വേനൽ മഴയെത്തിയെങ്കിലും ചൂടിനു കുറവില്ല; മഞ്ഞപ്പിത്തം, ടൈഫോയ്ഡ് രോഗങ്ങൾ പിടിപെടാൻ സാധ്യതയേറെ

idukki news
SHARE

തൊടുപുഴ ∙ വേനൽ മഴയെത്തിയെങ്കിലും ചൂടിനു കുറവില്ല. നാട് ചുട്ടുപൊള്ളുമ്പോൾ നാട്ടുകാരുടെ ആരോഗ്യവും ക്ഷീണത്തിലാണ്. പലവിധ രോഗങ്ങളാൽ ജനം കഷ്ടപ്പെടുകയാണ്. ശുദ്ധജല ലഭ്യത കുറഞ്ഞതോടെ വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ ജലജന്യരോഗങ്ങൾ പിടിപെടാൻ സാധ്യതയേറെയാണെന്നു ആരോഗ്യവിദഗ്ധർ പറയുന്നു. വായുവിലൂടെ പകരുന്ന ചിക്കൻപോക്സ് അടക്കമുള്ള രോഗങ്ങളും ജില്ലയിൽ പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. വൈറൽ പനി ബാധിതരുടെ എണ്ണത്തിലും കുറവില്ല. കരുതലോടെ നീങ്ങിയാൽ പകർച്ചവ്യാധികളിൽ നിന്നു രക്ഷനേടാമെന്ന് അധികൃതർ പറയുന്നു. 

വയറിളക്ക രോഗങ്ങൾ

ഈ മാസം ഇതുവരെ വയറിളക്ക രോഗങ്ങളെത്തുടർന്ന് 585 പേർ ജില്ലയിൽ ചികിത്സ തേടി. രണ്ടര മാസത്തിനിടെ 2500ലേറെ പേർക്കാണ് രോഗം ബാധിച്ചത്.  ജില്ലയിൽ പലയിടങ്ങളിലും ജലക്ഷാമം രൂക്ഷമാണ്. കിണറുകൾ അടക്കമുള്ള ശുദ്ധജല സ്രോതസുകളിലേറെയും വറ്റി. ജലദൗർലഭ്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ വെള്ളം മലിനമാകാനുള്ള സാധ്യതയേറെയാണ്. വെള്ളവും ഭക്ഷണവും വൃത്തിഹീനമാകുമ്പോഴാണ് ജലജന്യരോഗങ്ങൾ കുതിച്ചുയരുന്നത്. 

ചിക്കൻപോക്സ്

ജില്ലയുടെ പല ഭാഗങ്ങളിലും ചിക്കൻപോക്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചൂടു കൂടിയതോടെയാണു രോഗം കൂടുതലായി കണ്ടുതുടങ്ങിയതെന്ന് അധികൃതർ പറയുന്നു. ജില്ലയിൽ ഈയാഴ്ച 17 പേർക്കാണു ചിക്കൻപോക്സ് റിപ്പോർട്ട് ചെയ്തത്. ഈ മാസം ജില്ലയിൽ 87 പേർക്ക് രോഗം പിടിപെട്ടതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. പനി, തലവേദന ലക്ഷണങ്ങളിൽ തുടങ്ങി ശരീരത്തിൽ കുമിളകൾ ഉണ്ടാകുമ്പോഴാണ് പലരും ഈ രോഗം തിരിച്ചറിയുന്നത്. വാരിസെല്ല സോസ്‌റ്റർ എന്ന വൈറസാണ് ചിക്കൻപോക്‌സിനു കാരണമാകുന്നത്. രോഗബാധിതരുടെ സാമീപ്യം വഴി രോഗം പകരും. കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുമ്പോൾ തന്നെ ചികിത്സിക്കുകയാണെങ്കിൽ വളരെ ഫലപ്രദമാണ്.

വൈറൽ പനി

വൈറൽ പനിയെത്തുടർന്നു 205 പേരാണ് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ കഴിഞ്ഞ ദിവസം ചികിത്സ തേടിയത്. ഈ മാസം 3,689 പേർ പനി ബാധിച്ച് ജില്ലയിൽ ചികിത്സ തേടിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഡെങ്കിപ്പനിയെന്നു സംശയിക്കുന്ന കേസുകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. പനി മാറിയാലും ചുമ, തലവേദന, ശരീരവേദന, തൊണ്ടവേദന, മറ്റു ശാരീരിക ബുദ്ധിമുട്ടുകൾ എന്നിവ ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന സ്ഥിതിയുമുണ്ട്. പലർക്കും ദിവസങ്ങളുടെ ഇടവേളകളിൽ പനി ആവർത്തിക്കുകയും ചെയ്യുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA