ADVERTISEMENT

ചിന്നക്കനാൽ ∙ അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടുന്നത് ഈ ഞായറാഴ്ച. ശനിയാഴ്ച എന്നായിരുന്നു ആദ്യ തീരുമാനം. ഹയർ സെക്കൻഡറി പരീക്ഷ നടക്കുന്നതും കുങ്കിയാനകൾ എത്താൻ വൈകുന്നതുമാണു തീയതി മാറ്റാൻ കാരണം. ആനയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചാൽ യാത്രകൾ തടസ്സപ്പെടും. ചിന്നക്കനാൽ പഞ്ചായത്തിലെ കുട്ടികൾക്കു ശനിയാഴ്ച പരീക്ഷയ്ക്കായി സ്കൂളിൽ പോകാൻ കഴിയില്ല. വനംവകുപ്പിന്റെ ലോറി കേടായതിനാൽ കുഞ്ചു, സുരേന്ദ്രൻ എന്നീ കുങ്കിയാനകൾ വയനാട്ടിൽ നിന്ന് നാളെയേ എത്തുകയുമുള്ളൂ.

ഒറ്റക്കെട്ടായി തളച്ചിരിക്കും...: അരിക്കൊമ്പനെ തളയ്ക്കാനായി ചിന്നക്കനാലിൽ എത്തിച്ച കുങ്കിയാനകളായ വിക്രമും (ഇടത്ത്) സൂര്യനും (വലത്ത്) തുമ്പിക്കൈകൾ ചേർത്തുപിടിച്ചു നിൽക്കുന്നു. ചിത്രം: റെജു അർനോൾഡ് ∙ മനോരമ
ഒറ്റക്കെട്ടായി തളച്ചിരിക്കും...: അരിക്കൊമ്പനെ തളയ്ക്കാനായി ചിന്നക്കനാലിൽ എത്തിച്ച കുങ്കിയാനകളായ വിക്രമും (ഇടത്ത്) സൂര്യനും (വലത്ത്) തുമ്പിക്കൈകൾ ചേർത്തുപിടിച്ചു നിൽക്കുന്നു. ചിത്രം: റെജു അർനോൾഡ് ∙ മനോരമ

അതേസമയം, മയക്കുവെടി വയ്ക്കുന്നതിനു മുന്നോടിയായുള്ള മോക് ഡ്രിൽ ശനിയാഴ്ച നടത്തും. ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, പൊലീസ്, വനം, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിലാണു തീയതി മാറ്റാൻ തീരുമാനിച്ചത്. ഞായറാഴ്ച പ്രദേശവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി മലയാളം, തമിഴ്, ഗോത്ര ഭാഷയായ ‘കുടി’ എന്നീ ഭാഷകളിൽ അനൗൺസ്മെന്റും നോട്ടിസ് വിതരണവും നടത്തും.

പെരിയകനാലിനു സമീപം തേയിലത്തോട്ടത്തിലൂടെ ജനവാസ മേഖലയിലേക്കു പോകുന്ന കാട്ടാനക്കൂട്ടം.
പെരിയകനാലിനു സമീപം തേയിലത്തോട്ടത്തിലൂടെ ജനവാസ മേഖലയിലേക്കു പോകുന്ന കാട്ടാനക്കൂട്ടം.

ഞായറാഴ്ച ചിന്നക്കനാൽ പരിസരത്തെ റിസോർട്ടുകൾ പ്രവർത്തിക്കുന്നതിനും വിലക്കുണ്ട്. അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിൽ പങ്കെടുക്കുന്ന സൂര്യൻ എന്ന കുങ്കിയാന വയനാട് മുത്തങ്ങയിൽ നിന്ന് ഇന്നലെയെത്തി. മറ്റൊരു കുങ്കിയാനയായ വിക്രം രണ്ടു ദിവസം മുൻപു ചിന്നക്കനാലിൽ എത്തിയിരുന്നു.

മുത്തങ്ങയിൽ നിന്ന് ഇന്നു വൈകിട്ടു യാത്ര തിരിക്കുന്ന കുഞ്ചു, സുരേന്ദ്രൻ എന്നീ കുങ്കിയാനകൾ നാളെ രാവിലെ ചിന്നക്കനാലിൽ എത്തും. നാളെ രാവിലെ ദൗത്യസംഘത്തലവൻ ഡോ. അരുൺ സക്കറിയയുമെത്തും. ദൗത്യസംഘത്തിലുൾപ്പെട്ട വെറ്ററിനറി സർജൻമാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഇന്നു വൈകിട്ടോടെ എത്തും.

കുങ്കിയാനകളുടെ പരിശീലന കാലം മൂന്നു വർഷം, കൂട്ടിലെ പഠനം; കാട്ടിലെ പരീക്ഷ; പാസായാൽ 60 വയസ്സ് വരെ ജോലി

തൊടുപുഴ ∙ മനം മാറ്റം വന്ന ഗുണ്ട നാട്ടിലെ വില്ലന്മാരെ നന്നാക്കാനിറങ്ങിയാലോ? അതാണ് കാട്ടുകൊമ്പന്മാർ കുങ്കിയാനകളാകുമ്പോൾ സംഭവിക്കുന്നത്. കാട്ടിൽ നിന്നു കിട്ടുന്ന കുട്ടിയാനകളെയും മയക്കുവെടി വച്ചു പിടികൂടുന്ന കാട്ടുകൊമ്പൻമാരെയും മെരുക്കിയെടുത്താണു കുങ്കികളാക്കുന്നത്. കാട്ടാനകളെ പിടികൂടാനും മെരുക്കാനും പരിശീലനം കിട്ടിയ ആനകളാണ് കുങ്കിയാനകൾ. മൂന്നു വർഷമാണ് പരിശീലന കാലം. മയക്കുവെടി വച്ച് പിടികൂടുന്ന കാട്ടാനയെ തടികൊണ്ടുള്ള ആനക്കൂട്ടിൽ അടയ്ക്കും.

ആദ്യനാളുകളിൽ കാട്ടാന കൂടു തകർക്കാൻ ശ്രമിക്കും. രണ്ടു പാപ്പാന്മാർക്കായിരിക്കും ചുമതല. ആന മെരുങ്ങാൻ തുടങ്ങിയാൽ പരിശീലനം ആരംഭിക്കും. ആദ്യപടിയായി ചില നിർദേശങ്ങൾ. അനുസരിച്ചാൽ ആനയ്ക്ക് കരിമ്പോ ശർക്കരയോ നൽകും. പിന്നീട് ആനയെ തൊട്ടും തലോടിയും പാപ്പാന്മാർ അടുപ്പമുണ്ടാക്കും. തുടർന്നു കൂട്ടിനു പുറത്തിറക്കി വിദഗ്ധ പരിശീലനം തുടങ്ങും.

3 വർഷത്തോളമാണു ഡോക്ടർമാരുടെയും വനം ഉദ്യോഗസ്ഥരുടെയും മേൽനോട്ടത്തിൽ പരിശീലനം. മറ്റ് ആനകളുമായി ഇടപഴകാൻ അനുവദിക്കും. കാട്ടാനയെ കാണുമ്പോൾ ഭയപ്പെടാതിരിക്കാൻ ഇതു സഹായിക്കും. അടുത്ത പടിയായി പാപ്പാനൊപ്പം കാട്ടിലൂടെ സവാരി നടത്തി കാടുമായി വീണ്ടും ബന്ധം സ്ഥാപിക്കും. പരിശീലനത്തിന്റെ അവസാനപടിയായി ഇവയെ രാത്രി തനിയെ കാട്ടിലേക്ക് അയയ്ക്കും.

തിരിച്ചെത്തുന്നതോടെ അവർ പരിശീലനം സിദ്ധിച്ച കുങ്കിയാനകളാകും. പരിശീലനം പൂർത്തിയാക്കി കുങ്കി ‘സർവീസിൽ’ കയറിയാൽ 60 വയസ്സു വരെ ഇവർ സർക്കാർ ജീവനക്കാരാണ്! 60–ാം വയസ്സിൽ വിരമിക്കും. പിന്നീട് കേരളത്തിലെ ഏതെങ്കിലും ആന സംരക്ഷണ കേന്ദ്രത്തിൽ വിനോദസഞ്ചാരികളെയും കണ്ട് വിശ്രമിക്കാം. സാധാരണയായി നാട്ടിലിറങ്ങുന്ന കാട്ടാനകളെ തിരിച്ചു കാട്ടിലേക്ക് ഓടിക്കാനാണു കുങ്കിയാനകളെ ഉപയോഗിക്കാറുള്ളത്.

മുറിവേറ്റു വീഴുന്ന ആനകളെ രക്ഷിക്കാനും നേരെ നിൽക്കാ‍ൻ ബുദ്ധിമുട്ടുള്ള കാട്ടാനകളെ താങ്ങി നിർത്താനും കുങ്കിയാനകളെ ഉപയോഗിക്കുന്നു. വാരിക്കുഴിയിലോ പൊട്ടക്കുളത്തിലോ ചതുപ്പിലോ അകപ്പെട്ടുപോയ ആനകളുടെ രക്ഷകരായും കുങ്കിയാനകൾ അവതരിക്കാറുണ്ട്. മയക്കുവെടി വച്ചു വീഴ്ത്തുന്ന കാട്ടാനകളുടെ ‘കെയർടേക്കറും’ കുങ്കിയാനകൾ തന്നെ.

