മൂന്നാർ ∙ തോട്ടം മേഖലയിലെ ലോകകപ്പ് എന്നറിയപ്പെടുന്ന ടാറ്റാ ഫിൻലേ ഫുട്ബോൾ ഫൈനൽ നാളെ മൂന്നിന് പഴയ മൂന്നാർ കെഡിഎച്ച്പി കമ്പനി മൈതാനത്ത് നടക്കും. ഗൂഡാർവിളയും നല്ലതണ്ണിയും തമ്മിലാണ് ഫൈനൽ. ആദ്യ സെമിയിൽ പെനൽറ്റി ഷൂട്ടൗട്ടിൽ ഗൂഡാർവിള 3–0ന് ലാക്കാടിനെയും രണ്ടാം സെമിയിൽ ഷൂട്ടൗട്ടിൽ നല്ലതണ്ണി 6-5 ന് നല്ലതണ്ണി കോൾ സെന്ററിനെയും പരാജയപ്പെടുത്തി.
8 പതിറ്റാണ്ടിന്റെ ചരിത്രം
എട്ടു പതിറ്റാണ്ടു മുൻപ് ബ്രിട്ടിഷ് ഭരണകാലത്താണ് കേരളത്തിലെ ഏറ്റവും പഴക്കംചെന്ന ടൂർണമെന്റുകളിൽ ഒന്നായ ഫിൻലേ കപ്പിന് മൂന്നാറിൽ തുടക്കം കുറിച്ചത്. 1941ൽ ബ്രിട്ടിഷ് ഉടമസ്ഥതയിലായിരുന്ന ജയിംസ് ഫിൻലേ തേയില കമ്പനിയിലെ ജനറൽ മാനേജരായിരുന്ന ഇ.എച്ച്. ഫ്രാൻസിസ് ആണ് മത്സരങ്ങൾക്ക് തുടക്കമിട്ടത്. വർഷങ്ങളായി മുടങ്ങാതെ നടത്തിയിരുന്ന ടൂർണമെന്റ് കോവിഡിനെത്തുടർന്നാണ് 2020 ൽ മുടങ്ങിയത്. അതിനു മുൻപ് രണ്ടാം ലോകയുദ്ധകാലത്ത് മാത്രമേ മത്സരങ്ങൾ മുടങ്ങിയിട്ടുള്ളൂ.
ആദ്യകാലങ്ങളിൽ മുപ്പതിലേറെ ടീമുകൾ പങ്കെടുക്കുന്ന ഒന്നരമാസം നീളുന്ന ഉത്സവമായിരുന്നു ടൂർണമെന്റ്. പിന്നീട് കമ്പനികൾ പുനഃസംഘടിപ്പിച്ചപ്പോൾ ടീമുകളുടെ എണ്ണം കുറഞ്ഞു. ടാറ്റാ ടി, കെഡിഎച്ച്പി, ഹാരിസൺ തുടങ്ങിയ കമ്പനികളിൽ നിന്നായി 14 ടീമുകളാണ് ഇത്തവണ മത്സരിച്ചത്. 2020 ൽ ഗൂഡാർവിള ടീമാണ് കപ്പ് നേടിയത്.