ADVERTISEMENT

നമുക്കറിയാത്ത ജീവിതങ്ങളൊക്കെയും വെറും കെട്ടുകഥ മാത്രമല്ല, ആനച്ചൂരിനും അധികൃതരുടെ നിസ്സംഗതയ്ക്കും ഇടയിൽ ജീവിച്ചു തീർക്കുന്ന ചില മനുഷ്യരുമുണ്ട്. ആനയെയും കാട്ടുപോത്തിനെയും പേടിക്കാതെയുള്ള സ്വസ്ഥജീവിതം ആരുടെയും ഔദാര്യമല്ല, അവരുടെ അവകാശമാണ്. ചിന്നക്കനാൽ 301 കോളനിയിലെ കാഴ്ചകളിങ്ങനെ...

രാജകുമാരി∙ തൊട്ടു മുൻപിൽ നീലവർണമണിഞ്ഞ് സുന്ദരിയായ ആനയിറങ്കൽ ജലാശയം, ചുറ്റും ഹരിത മേലാപ്പ് ചാർത്തിയ മലനിരകൾ, പുരയിടത്തിൽ സമൃദ്ധമായി വളരുന്ന ഏലം, കുരുമുളക്, ഇഞ്ചി എന്നിവ. ചിന്നക്കനാൽ 301 കോളനിയിലെ ചിന്നയ്യന്റെ വീട്ടിൽ നിന്നുള്ള മനോഹര കാഴ്ചകളാണിതൊക്ക. കോളനിയിലെ ഭൂരിഭാഗം വീടുകൾക്കു ചുറ്റും ആരെയും ആകർഷിക്കുന്ന കാഴ്ചകളാണുള്ളത്.

എൺപതേക്കർ, ബിഎൽ റാം, സിംഗുകണ്ടം, അപ്പർ സൂര്യനെല്ലി, മുത്തമ്മച്ചോല, സൂര്യനെല്ലി, പെരിയകനാൽ മേഖലകളിലെ വീടുകളുടെ പുറം കാഴ്ചകളും ഇതു പോലെ തന്നെയാണ്. പക്ഷേ, കാട്ടാനകളുടെ ശല്യം മൂലം ഇവിടങ്ങളിൽ ആർക്കും സമാധാനമായി വീടുകളിൽ കിടന്നുറങ്ങാൻ കഴിയാറില്ല. സർക്കാർ അനുവദിച്ച കോൺക്രീറ്റ് വീടുകൾക്ക് മുകളിൽ നിർമിച്ച കുടിലുകളിലാണ് രാത്രിയിൽ കുടുംബാംഗങ്ങൾ കഴിയുന്നത്.

ചിലപ്പോൾ ഒറ്റയാനെത്തി വീടിന്റെ ഭിത്തി തകർക്കും, വളർത്തു മൃഗങ്ങളെ ആക്രമിക്കും, കൃഷി ദേഹണ്ഡങ്ങളൊക്കെ ചവിട്ടി മെതിക്കും, മനുഷ്യർ കിടന്നുറങ്ങുന്ന കുടിൽ തുമ്പിക്കൈ കൊണ്ട് എത്തിപ്പിടിക്കാൻ ശ്രമിക്കും. എങ്കിലും ആ ചെറിയ കുടിലിൽ വിധിയെ പഴിച്ച്, സമാധാന ജീവിതം സ്വപ്നം കണ്ട് അച്ഛനും അമ്മയും മക്കളും കൊച്ചുമക്കളുമൊക്കെ കിടന്നുറങ്ങും.

വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്നവർ

ശാന്തൻപാറ കോഴിപ്പനക്കുടിയിലെ വിദ്യാർഥികൾക്ക് 3 കിലോമീറ്റർ സഞ്ചരിച്ചു വേണം തോണ്ടിമലയിലെത്താൻ. ഇവിടെ നിന്നാണ് രാജാക്കാട് ഭാഗത്തുള്ള സ്കൂളിലേക്ക് പോകാൻ വാഹനമുള്ളത്. കഴിഞ്ഞ ജനുവരി 25ന് കോഴിപ്പനക്കുടി സ്വദേശിയായ വനം വകുപ്പ് വാച്ചർ ശക്തിവേലിനെ പന്നിയാറിൽ വച്ച് കാട്ടാന കൊലപ്പെടുത്തിയിരുന്നു. അത്രയും കാലം കുടിയിലെ കുട്ടികളെ രാവിലെ പ്രധാന റോഡ് വരെ സുരക്ഷിതമായി എത്തിക്കുന്ന ചുമതല ശക്തിവേലിനായിരുന്നു.

അദ്ദേഹത്തിന്റെ മരണശേഷം കുടിയിലെ 5 കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം മുടങ്ങിയ അവസ്ഥയായി. പരീക്ഷയായതോടെ 4 രക്ഷിതാക്കൾ ചേർന്നാണ് കുട്ടികളെ കുടിയിൽ നിന്നു തോണ്ടിമല വരെ എത്തിക്കുന്നത്. ചിന്നക്കനാലിലെ മറ്റ് ആദിവാസി കുടികളിലേയും വിദൂര ഗ്രാമങ്ങളിലെയും അവസ്ഥ സമാനമാണ്. 

ഉത്തരവാദിത്തം ആർക്ക്?

ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ കാട്ടാനകൾ മനുഷ്യജീവന് ഭീഷണിയാകുമ്പോൾ കാട്ടുപന്നി, മുള്ളൻപന്നി, മ്ലാവ്, കുരങ്ങ് എന്നിവയൊക്കെ കൃഷി നശിപ്പിക്കുകയാണ് ചെയ്യുന്നത്. മതികെട്ടാൻചോലയിൽ നിന്ന് ചിലപ്പോഴൊക്കെ കാട്ടുപോത്തും ബിഎൽ റാം ഭാഗത്തേക്ക് വരാറുണ്ട്. മനുഷ്യജീവന് ഭീഷണിയായ വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ 1972ലെ വന്യജീവി സംരക്ഷണ നിയമത്തിൽ തന്നെ ചട്ടമുണ്ടെങ്കിലും വനം വകുപ്പ് ഇതൊന്നും പരിഗണിക്കാറില്ല.

വന്യജീവി സംരക്ഷണ നിയമത്തിലെ 11 എ വകുപ്പ് അനുസരിച്ച് മനുഷ്യ ജീവന് ഭീഷണിയായ വന്യജീവികളെ ആവശ്യമെങ്കിൽ കൊല്ലാൻ അനുമതി നൽകാം. 2015ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കൊന്നത്തടി പഞ്ചായത്തിലെ പാറത്തോട് പ്രദേശത്ത് 4 പേരെ ആക്രമിച്ച കാട്ടുപോത്തിനെ സർക്കാർ ഉത്തരവനുസരിച്ച് വെടിവച്ചു കൊന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com