ചിന്നക്കനാലിൽ ചുറ്റിത്തിരിയുന്നത് ചക്കക്കൊമ്പൻ, മുറിവാലൻ, പിടിയാനകൾ

രാജകുമാരി ∙ അരിക്കൊമ്പനെ പിടികൂടാൻ സർവസജ്ജമായി വനം വകുപ്പ് കെണിയൊരുക്കി കാത്തിരിക്കുമ്പോൾ ചിന്നക്കനാൽ മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ വേറെയും കാട്ടാനകൾ ചുറ്റിത്തിരിയുകയാണ്. 

ചക്കക്കൊമ്പൻ

ചക്ക തിന്നാൻ വേണ്ടി മാത്രം പുരയിടങ്ങളിൽ കയറിയിറങ്ങുന്ന ഒറ്റയാൻ. തുമ്പിക്കൈ എത്തുന്ന ഉയരത്തിലാണു ചക്ക എങ്കിൽ പ്ലാവ് രക്ഷപ്പെട്ടു. അല്ലെങ്കിൽ വലിയ പ്ലാവുകൾ വരെ ചക്കക്കൊമ്പൻ കുത്തി മറിച്ചിടും. ഇവനെ പേടിച്ച് പ്ലാവുകളിൽ വിരിഞ്ഞു വരുന്ന ചക്ക വെട്ടിക്കളയുകയാണു നാട്ടുകാർ. കഴിഞ്ഞ ദിവസം ആനയിറങ്കൽ ജലാശയം നീന്തിക്കടന്ന് സിമന്റ്പാലത്തു കുങ്കിയാന വിക്രമിനെ തളച്ചിരിക്കുന്ന സ്ഥലത്തെത്തി ചക്കക്കൊമ്പൻ. 

മുറിവാലൻ കൊമ്പൻ

ചിന്നക്കനാൽ, മൂലത്തുറ മേഖലകളിൽ ചുറ്റിത്തിരിയുന്ന ഒറ്റയാൻ. ഏതാനും ആഴ്ചകളായി മുറിവാലൻ എവിടെയെന്നറിയില്ലെന്നു നാട്ടുകാർ പറയുന്നു. അരിക്കൊമ്പനുള്ള സ്ഥലത്തേക്കു മുറിവാലൻ കൊമ്പൻ വരാറില്ല.‍ അരിക്കൊമ്പനെ പേടിയാണെന്നു പറയുന്നു. ആളുകളെ കുത്തിക്കൊല്ലുകയും വീടുകൾ തകർക്കുകയും വാഹനങ്ങൾ കുത്തി മറിക്കുകയും ചെയ്തിട്ടുണ്ട്.  

പിടിയാനക്കൂട്ടം

പെരിയകനാൽ പിപികെ എസ്റ്റേറ്റിനു സമീപം 10 പിടിയാനകളുടെ കൂട്ടവും കഴിഞ്ഞ ദിവസം വനംവകുപ്പ് വാച്ചർമാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഒറ്റയാന്മാരെ ഭയന്നു കാടിറങ്ങിയ പിടിയാനക്കൂട്ടമാണിതെന്നു നാട്ടുകാർ പറയുന്നു. അരിക്കൊമ്പനും ഇവരുടെ കൂട്ടത്തിലുണ്ട്. മദപ്പാടിന്റെ ലക്ഷണമുള്ളതു കൊണ്ടു മാത്രമാണ് അരിക്കൊമ്പൻ ഇൗ കൂട്ടത്തോടൊപ്പം ചേർന്നത്.

പിടിയാനക്കൂട്ടത്തിൽ ഒരാന രണ്ടു വർഷം മുൻപു ചിന്നക്കനാൽ 301 കോളനിക്കുക് സമീപം വൈദ്യുതാഘാതമേറ്റ് ചരിഞ്ഞിരുന്നു. ആനയുടെ ജഡത്തിനു സമീപത്തു നിന്നു മാറാതെനിന്ന ഒരു വയസ്സുള്ള കുട്ടിയാനയെ മറ്റു പിടിയാനകൾ ഏറെ പണിപ്പെട്ടാണു കൂട്ടിക്കൊണ്ടു പോയത്. തള്ളയാനയായിരുന്നു ചരിഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com