ADVERTISEMENT

നമ്മുടെ നാടിനിതെന്തുപറ്റി? ചിലയിടത്ത് ആന, ചിലയിടത്തു പുലി, മറ്റു ചിലയിടത്ത് കാട്ടുപോത്ത്... വർഷങ്ങളുടെ അധ്വാനഫലം നിമിഷനേരം കൊണ്ടു വന്യമൃഗങ്ങൾ തച്ചുടയ്ക്കുമ്പോൾ നിസ്സഹായരായി നോക്കിനിൽക്കാനേ ജനങ്ങൾക്കു കഴിയുന്നുള്ളൂ. എത്ര നാൾ ഇങ്ങനെ പേടിച്ചു ജീവിക്കും എന്നാണു ജനങ്ങളുടെ ചോദ്യം. വന്യമൃഗശല്യം അതിരൂക്ഷമാകുമ്പോഴും ഇവയുടെ ആക്രമണത്തിൽ നിന്നു ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കാൻ വേണ്ട നടപടിയുണ്ടാകുന്നില്ല. ജില്ലയിൽ വന്യമൃഗശല്യം രൂക്ഷമായ ഹോട്ട് സ്പോട്ടുകൾ ഇവയൊക്കെ...

1. ചിന്നക്കനാൽ–പഞ്ചായത്തിലെ 301 കോളനി, എൺപതേക്കർ, ബിഎൽ റാം, സൂര്യനെല്ലി, മുത്തമ്മകോളനി, അപ്പർ സൂര്യനെല്ലി, പെരിയകനാൽ എന്നിവിടങ്ങളിൽ അരിക്കൊമ്പൻ, ചക്കക്കൊമ്പൻ എന്നീ ഒറ്റയാൻമാരുടെ ശല്യം രൂക്ഷമാണ്. പത്തോളം അംഗങ്ങളുള്ള പിടിയാനക്കൂട്ടവും ഒരു മാസം മുൻപു മതികെട്ടാൻചോലയിൽ നിന്നു ചിന്നക്കനാൽ മേഖലയിലെത്തി. ഏക്കർ കണക്കിനു കൃഷി നശിപ്പിച്ച കാട്ടാനകൾ മനുഷ്യർക്കും ഭീഷണിയാണ്. 

2. ശാന്തൻപാറ– പഞ്ചായത്തിലെ പന്നിയാർ, തോണ്ടിമല, ശങ്കരപാണ്ഡ്യമെട്ട്, പേത്തൊട്ടി, മൂലത്തുറ, ആനയിറങ്കൽ എന്നിവിടങ്ങളിലും കാട്ടാനശല്യം രൂക്ഷമാണ്. ചതുരംഗപ്പാറ, പേത്തൊട്ടി, പുത്തടി– കുരങ്ങ്, കാട്ടുപന്നി എന്നിവയുടെ ശല്യം രൂക്ഷം. 

3. മൂന്നാർ–നയമക്കാട്, പെരിയവരൈ, ലക്ഷ്മി, ലാക്കാട്, കന്നിമല, കടലാർ, ചൊക്കനാട് ഭാഗങ്ങളിൽ ആന, കടുവ, പുലി, കാട്ടുപോത്ത് എന്നിവയുടെ ശല്യം രൂക്ഷം. കഴിഞ്ഞ 2 വർഷത്തിനിടയിൽ 110 ലധികം കന്നുകാലികളെയാണു കടുവ, പുലി എന്നിവ കൊന്നുതിന്നത്. ഇതു കൂടാതെ 2 വർഷത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ ഇരുപതിലധികം വാഹനങ്ങളും റേഷൻകടകൾ ഉൾപ്പെടെ നാൽപതിലധികം ചെറുതും വലുതുമായ വ്യാപാരസ്ഥാപനങ്ങളും തകർന്നു. 

