ADVERTISEMENT

ചെറുതോണി ∙ വാത്തിക്കുടി പഞ്ചായത്തിലെ വിവിധ മേഖലകളിൽ വീണ്ടും വന്യജീവികളുടെ സാന്നിധ്യം. മുരിക്കാശേരി സേനാപതിയിൽ ഇന്നലെ  പുലിയെ നേരിൽ കണ്ടപ്പോൾ, തോപ്രാംകുടി സ്കൂൾ സിറ്റിയിൽ കടുവയുടേത് എന്നു സംശയിക്കുന്ന കാൽപാടുകളും കണ്ടെത്തി.  പത്ത് ദിവസങ്ങളിലായി വാത്തിക്കുടി മേഖലയിലെ മൂന്നാം ബ്ലോക്ക്, മാലിക്കുത്ത്, ലത്തീൻ പടി തുടങ്ങിയ സ്ഥലങ്ങളിൽ പുലിയുടെ കാൽപാടുകൾ കണ്ടെത്തുകയും പലരും പുലിയെ നേരിട്ട് കാണുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുരിക്കാശേരി സേനാപതിയിൽ ഓലിക്കൽ വിഷ്ണു നാരായണൻ എന്നയാൾ പുലിയെന്നു സംശയിക്കുന്ന ജീവിയെ  കണ്ടത്. രാത്രി ഒൻപതോടെ സേനാപതിയിൽ നിന്നും മടങ്ങും വഴിയാണ് സംഭവം.

തോപ്രാംകുടി ഭാഗത്ത് കണ്ടെത്തിയ കാൽപ്പാടുകൾ

ഉടൻ തന്നെ വിഷ്ണു പ്രദേശവാസികളെ വിവരം അറിയിക്കുകയും സ്ഥലത്ത് പരിശോധന നടത്തുകയുമായിരുന്നു. പ്രദേശത്ത് നിന്നും കാൽപാടുകൾ കണ്ടെത്തിയെങ്കിലും വന്യജീവിയെ കാണാനായില്ല. വിവരം അറിയിച്ചതോടെ വനം വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. തോപ്രാംകുടി സ്കൂൾ സിറ്റി മേഖലകളിലും ഇന്നലെ വന്യജീവിയുടെ കാൽപാടുകൾ കണ്ടെത്തിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. വെള്ളിയാഴ്ച രാത്രിയിലാണ് തുണ്ടിയിൽ വിജയന്റെ വീടിനോടു ചേർന്ന് കടുവയുടേതിനു സമാനമായ കാൽപാടുകൾ കണ്ടെത്തിയത്. വന്യജീവികളുടെ സാന്നിധ്യം ശ്രദ്ധയിൽ പെട്ട വിവിധ മേഖലകളിൽ ഇന്നലെ മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശനം നടത്തി.

കെണി ഒരുക്കാൻ വനം വകുപ്പ്

ചെറുതോണി ∙ വാത്തിക്കുടിയിൽ പുലിയുടെ സാന്നിധ്യം ശ്രദ്ധയിൽ പെട്ട സ്ഥലത്ത് കെണി ഒരുക്കാൻ വനം വകുപ്പ് ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് കോട്ടയം ഡിഎഫ്ഒ ചീഫ് വൈൽഡ് ലൈഫ് വാർഡനു ശുപാർശ നൽകി. വാത്തിക്കുടിയിലും ഇരട്ടയാർ മേഖലയിലും പത്ത് ഇടങ്ങളിലാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ഇവയിലെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരിക്കും കൂട് സ്ഥാപിക്കുന്നത്. കെണി ഒരുക്കുന്നതിന്റെ ഭാഗമായി ഏതാനും ദിവസങ്ങൾക്കുള്ളിൽ വാത്തിക്കുടിയിൽ കൂട് കൊണ്ടു വരുന്നതിനാണ് പദ്ധതി.

അടിമാലി കാംകോ ജംക്‌ഷനിൽ ഇന്നലെ പകൽ എത്തിയ കാട്ടുപന്നി

കാംകോ ജംക്‌ഷനിൽ കാട്ടുപന്നി

അടിമാലി ∙ അടിമാലി ടൗണിൽ കാംകോ ജംക്‌ഷനിൽ കാട്ടുപന്നി എത്തിയത് പരിഭ്രാന്തി  പരത്തി. രാവിലെ 9 മണിയോടെയാണ് പന്നി  ജംക്‌ഷനിലേക്ക് എത്തിയത്.  കാൽനട യാത്രികർ ഉൾപ്പെടെയുള്ളവർ ആക്രമണം ഏൽ‌ക്കാതെ ഓടി മാറുകയായിരുന്നു. ഇതിനിടെ 2 ഇരു ചക്ര വാഹനങ്ങൾ കാട്ടുപന്നി മറിച്ചിട്ടു. തുടർന്ന് സമീപത്തുള്ള വീട്ടിലേക്ക് ഓടിക്കയറാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.ഇതോടെ വീട്ടിൽ നിന്ന് തിരികെ റോഡിലെത്തി സമീപത്തുള്ള കൃഷിയിടത്തിലേക്ക് മറഞ്ഞു.  ടൗണിലും പരിസര പ്രദേശങ്ങളിലും കാട്ടുപന്നി ശല്യം വർധിക്കുന്നതു സംബന്ധിച്ച് കഴിഞ്ഞ ദിവസം മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

ബിഎസ്എൻഎൽ റോഡ്, മന്നാങ്കാല, കാംകോ, കോയിക്കകുടി, ചിന്നപ്പാറ ഉൾപ്പെടെ വിവിധ മേഖലകളിൽ കാട്ടുപന്നി ശല്യം വർധിക്കുകയാണ്. കാർഷിക വിളകളും തന്നാണ്ട് കൃഷികളും വ്യാപകമായാണ്  നശിപ്പിക്കുന്നത്.ഇതോടെ കപ്പ, വാഴ, പച്ചക്കറി തുടങ്ങിയ തന്നാണ്ട് വിളകളുടെ കൃഷിയിൽ നിന്ന് കർഷകർ പിന്തിരിയുകയാണ്. കാട്ടുപന്നികളെ കൊല്ലുന്നതിന് വനം വകുപ്പിനും പഞ്ചായത്തിനും സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ല. പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പന്നിശല്യം പകൽ സമയത്ത് ടൗണിലേക്കും വ്യാപിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com