അരിക്കൊമ്പനെ 29 വരെ പിടികൂടരുതെന്ന വിധി: പ്രതിസന്ധിയിലായ ഒരു ജനത, ‌വനം വകുപ്പിനും വീഴ്ച; ഇനിയെന്ത്?

HIGHLIGHTS
  • ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ ജനം പ്രതിസന്ധിയിൽ
ഒരുങ്ങിത്തന്നെ... അരിക്കൊമ്പൻ ദൗത്യത്തിനായി എത്തിയ ദൗത്യസംഘത്തലവൻ ഡോ. അരുൺ സക്കറിയയും ഇടുക്കിയിലെ ഫോറസ്റ്റ് അസിസ്റ്റന്റ് വെറ്ററിനറി സർജൻ നിഷ റേച്ചലും ചിന്നക്കനാലിൽ എത്തിയപ്പോൾ. ചിത്രം: മനോരമ
SHARE

രാജകുമാരി ∙ പീപ്പിൾ ഫോർ അനിമൽസ് എന്ന സംഘടന നൽകിയ ഹർജിയെത്തുടർന്ന് അരിക്കൊമ്പനെ 29 വരെ പിടികൂടരുതെന്ന ഹൈക്കോടതി വിധി മൂലം കൂടുതൽ പ്രതിസന്ധിയിലായ ഒരു ജനതയുണ്ട് ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ. വേനലായതോടെ അരിക്കൊമ്പന്റെ ശല്യം ഇനി കൂടുമെന്നാണു നാട്ടുകാർ പറയുന്നത്. ഹൈക്കോടതിയിൽ ഹർജി നൽകിയ പീപ്പിൾ ഫോർ അനിമൽസ് എന്ന സംഘടനയ്ക്കെതിരെ പ്രതിഷേധവുമായി ഇന്നലെയും നാട്ടുകാർ രംഗത്തെത്തി. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്ത് ഭരണസമിതികളുടെ നേതൃത്വത്തിൽ ചിന്നക്കനാലിൽ യോഗം ചേർന്നു കേസിൽ കക്ഷി ചേരാൻ തീരുമാനമെടുത്തിരുന്നു. സ്വതന്ത്ര കർഷകസംഘടനയായ കിഫയും കേസിൽ കക്ഷി ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.

അരിക്കൊമ്പനെ പിടികൂടാനായി വയനാട് മുത്തങ്ങയിൽ നിന്നു ചിന്നക്കനാലിലെത്തിച്ച കുങ്കിയാനകളായ കോന്നി സുരേന്ദ്രൻ, കുഞ്ചു, വിക്രം, സൂര്യ എന്നിവരെ തളച്ചിരിക്കുന്നു. ചിത്രം:റെജു അർനോൾഡ്∙മനോരമ

വനം വകുപ്പിനും വീഴ്ച

∙ കഴിഞ്ഞ ജനുവരി 25നാണു ചിന്നക്കനാലിലെ വനം വകുപ്പ് വാച്ചർ ശക്തിവേലിനെ കാട്ടാനകൾ പന്നിയാറിനു സമീപം കൊലപ്പെടുത്തുന്നത്. അതിനു ശേഷം ജനുവരി 31നു വനം മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ യോഗം ചേർന്നു. കാട്ടാനശല്യം പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമെന്നു മന്ത്രി യോഗത്തിൽ അറിയിച്ചു. ധോനിയിൽ പി.ടി.സെവനെ മയക്കുവെടി വച്ചു തളച്ചതു പോലുള്ള ദൗത്യത്തിനാണു സാധ്യതയെന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഫെബ്രുവരി ഒന്നിനു കലക്ടറുടെ സാന്നിധ്യത്തിൽ ശാന്തൻപാറയിലും അവലോകനയോഗം ചേർന്നു. ഇതേ ദിവസം അരിക്കൊമ്പനെ പിടികൂടി ആനപ്പന്തിയിലേക്കു കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്.അരുൺ പൂപ്പാറയിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ഫെബ്രുവരി 4നു വയനാട്ടിൽ നിന്നുള്ള അഞ്ചംഗ ദൗത്യസംഘം ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിലെത്തി അരിക്കൊമ്പന്റെ സഞ്ചാരപഥം നിരീക്ഷിച്ചു. 8നു ഡോ.അരുൺ സക്കറിയയും ഇവിടെയെത്തി പരിശോധന നടത്തി ഉന്നത ഉദ്യോഗസ്ഥർക്കു റിപ്പോർട്ട് നൽകി.

പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഡോ.അരുൺ സക്കറിയയുടെ റിപ്പോർട്ട് ചർച്ച ചെയ്തു. പക്ഷേ അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള അന്തിമ ശുപാർശ വനം വകുപ്പ് മേധാവിക്കു നൽകുന്നതു പിന്നെയും വൈകി. ഫെബ്രുവരി 21നാണ് അരിക്കൊമ്പനെ മയക്കുവെടി വച്ചു പിടികൂടുന്നതിനുള്ള വനം വകുപ്പ് മേധാവിയുടെ ഉത്തരവ് ഇറങ്ങുന്നത്. അതിനു ശേഷം 26 ദിവസം പൂർത്തിയായി. വനം വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കും നടപടികളിലെ കാലതാമസവുമാണു മൃഗസ്നേഹികളുടെ സംഘടനയ്ക്കു ഹൈക്കോടതിയിൽ ഹർജി നൽകാൻ അവസരമൊരുക്കിയതെന്ന് ആക്ഷേപമുണ്ട്.

ഇനിയെന്ത്?

29നു ശേഷം ഹൈക്കോടതി വീണ്ടും കേസ് പരിഗണിക്കുമ്പോൾ അനുകൂല തീരുമാനമുണ്ടാകുമെന്നാണു വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. എങ്കിലും കോടതിയിൽ തിരിച്ചടി നേരിട്ടാൽ ഓപ്പറേഷൻ അരിക്കൊമ്പൻ അവസാനിപ്പിക്കേണ്ടി വരുമോ എന്ന ആശങ്കയും വനം വകുപ്പിനുണ്ട്. കാട്ടാനയെ മയക്കുവെടി വച്ചു കോടനാട്ടേക്കു കൊണ്ടുപോകരുതെന്നും ആവശ്യമെങ്കിൽ മറ്റു മാർഗങ്ങൾ സ്വീകരിക്കണമെന്നുമാണു ഹർജിക്കാരുടെ ആവശ്യം. കോടതി ഇത് അംഗീകരിച്ചാൽ അരിക്കൊമ്പനെ മയക്കുവെടി വച്ചു ദേഹത്തു റേഡിയോ കോളർ ഘടിപ്പിച്ച് ഏതെങ്കിലും വനമേഖലയിലെത്തിക്കുകയാണു മറ്റൊരു മാർഗം. ഇതു പക്ഷേ അരിക്കൊമ്പന്റെ കാര്യത്തിൽ വിജയിക്കാൻ സാധ്യതയില്ലെന്നു വിദഗ്ധർ പറയുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA