കാട്ടാനശല്യം;ഓർമയായി സ്ട്രോബറിമധുരം

Mail This Article
രാജകുമാരി ∙ കാട്ടാനശല്യം കാരണം ചിന്നക്കനാൽ ബിഎൽ റാമിലെ സ്ട്രോബറിമധുരം ഓർമയായി. ഒരു വർഷം മുൻപു വരെ ബിഎൽ റാമിൽ ഒട്ടേറെ സ്ട്രോബറി ഫാമുകൾ ഉണ്ടായിരുന്നെങ്കിലും ഇത്തവണ പി.എ.സോജൻ എന്ന കർഷകൻ മാത്രമാണു സ്ട്രോബറി കൃഷി ചെയ്തത്. കാട്ടാനകളെ പേടിച്ച് 3000 തൈകൾ മാത്രമാണു സോജൻ ഇത്തവണ നട്ടത്. ഒക്ടോബർ, നവംബർ മാസങ്ങളിലാണു സാധാരണയായി സ്ട്രോബറിത്തൈകൾ നടുന്നതെങ്കിലും കാട്ടാനശല്യം രൂക്ഷമായിരുന്നതിനാൽ ആ സമയത്തു തൈകൾ നടാൻ കഴിഞ്ഞില്ല.
ബിഎൽ റാം ടൗണിൽ വരെ കാട്ടാനകൾ ഇറങ്ങിനടക്കുന്നതു പതിവായതോടെയാണു കർഷകർ കൃഷി ഉപേക്ഷിച്ചത്. സ്ട്രോബറി വിളയുമ്പോൾ കൂടുതൽ കാട്ടാനകൾ ഇവിടേക്ക് എത്തുമെന്ന ആശങ്കയും കർഷകർക്കുണ്ട്. ജില്ലയിൽ ബിഎൽ റാം, മൂന്നാർ, വട്ടവട, മറയൂർ, കാന്തല്ലൂർ എന്നിവിടങ്ങളിലാണു സ്ട്രോബറി കൃഷിയുള്ളത്. ഇവിടങ്ങൾ വിനോദസഞ്ചാര മേഖലകളായതിനാൽ സഞ്ചാരികൾ നേരിട്ടു കൃഷിയിടത്തിലെത്തി സ്ട്രോബറി വാങ്ങുന്നതായിരുന്നു കർഷകരുടെ പ്രധാന ലാഭം. ശ്രദ്ധയോടെയുള്ള പരിപാലനം ആവശ്യമുള്ള ഫലവർഗമാണു സ്ട്രോബറി.
പ്ലാസ്റ്റിക് ഷീറ്റ് പുതച്ച വരമ്പുകളിലുണ്ടാക്കിയ സുഷിരങ്ങളിലാണു തൈകൾ നടുന്നത്. പ്ലാസ്റ്റിക് ഷീറ്റിനകത്തു കൂടി ഹോസുകൾ സ്ഥാപിച്ചു ദ്രവരൂപത്തിലുള്ള വളങ്ങൾ നൽകണം. ചെടി നനയ്ക്കുന്നതും ഇങ്ങനെത്തന്നെയാണ്. ഇത്തരത്തിൽ സംരക്ഷിത കൃഷിയിടമൊരുക്കാൻ ഏക്കറിന് അര ലക്ഷം രൂപയിലധികം ചെലവു വരും. ഇത്രയും രൂപ മുടക്കി സ്ട്രോബറി കൃഷി ചെയ്ത് കാട്ടാനയ്ക്കു തിന്നാൻ കൊടുക്കേണ്ട കാര്യമില്ലെന്നാണു ബിഎൽ റാമിലെ കർഷകരുടെ പക്ഷം.