4. മറയൂർ–  ഒന്നരക്കൊമ്പൻ എന്ന കാട്ടാനയുടെ ശല്യം രൂക്ഷമാണ്. കാട്ടുപോത്ത്, കാട്ടുപന്നി എന്നിവയുടെ ശല്യവുമുണ്ട്. കഴിഞ്ഞദിവസം മറയൂർ പത്തടിപ്പാലം കോളനിയിൽ വീടിന്റെ പിൻവശത്ത് ഇറങ്ങിയ വീട്ടമ്മയെ കാട്ടുപന്നി കുത്തി ഗുരുതരമായി പരുക്കേൽപിച്ചിരുന്നു. 

5. കാന്തല്ലൂർ– കാട്ടുപോത്ത്, കാട്ടാന, കാട്ടുപന്നി എന്നിവയുടെ ശല്യം രൂക്ഷമായി തുടരുന്നു. 

6. അടിമാലി–പഞ്ചായത്തിലെ കാഞ്ഞിരവേലി, കുറത്തിക്കുടി, പഴമ്പിള്ളിച്ചാൽ, ഒഴുവത്തടം, മെഴുകുംചാൽ. കുളമാൻകുഴി, കൊരങ്ങാട്ടി, ചിന്നപ്പാറക്കുടി എന്നിവിടങ്ങളിൽ കാട്ടാനശല്യം തുടരുന്നു. ഇതോടൊപ്പം കാട്ടുപന്നി, കുരങ്ങ് ശല്യവും രൂക്ഷമാണ്, കൂടാതെ അടിമാലി ടൗണിലും പരിസരപ്രദേശങ്ങളിലും പന്നി, കുരങ്ങുശല്യം കൃഷിക്കാരുടെ ദുരിതം വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 250 ഏക്കറിൽ കൂടുതൽ കൃഷിനാശവും ഉണ്ടായിട്ടുണ്ട്.

7. മാങ്കുളം–  കാട്ടാന, കാട്ടുപോത്ത്, പുലി, കാട്ടുപന്നി, കുരങ്ങ് എന്നിവയുടെ ശല്യം ദിവസംതോറും കൂടുകയാണ്. മാങ്കുളം ടൗണിനു സമീപം പള്ളിക്കുന്ന്, പാമ്പുംകയം, വിരിപാറ, താളുംകണ്ടം, കോഴിയിള, ആനക്കുളം, പെരുമ്പൻകുത്ത്, തൊണ്ണൂറ്റാറ്, കവിതക്കാട്,അമ്പതാംമൈൽ എന്നിവിടങ്ങളിലാണു കാട്ടാന, പന്നി, കുരങ്ങ് എന്നിവയുടെ ശല്യം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ 3 മാസത്തിനുള്ളിൽ 300 ഏക്കറിലേറെ സ്ഥലത്തെ തെങ്ങ്, കമുക്, കപ്പ, വാഴ, ഉൾപ്പെടുന്ന കൃഷികൾ നശിപ്പിച്ചു.

8. പള്ളിവാസൽ– കൊച്ചി– ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ കല്ലാറിനു സമീപം മാങ്കുളം റോഡിൽ കാട്ടാനക്കൂട്ടം ഭീതി പരത്തുകയാണ്. പീച്ചാട്, കുരിശുപാറ, മേഖലകളിലും ആനശല്യം രൂക്ഷമാണ്. ഇവിടങ്ങളിൽ കുരങ്ങ–പന്നിശല്യവും കൃഷിക്കാർക്ക് ദുരിതമാണ്. അടുത്ത നാളിൽ 50 ഏക്കറിൽ കൂടുതൽ കൃഷി ദേഹണ്ഡങ്ങൾ കാട്ടാനകളും പന്നിയും നശിപ്പിച്ചിട്ടുണ്ട്. 

