തൊടുപുഴ ∙ ഉത്സവപ്പറമ്പിലെത്തിയ വിദ്യാർഥിയെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി. കൈയ്ക്കും കാലിനും ലാത്തിയടിയേറ്റ പരുക്കുകളോടെ ഉപ്പുകുന്ന് ഊലിപറമ്പിൽ ജോർജ്‌കുട്ടി (18) തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പരാതിയുമായി വിദ്യാർഥിയും രക്ഷിതാവും പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്ക് മുന്നിൽ ഹാജരായി. വെള്ളിയാഴ്ച രാത്രി 11.45 ഓടെ ഉപ്പുകുന്ന് അരുവിപ്പാറ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം.
പിതാവും സുഹൃത്തുക്കളുമൊത്ത് ജോർജുകുട്ടിയും ക്ഷേത്രത്തിലെത്തിയിരുന്നു. ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ ഗാനമേളയ്ക്കിടെ ഇരു വിഭാഗങ്ങൾ തമ്മിൽ ചെറിയ ഉന്തും തള്ളുമുണ്ടായി. ഇതോടെ പിതാവ് സജീവ് ആവശ്യപ്പെട്ടതനുസരിച്ച് ജോർജ്കുട്ടി വീട്ടിലേക്ക് മടങ്ങാനായി മുന്നോട്ട് നീങ്ങി. അവിടെ നിന്ന കുളമാവ് സ്‌റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ മറികടന്ന ഉടൻ തന്നെ അവർ പിന്നിൽ നിന്നും ലാത്തിക്ക് അടിക്കുകയായിരുന്നുവെന്ന് പറയുന്നു. മദ്യപിക്കുകയോ സംഘർഷത്തിൽ ഉൾപ്പെടുകയോ ചെയ്യാത്ത തന്റെ മകനെ അകാരണമായാണ് തന്റെ മുന്നിലിട്ട് മർദിച്ചതെന്ന് പിതാവ് സജീവ് പറയുന്നു.
കുളമാവ് സ്‌റ്റേഷനിലെ മറ്റ് പൊലീസുകാരും സ്ഥലത്തുണ്ടായിരുന്നെങ്കിലും രണ്ട് പേർ മാത്രമാണ് മർദിച്ചത്. മർദന കാരണം തിരക്കിയ തന്നെ അസഭ്യം പറഞ്ഞതായും മർദിക്കാൻ ശ്രമിച്ചതായും സജീവ് പറയുന്നു. തൊടുപുഴ മങ്ങാട്ട്കവലയിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർഥിയാണ് ജോർജ്കുട്ടി. കൈയ്ക്ക് പൊട്ടലേറ്റതിനാൽ അടുത്ത ദിവസം തുടങ്ങുന്ന പരീക്ഷ എഴുതാനാവാത്ത അവസ്ഥയിലാണിപ്പോൾ. സംഭവത്തിൽ സംസ്ഥാന പൊലീസ് കംപ്ലയ്ന്റ് അതോറിറ്റിക്കും തൊടുപുഴ ഡിവൈഎസ്പിക്കും ജോർജ്കുട്ടിയും പിതാവും പരാതി നൽകി.