നെടുങ്കണ്ടം ∙ ജോയിന്റ് കൗൺസിൽ മേഖലാ സമ്മേളനത്തിന്റെ പേരിൽ നെടുങ്കണ്ടത്തെ റവന്യു ഓഫിസുകളിൽ ജീവനക്കാർ കൂട്ട അവധിയെടുത്തു. ഇന്നലെയാണ് താലൂക്ക് ഓഫിസ്, വില്ലേജ് ഓഫിസുകൾ, ഭൂ പതിവ് ഓഫിസ്, സർവേ, തിരഞ്ഞെടുപ്പ് വിഭാഗം എന്നിവിടങ്ങളിൽ നിന്നു ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തത്.
മിക്ക ഓഫിസുകളിലും നാമമാത്രമായ ജീവനക്കാരേ ഉണ്ടായിരുന്നുള്ളൂ. ഇത് ഓഫിസുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. നെടുങ്കണ്ടം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഉടുമ്പൻചോല താലൂക്ക് ഓഫിസിൽ ആകെ 67 ജീവനക്കാരിൽ 35 പേരും അവധിയിലായിരുന്നു. ഉച്ചവരെയാണ് ജീവനക്കാർ അവധിയെടുത്തതെങ്കിലും ഉച്ചയ്ക്ക് ശേഷവും മിക്കവരും ഓഫിസിൽ എത്തിയില്ല. മിക്ക ഓഫിസുകളിലും കസേരകൾ കാലിയായിരുന്നു. വിവിധ ആവശ്യങ്ങൾക്കായി ഓഫിസുകളിലെത്തിയവർ നിരാശരായി മടങ്ങി.