9. വെള്ളത്തൂവൽ– വെള്ളത്തൂവൽ പഞ്ചായത്തിൽ 3 മാസം മുൻപ് ചെങ്കുളത്ത് പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതോടൊപ്പം വിവിധ പ്രദേശങ്ങളിൽ പന്നി ശല്യവും കുരങ്ങ് ശല്യവും രൂക്ഷമാണ്. വെള്ളത്തൂവൽ പൈപ്പ് ലൈൻ, ആനവിരട്ടി, ഓടക്കാസിറ്റി, പോത്തുപാറ, തോക്കുപാറ കുടുക്കാ സിറ്റി, പനംകുട്ടി മേഖലകളിൽ കുരങ്ങ് ശല്യം രൂക്ഷമാണ്. 3 മാസം മുൻപ് ഓടക്കാസിറ്റി ഭാഗത്ത് കണ്ടെത്തിയ കടുവയുടെ സാന്നിധ്യം കർഷകരുടെ ആശങ്ക വർ‌ധിക്കാൻ കാരണമായിട്ടുണ്ട്. 

10. ഉടുമ്പൻചോല– 4 വർഷത്തിനിടെ കാട്ടാനക്കൂട്ടം നശിപ്പിച്ചത് 25 ഏക്കറിലധികം ഏലത്തോട്ടമാണ്. കൂടാതെ മേഖലയിൽ കാട്ടുപന്നിക്കൂട്ടത്തിന്റെ ശല്യവും രൂക്ഷമാണ്. ഉടുമ്പൻചോലയിൽ കൃഷിചെയ്യാതെ കിടക്കുന്ന അരമനക്കാട്ടിൽ കാട്ടാനക്കൂട്ടം തമ്പടിക്കുന്നതു പതിവായതോടെ പ്രദേശവാസികളും ഭീതിയിലാണ്. 

11. കുമളി– പഞ്ചായത്തിൽ ഓടമേട്, വെള്ളാരംകുന്ന് ഭാഗത്ത് പുലി ചുറ്റിത്തിരിയുന്നുവെന്നു നാട്ടുകാർ പറയുന്നു. പതിവായി കാട്ടുപോത്തിന്റെ സാന്നിധ്യമുള്ളിടമാണ് ഇവിടം.

12. വണ്ടിപ്പെരിയാർ– വാളാർഡിക്കു സമീപം പെരിയാർ വന്യജീവി സങ്കേതത്തോടു ചേർന്നുള്ള തൊണ്ടിയാർ എസ്റ്റേറ്റിൽ കഴിഞ്ഞ മാസം 3 കടുവകൾ ചേർന്നു പശുവിനെ കൊന്നുതിന്നു. വള്ളക്കടവിലും കാട്ടാനക്കൂട്ടം പതിവായി എത്താറുണ്ട്. തങ്കമല, മൂലക്കയം മേഖലകളിലും കാട്ടാനക്കൂട്ടം വൻതോതിൽ വിളകൾ തകർത്തു. കടുവ, പുലി എന്നിവയുടെയും ഭീഷണിയുണ്ട്. അര ഡസനിലധികം കന്നുകാലികളെ കാണാതായി.

13. പെരുവന്താനം– പഞ്ചായത്തിലെ മതമ്പ, ടിആർആൻഡ് ടി എസ്റ്റേറ്റ് എന്നിവിടങ്ങളിൽ കാട്ടാനക്കൂട്ടം മാസങ്ങളായി ആശങ്ക ഉയർത്തുന്നു.

14. പീരുമേട്– കാട്ടാനക്കൂട്ടം ഒരു മാസമായി മേഖലയിൽ തമ്പടിക്കുന്നു. കുട്ടിക്കാനം പീലിക്കുന്നിൽ പുലി കന്നുകാലിയെ വകവരുത്തി. പട്ടുമലയിൽ മേയാൻ വിടുന്ന കന്നുകാലികളെ പുലി വേട്ടയാടുന്നു. പരുന്തുംപാറയിലും പുലിയുടെ സാന്നിധ്യം ഭീഷണിയുയർത്തുന്നു

