ADVERTISEMENT

ബിഎൽ റാമിലെ വീട്ടിൽ രാത്രി ഉറങ്ങിക്കിടക്കുമ്പോഴാണു കുന്നത്ത് ബെന്നിയുടെ വീട് കാട്ടാന ഇടിച്ചുതകർത്തത്. രാത്രി ഒന്നരയോടെ എത്തിയ അരിക്കൊമ്പൻ ബെന്നി കിടന്നുറങ്ങിയിരുന്ന മുറിയുടെ ജനാല തകർക്കുകയായിരുന്നു. ഭിത്തിയിൽ നിന്ന് അടർന്ന കല്ലുകൾ വീണതു ബെന്നിയുടെ ദേഹത്ത്. ആദ്യം കരുതിയതു മരം ഒടിഞ്ഞു വീടിനു മുകളിലേക്കു വീണെന്നാണ്. തൊട്ടടുത്ത നിമിഷമാണ് അപ്പുറത്തെ മുറിയിൽ നിന്നു ഭാര്യ മോളിയുടെയും അഞ്ചാം ക്ലാസിൽ പഠിക്കുന്ന കൊച്ചുമകൾ അതുല്യമോളുടെയും നിലവിളി കേട്ടത്. 

ഒരു നിമിഷം ബെന്നിക്ക് ഒന്നും മനസ്സിലായില്ല. എങ്കിലും സ്വബോധം വീണ്ടെടുത്തപ്പോൾ ബെന്നി കണ്ടതു ജനാല പൊളിച്ചു മുന്നിൽ നിൽക്കുന്ന അരിക്കൊമ്പനെയാണ്. ദേഹത്തു കല്ലുകൾ വീണ വേദന ഉണ്ടായിരുന്നെങ്കിലും ബെന്നി കട്ടിലിൽ നിന്ന് ഉരുണ്ട് നിലത്തു വീണ ശേഷം കല്ലുകൾ  ദേഹത്തു വീണ്ടും വീഴാതിരിക്കാൻ കട്ടിലിനടിയിലേക്കു നിരങ്ങിക്കയറുകയായിരുന്നു. അവിടെ നിന്നു പതുക്കെ നിലത്തുകൂടി ഇഴഞ്ഞ് മറ്റൊരു മുറിയിലേക്കു മാറി. അവിടെ നിന്നു തിരിഞ്ഞുനോക്കിയപ്പോൾ ബെന്നി കണ്ടതു തകർന്ന ഭാഗത്തുകൂടി തുമ്പിക്കൈ നീട്ടി കട്ടിലിൽ പരത്തുന്ന അരിക്കൊമ്പനെയാണ്. 

Also read: ശസ്ത്രക്രിയ മാറ്റിവച്ചത് 4 തവണ; ഇനിയും വൈകിപ്പിക്കരുതേ, ഇതൊരു കുരുന്ന് ജീവനാണ്

ഇതേ സമയം കൊച്ചുമകളെയും എടുത്തു മോളി വീടിന്റെ പിൻവാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. വീടു തകർത്ത ശേഷം അരിക്കൊമ്പൻ നേരെ ചെന്നതു ബെന്നിയുടെ ചായക്കടയിലേക്കാണ്. നിമിഷനേരം കൊണ്ടു ചായക്കടയും തവിടുപൊടിയാക്കി. തലനാരിഴയ്ക്കാണ് ഒരു കുടുംബം വൻ ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ടത്.

ഈ ഭീകരദൃശ്യങ്ങൾ നേരിൽ കണ്ട കൊച്ചുമകൾ അതുല്യമോൾക്കു പിറ്റേന്നു കടുത്ത പനിയും ബാധിച്ചു. പരിസരത്തെ വേറെയും 2 വീടുകൾ കാട്ടാന തകർത്തിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ബെന്നിയുടെ വീടും ചായക്കടയും വീണ്ടും പണിതുനൽകിയെങ്കിലും ബിഎൽ റാമിലെ തോട്ടങ്ങളിൽ  ഇപ്പോഴും കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുന്നതിനാൽ പ്രദേശവാസികൾ പേടിയോടെയാണു കിടന്നുറങ്ങുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com