തൊടുപുഴ ∙ ഇരുനൂറിലേറെ കുടുംബങ്ങൾക്ക് ദിവസവും ശുദ്ധജലം നൽകുന്ന അദ്ഭുതക്കിണറുണ്ട് ആലക്കോടിനു സമീപം ചിലവിൽ. ഒരു കിണറിന് ഇത്രയേറെ പേർക്ക് കുടിവെള്ളം നൽകാനാകുമോ എന്ന് ആരും ആശങ്കപ്പെടേണ്ട. ഏതു കടുത്ത വേനലിലും തെളിനീരു പോലുള്ള വെള്ളം നൽകുന്ന ഈ കിണറ്റിൽ നാട്ടുകാർ 42 മോട്ടറുകളാണു സ്ഥാപിച്ചിരിക്കുന്നത്. ദാറുസലാം വീട്ടിൽ ഹസൻ മൗലവി നിർമിച്ച ഈ കിണർ ഒരു പ്രദേശത്തെ ദാഹജലം സൂക്ഷിക്കുന്ന അക്ഷയഖനിയായി മാറിയിട്ട് രണ്ട് പതിറ്റാണ്ടായി.
പ്രഭാഷകനും അറബിക് കോളജ് അധ്യാപകനുമായ ഹസൻ മൗലവി 1990ലാണു ചിലവിൽ വീടു നിർമിച്ചത്. മറ്റു കുടിവെള്ള സൗകര്യമില്ലാ തിരുന്നതിനാൽ വീടിനോടു ചേർന്നു കിണർ വേണമെന്ന ആഗ്രഹത്തിൽ സ്ഥാനം നോക്കിയതും ഇദ്ദേഹം തന്നെ. വെള്ളത്തിന്റെ സാന്നിധ്യം ഏറ്റവും കൂടുതൽ കണ്ട സ്ഥലത്തു കിണർ കുഴിക്കുകയായിരുന്നു. ഏതാനും അടി കുഴിച്ചപ്പോൾ തന്നെ ഉറവ തെളിഞ്ഞു. പത്തടിയോളം താഴ്ത്തിയപ്പോൾ സുലഭമായി വെള്ളം ലഭിച്ചു. സമീപത്തുള്ള ഏതാനും വീട്ടുകാർ കിണറ്റിൽ നിന്നു വെള്ളം കോരിയെടുത്തിരുന്നു.
പിന്നീടാണു സുഹൃത്തും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനുമായ അസീസ് കിണറ്റിൽ ഒരു മോട്ടർ സ്ഥാപിക്കുന്നതിന് അനുമതി ചോദിച്ചത്. ഇതിനു പൂർണസമ്മതം നൽകിയതിനു പുറമേ വൈദ്യുതിയും വീട്ടിൽ നിന്നു ഹസൻ മൗലവി നൽകി. പിന്നീട് സമീപത്തുള്ള മറ്റു ചിലർ കൂടി മോട്ടർ സ്ഥാപിക്കാൻ അനുവാദം ചോദിച്ചപ്പോൾ ഹസൻ മൗലവി ആരെയും നിരാശപ്പെടുത്തിയില്ല. രണ്ടും മൂന്നും കുടുംബങ്ങൾ ചേർന്നു മോട്ടർ സ്ഥാപിച്ചു. മോട്ടറുകളുടെ എണ്ണം കൂടിയതോടെ വൈദ്യുതി അവരുടെ വീടുകളിൽ നിന്ന് എടുക്കാൻ തുടങ്ങി.
നിലവിൽ 42 മോട്ടറുകളാണ് ഈ കിണറ്റിൽ നിന്നു രാപകൽ വെള്ളം പമ്പു ചെയ്യുന്നത്. ഇത്രയും മോട്ടറുകൾ പ്രവർത്തിച്ചിട്ടും ഏതു വേനലിലും കിണർ ജലസമൃദ്ധമാണ്. ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം പലപ്പോഴും ജനങ്ങൾക്ക് പ്രയോജനപ്പെടാത്ത സാഹചര്യത്തിൽ ഈ കിണർ നാടിന് അനുഗ്രഹമാണെന്നു നാട്ടുകാർ പറയുന്നു. ജലവിതരണത്തിനായി സമീപത്തു പഞ്ചായത്ത് നിർമിച്ചിരിക്കുന്ന കുളവും മോട്ടർപ്പുരയും ഉപയോഗശൂന്യമായ നിലയിലാണ്.
ആകെയുള്ള 60 സെന്റിൽ 58.5 സെന്റ് സ്ഥലവും വിറ്റ് ചിലവിൽ നിന്ന് ആലുവ പൂക്കാട്ടുപടിയിലേക്കു ഹസൻ മൗലവി താമസം മാറിയെങ്കിലും നാട്ടുകാർക്കു വേണ്ടി കിണർ നിലനിൽക്കുന്ന ഒന്നര സെന്റ് സ്ഥലം സ്വന്തം പേരിൽ നിലനിർത്തുകയായിരുന്നു. സ്ഥലം മറ്റൊരാളുടെ കൈവശമെത്തിയാൽ ഇവിടത്തുകാരുടെ കുടിവെള്ളം മുടങ്ങിയാലോ എന്ന ആശങ്ക മൂലമാണ് ഇദ്ദേഹം ഈ സ്ഥലം മാത്രം വിൽപന നടത്താത്തത്. കുമ്മംകല്ലിലുള്ള മകന്റെ വീട്ടിലെത്തുമ്പോൾ ഭാര്യ ഫാത്തിമയുമൊത്തു ചിലവിലെ കിണർ കാണാനെത്തുന്നതും ഇദ്ദേഹത്തിന്റെ പതിവാണ്.