രാജകുമാരി ∙ ചിന്നക്കനാൽ വില്ലേജ് ഓഫിസിനോടു ചേർന്നു ഡിജിറ്റൽ സർവേ ഓഫിസിനായി തയാറാക്കിയ കെട്ടിടത്തിനു വൈദ്യുതി കണക്‌ഷന് ആവശ്യമായ എതിർപ്പില്ലാരേഖ (എൻഒസി) കലക്ടർ അനുവദിച്ചു. ഒരു മാസം മുൻപാണു കെട്ടിടത്തിനു വൈദ്യുതി കണക്‌ഷനു വേണ്ടി വില്ലേജ് ഓഫിസർ കെഎസ്ഇബി രാജകുമാരി സെക്‌ഷൻ ഓഫിസിൽ അപേക്ഷ നൽകിയത്. എന്നാൽ ചിന്നക്കനാൽ ഉൾപ്പെടെയുള്ള 8 വില്ലേജുകളിൽ വൈദ്യുതി കണക്‌ഷനു റവന്യു വകുപ്പിന്റെ എൻഒസി നിർബന്ധമായതിനാൽ കെഎസ്ഇബി അധികൃതർ വില്ലേജ് ഓഫിസറുടെ അപേക്ഷയിൽ തുടർനടപടി സ്വീകരിച്ചില്ല.
റവന്യു വകുപ്പിന്റെ എൻഒസി വേണമെന്നു വില്ലേജ് ഓഫിസറോടു കെഎസ്ഇബി അധികൃതർ ആവശ്യപ്പെട്ടു. തുടർന്നു വില്ലേജ് ഓഫിസർ ഉടുമ്പൻചോല തഹസിൽദാർക്കു റിപ്പോർട്ട് നൽകി. തഹസിൽദാർ വില്ലേജ് ഓഫിസറുടെ അപേക്ഷ തുടർനടപടികൾക്കായി കലക്ടർക്കു കൈമാറി. കഴിഞ്ഞ 6നാണു കലക്ടറുടെ എൻഒസി ഉത്തരവു ലഭിച്ചത്.ചിന്നക്കനാലിൽ റവന്യു വകുപ്പ് കെട്ടിടത്തിനു വൈദ്യുതി കണക്‌ഷൻ ലഭിക്കാൻ ഇതേ വകുപ്പിന്റെ എൻഒസി ആവശ്യമായി വന്നെങ്കിൽ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ എന്നാണു നാട്ടുകാർ ചോദിക്കുന്നത്.