രാജകുമാരി ∙ പീപ്പിൾ ഫോർ അനിമൽസ് എന്ന സംഘടന നൽകിയ ഹർജിയെത്തുടർന്ന് അരിക്കൊമ്പനെ 29 വരെ പിടികൂടരുതെന്ന ഹൈക്കോടതി വിധി ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിലെ ജനങ്ങളുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നു പരാതി.
വേനലായതോടെ അരിക്കൊമ്പന്റെ ശല്യം ഇനി കൂടുമെന്നാണു നാട്ടുകാർ പറയുന്നത്. പീപ്പിൾ ഫോർ അനിമൽസ് എന്ന സംഘടനയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്ത് ഭരണസമിതികളുടെ നേതൃത്വത്തിൽ ചിന്നക്കനാലിൽ പ്രതിഷേധയോഗം ചേർന്നു.
കേസിൽ കക്ഷി ചേരാനും ഇരു പഞ്ചായത്തുകളും തീരുമാനിച്ചു. ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റ് സിനി ബേബി, ജില്ലാ പഞ്ചായത്തംഗം എം.ടി.ഉഷാകുമാരി, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ആർ.ജയൻ എന്നിവർ പങ്കെടുത്തു.