15. കട്ടപ്പന– 2022 ഡിസംബർ 16ന് വാഴവര പരപ്പനങ്ങാടിയിൽ പശുക്കിടാവിനെ കടുവ ആക്രമിച്ചുകൊന്നു. പിന്നീട് ഈ കടുവയെ സമീപത്തെ കുളത്തിൽ ചത്ത നിലയിൽ കണ്ടെത്തി. പശുക്കിടാവിന്റെ ഉടമയ്ക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. മാർച്ച് 21നു വെട്ടിക്കുഴക്കവലയിൽ പുലിയുടേതിനു സമാനമായ കാൽപാടുകൾ കണ്ടെത്തി. 23നു വെള്ളയാംകുടിയിൽ പുലിയോടു സാമ്യമുള്ള ജീവിയെ പ്രദേശവാസി നേരിട്ടുകണ്ടു. അതു പൂച്ചപ്പുലിയാണെന്നു വനം വകുപ്പ് പറയുന്നത്.

16. ഇരട്ടയാർ– മാർച്ച് 15ന് ഇടിഞ്ഞമല മേഖലയിൽ വന്യമൃഗത്തിന്റെ കാൽപാടുകൾ കണ്ടെത്തി. ഇതു പുലിയുടേതാണെന്നും കടുവയുടേതാണെന്നും പ്രചാരണമുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഏതാനും ദിവസം മുൻപു തുളസിപ്പാറയിലും പുലിയുടേതെന്നു സംശയിക്കുന്ന കാൽപാടുകൾ കണ്ടു. 

17. വാത്തിക്കുടി– പഞ്ചായത്തിലെ മൂന്നാംബ്ലോക്ക്, മാലിക്കുത്ത്, ലത്തീൻപടി, ജോസ്പുരം, തോപ്രാംകുടി, സേനാപതി തുടങ്ങിയ ജനവാസമേഖലകളിലും പുലിയുണ്ടെന്നു സംശയിക്കുന്നു. എല്ലായിടത്തു നിന്നും പുലിയുടെ വ്യക്തമായ കാൽപാടുകൾ ലഭിച്ചിട്ടുണ്ട്. പന്ത്രണ്ടോളം വളർത്തുമൃഗങ്ങളെയാണു വിവിധ സ്ഥലങ്ങളിൽ നിന്നു കാണാതെ പോയത്. ഇതിൽ ഒരു നായയുടെയും ഒരു ആടിന്റെയും പൂച്ചയുടെയും ശരീരാവശിഷ്ടങ്ങൾ കണ്ടുകിട്ടി. 

18. മരിയാപുരം – പഞ്ചായത്തിൽ എല്ലായിടത്തും വ്യാപകമായ കാട്ടുപന്നി ശല്യമാണ്. പാറയും കുന്നും നിറഞ്ഞ ചില സ്ഥലങ്ങളിൽ കുരങ്ങുശല്യവും ഉണ്ട്. കൃഷി ചെയ്യാനാവാത്ത രീതിയിൽ ശല്യം കൂടിയതോടെ നാട്ടുകാർ ദുരിതത്തിൽ.

19. കഞ്ഞിക്കുഴി– കാട്ടുപന്നിശല്യം രൂക്ഷമാകുകയാണ്. പച്ചക്കറിക്കൃഷി ചെയ്യാൻ പോലും കഴിയാതെ കർഷകർ ദുരിതത്തിലാണ്.

20. വാഴത്തോപ്പ്– കാട്ടുപന്നികൾ പെറ്റുപെരുകിയതോടെ കൃഷിയിടങ്ങൾ തരിശായി മാറുകയാണ്. 

21. കാമാക്ഷി– കാട്ടുപന്നികളും കുരങ്ങുകളുമാണു കാമാക്ഷിയിൽ ജനജീവിതം ദുസ്സഹമാക്കുന്നത്. പുഷ്പഗിരി ടവർ ജംക്‌ഷനു സമീപം 2 കടുവകളെ കണ്ട സംഭവവുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com