കൂട്ടാർ ∙ കരുണാപുരത്ത് പെയ്ത വേനൽ മഴയിൽ ആലിപ്പഴം. ഇന്നലെ 2.50ന് ശേഷം പെയ്ത മഴയിലാണ് ആലിപ്പഴം പെയ്തിറങ്ങിയത്. കേരള തമിഴ്നാട് അതിർത്തിയിലും ആലിപ്പഴ മഴ പെയ്തു. കടുത്ത ചൂടിനിടയിലും ആലിപ്പഴം പെയ്തുള്ള വേനൽമഴ ആശ്വാസമായി. അടുത്തിടെയൊന്നും ഇതുപോലെ ആലിപ്പഴം കിട്ടിയിട്ടില്ലെന്ന് കർഷകരും പറഞ്ഞു.
കൃഷിയൊക്കെ കരിഞ്ഞുണങ്ങി, കുടിവെള്ളത്തിന് കടുത്ത ക്ഷാമം നേരിട്ടിരുന്നു. മഴ കിട്ടിയതോടെ താപനിലയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര മേഖലയിൽ കൂടുതൽ മഴയ്ക്കു സാധ്യതയുണ്ട്.