ഒരടിയോളം കനത്തിൽ ആലിപ്പഴപ്പെയ്ത്ത് ഇന്നലെയും; വ്യാപക കൃഷിനാശം
Mail This Article
നെടുങ്കണ്ടം ∙ വേനൽച്ചൂടിൽ നാട്ടുകാർക്കു കൗതുകമായി നെടുങ്കണ്ടം മേഖലയിൽ ആലിപ്പഴം പെയ്തിറങ്ങി. ബക്കറ്റുകളിൽ സൂക്ഷിച്ചും കയ്യിലെടുത്തു വിഡിയോ പകർത്തിയും ആലിപ്പഴ മഴ പ്രദേശവാസികൾ ഉത്സവമാക്കി. കഴിഞ്ഞ ദിവസം കരുണാപുരത്തും ഇന്നലെ നെടുങ്കണ്ടത്തുമാണ് ആലിപ്പഴ മഴയുണ്ടായത്.
അതേസമയം, ഇന്നലെ പെയ്ത മഴയിൽ കൃഷിയിടങ്ങളിൽ വ്യാപകനാശമുണ്ടായി. ഒരടിയോളം കനത്തിൽ പെയ്തിറങ്ങിയ ആലിപ്പഴം വീണു ഏലച്ചെടികളുടെ ഇലകൾ നശിച്ചു. ചെടികളുടെ ചുവട്ടിലേക്ക് ആലിപ്പഴം പെയ്തത് ഇലകളും ചെടികളുടെ ചരങ്ങളും കരിഞ്ഞുണങ്ങുന്നതിനു കാരണമാകും.
വേനൽ കടുക്കുന്നതോടെ ഇലകരിച്ചിലും ഉണ്ടാകും. ഇതോടെ വരുന്ന സീസണിൽ ഉൽപാദനം കുറയും. കനത്ത വേനൽച്ചൂടിനെ പ്രതിരോധിക്കാൻ ഏലത്തോട്ടങ്ങളിൽ സ്ഥാപിച്ചിരുന്ന നെറ്റുകളും തകർന്നു. വേനൽമഴയിൽ ആലിപ്പഴ മഴ സാധാരണമാണെങ്കിലും ഇത്തവണ കനത്ത നാശനഷ്ടമുണ്ടാക്കി.