മരുന്ന് കുറിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു.

ഇതിന് പുറമേ രോഗിക്ക് കൂട്ടിരിപ്പിനായെത്തിയ യുവാവിനെ കൊണ്ട് മരുന്നെഴുതിക്കുന്നത് ആശുപത്രി അധികൃതർ കണ്ടെത്തിയിരുന്നു. ഇതോടൊപ്പം മറ്റു രോഗികൾക്കു ഡോക്ടർമാർ കുറിക്കുന്ന ഒപി ടിക്കറ്റിന്റെ ഫോട്ടോസ്റ്റാറ്റ് എത്തിച്ച് മരുന്ന് വാങ്ങാനുള്ള ശ്രമവും നടത്തിയിരുന്നു.ഇത്തരത്തിൽ മരുന്നു കരസ്ഥമാക്കുന്നതിനു പിന്നിൽ ദുരൂഹതയുണ്ടെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com