തൊടുപുഴ ∙ വീട്ടിൽ നിന്നു മാൻകൊമ്പ് കണ്ടെടുത്ത കേസ് ഒതുക്കാൻ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് റേഞ്ച് ഓഫിസർ വിജിലൻസ് പിടിയിലായി. തൊടുപുഴ ഫോറസ്റ്റ് റേഞ്ച് ഓഫിസർ ലിബിൻ ജോൺ (38) ആണ് അറസ്റ്റിലായത്.ഓപ്പറേഷൻ കുബേരയുടെ ഭാഗമായി തൊടുപുഴ പൊലീസ് മുതലക്കോടം പഴുക്കാക്കുളത്തുള്ള ഒരു വീട്ടിൽ നടത്തിയ റെയ്ഡിൽ മാൻകൊമ്പിന്റെ കഷണം കണ്ടെത്തിയിരുന്നു.
വീട്ടുടമസ്ഥനെതിരെ വനംവകുപ്പ് കേസെടുത്തു. ഈ കേസിന്റെ ഗൗരവം കുറയ്ക്കാമെന്നും അറസ്റ്റ് ഒഴിവാക്കാമെന്നും വാഗ്ദാനം ചെയ്ത റേഞ്ച് ഓഫിസർ ഒരു ലക്ഷം രൂപയും മദ്യവും ആവശ്യപ്പെട്ടു. മദ്യം ക്വാർട്ടേഴ്സിൽ എത്തിച്ചപ്പോൾ പണം ഉടൻ വേണമെന്നായി. ഒരു ലക്ഷമെന്നതു കുറയ്ക്കാമോ എന്നു വീട്ടുടമസ്ഥൻ ചോദിച്ചെങ്കിലും സമ്മതിച്ചില്ല. തുടർന്നു വിജിലൻസിനെ സമീപിച്ചു റേഞ്ച് ഓഫിസർക്കെതിരെ പരാതി നൽകുകയായിരുന്നു.
വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കോട്ടയം ഈസ്റ്റേൺ റേഞ്ച് എസ്പി വി.ജി.വിനോദ്കുമാറിന്റെ നിർദേശ പ്രകാരം, ഇടുക്കി യൂണിറ്റ് ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ ടിപ്സൺ തോമസ്, ടി.ആർ.കിരൺ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.