മൂന്നാർ ∙ വട്ടവട കോവിലൂരിൽ റിസോർട്ട് അടിച്ചു തകർത്ത് ഉടമയെ മർദിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വട്ടവട കോവിലൂർ സ്വദേശികളായ അയ്യങ്കാരി വീട്ടിൽ പി.ഷോകേശ് (46), കൊട്ടാൻവാടി തെരുവ് വീട്ടിൽ ബി.ശിവാജി (40) എന്നിവരെയാണ് ദേവികുളം എസ്ഐ എസ്.സുരേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതികളെ ദേവികുളം കോടതി റിമാൻഡ് ചെയ്തു. സംഭവത്തിൽ മൂന്നു പേർ ഒളിവിലാണ്.
മാർച്ച് അഞ്ചിന് രാത്രിയിലാണ് കോവിലൂരിലെ അഭിരാമി റിസോർട്ട് ഒരു സംഘം യുവാക്കൾ ചേർന്ന് അടിച്ചു തകർത്തത്. ഉടമ കോട്ടയം ചിങ്ങവനം സ്വദേശി പി.എ.വാസുദേവനെ (70) മർദിച്ചു പരുക്കേൽപ്പിച്ചിരുന്നു.കോവിലൂർ സ്വദേശിയായ അരുവിരാജിന്റെ വളർത്തുനായ ചത്തതുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. റിസോർട്ടുടമയാണ് നായയെ കൊന്നതെന്നാരോപിച്ചായിരുന്നു സംഘർഷം.