തൊടുപുഴ ∙ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ അറസ്റ്റിലായി റിമാൻഡിലായ ശേഷം ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെ മറ്റൊരു മുക്കുപണ്ടം തട്ടിപ്പു കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇടവെട്ടി കോയിക്കൽ വീട്ടിൽ റെജിമോനെ(46)യാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് 7,69, 000 രൂപ തട്ടിയെടുത്ത കേസിൽ കഴിഞ്ഞ അഞ്ചിന് ഇയാൾ അറസ്റ്റിലായിരുന്നു.
തുടർന്ന് റിമാൻഡിലായ ഇയാൾ കഴിഞ്ഞ ദിവസം ജാമ്യത്തിൽ ഇറങ്ങിയിരുന്നു. ഇതിനിടെയാണ് ഇയാൾ മങ്ങാട്ടുകവലയിലെ ഒരു സ്വർണപ്പണയ സ്ഥാപനത്തിൽ 5 പ്രാവശ്യമായി മുക്കുപണ്ടം പണയം വച്ച് 4,71, 000 രൂപ തട്ടിയെടുത്തതായി പൊലീസിൽ പരാതി ലഭിച്ചത്. ഇപ്പോൾ ഇതു പലിശ സഹിതം 5,96,300 രൂപയായി. റെജിമോനെ നേരത്തേ അറസ്റ്റ് ചെയ്ത വാർത്ത കണ്ട് സ്ഥാപന അധികൃതർ സ്വർണം വിശദമായി പരിശോധിച്ചപ്പോഴാണ് ഇത് മുക്കുപണ്ടമാണെന്നു കണ്ടെത്തിയത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ ഇന്നലെ സിവിൽ സ്റ്റേഷനു സമീപത്തു നിന്ന് എസ്ഐ അജയകുമാറാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.