‘ചായ കുടിക്കാനാണ് സാർ, 10 രൂപ വേണം’; 2 മാസം മുതൽ 2 വയസ്സ് വരെയുള്ള കുഞ്ഞുങ്ങളെ ഉപയോഗിച്ച് തമിഴ് സംഘത്തിന്റെ ഭിക്ഷാടനം

Mail This Article
നെടുങ്കണ്ടം ∙ ഹൈറേഞ്ച് മേഖലയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് തെരുവുവ്യാപാരവും ഭിക്ഷാടനവും വ്യാപകം. നെടുങ്കണ്ടം ടൗണിലാണ് തമിഴ്നാട്ടിൽ നിന്ന് എത്തിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ആൺകുട്ടികളെയും ഉപയോഗിച്ചുള്ള ഭിക്ഷാടനം. ഇതേസമയം, തുറന്നുകിടക്കുന്ന വാഹനങ്ങളിൽ നിന്നു നാണയത്തുട്ടുകളും ഫോണും മോഷണം പോകുന്നതായും പരാതികൾ ഉയരുന്നുണ്ട്.
തമിഴ്നാട്ടിലെ ചിന്നമന്നൂരിൽ നിന്നാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെ എത്തിച്ച് സേഫ്റ്റി പിൻ, കീ ചെയിൻ എന്നിവ വിൽക്കുന്നതിന്റെ മറവിൽ ഭിക്ഷാടനം നടത്തുന്നത്. കുട്ടികളെക്കൊണ്ട് ഭിക്ഷാടനം നടത്തി ശേഖരിക്കുന്ന പണം ഒപ്പമുള്ള സ്ത്രീകളാണ് കൈവശപ്പെടുത്തുന്നത്. 2 മാസം മുതൽ 2 വയസ്സ് പ്രായമുള്ള കുട്ടികളെ വരെ എത്തിച്ചാണ് ഭിക്ഷാടന മാഫിയ സംഘം പ്രവർത്തിക്കുന്നത്.
രാവിലെ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസിലെത്തുന്ന സംഘം വൈകിട്ട് 4ന് തമിഴ്നാട്ടിലേക്ക് മടങ്ങും. ഇന്നലെ നെടുങ്കണ്ടം ടൗണിൽ നിരവധി കുട്ടികളെയാണ് തമിഴ്നാട്ടിൽ നിന്ന് എത്തിച്ച് ഭിക്ഷാടനം നടത്തിയത്. വ്യാപാര സ്ഥാപനങ്ങളിലേക്കും മറ്റും കുട്ടികളെ ഒപ്പമുള്ള സ്ത്രീകൾ നിർബന്ധിച്ചാണ് കയറ്റിവിടുന്നത്. ‘ചായ കുടിക്കാനാണ് സാർ, 10 രൂപ വേണ’മെന്ന് പറയുന്നതോടെ കുട്ടികളാണല്ലോ എന്നോർത്ത് 20, 50, 100 രൂപയാണ് ജനങ്ങൾ നൽകുന്നത്.
തുക കുട്ടികൾ വാങ്ങിയാലുടൻ തന്നെ ഒപ്പമുള്ള സ്ത്രീകൾ കൈവശപ്പെടുത്തും. ഒരാഴ്ച മുൻപ് നെടുങ്കണ്ടം ടൗണിൽ 2 മാസം മുതൽ പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങളുമായി മറ്റൊരു സംഘം ഭിക്ഷാടനത്തിന് എത്തിയിരുന്നു. അതേ കുഞ്ഞുങ്ങളുമായാണ് മറ്റൊരു സംഘം ഇന്നലെ രാവിലെ മുതൽ നെടുങ്കണ്ടത്ത് ഭിക്ഷാടനം നടത്തിയത്.