ADVERTISEMENT

കട്ടപ്പന ∙ ജനുവരിയിൽ 1000 രൂപയ്ക്കു  മുകളിൽ എത്തിയ ഏലയ്ക്ക വില വീണ്ടും ഇടിഞ്ഞതോടെ കർഷകർക്ക് ആശങ്ക. കഴിഞ്ഞ 12 വരെ നടന്ന സ്‌പൈസസ് ബോർഡിന്റെ ഇ-ലേലത്തിൽ ഒരു കിലോ ഏലയ്ക്കയുടെ ശരാശരി വില 1000 രൂപയ്ക്കു മുകളിലായിരുന്നു. എന്നാൽ 13ന് നടന്ന രണ്ട് ലേലങ്ങളിൽ 955, 987 എന്നിങ്ങനെയായിരുന്നു ശരാശരി വില. ഇന്നലെ രാവിലെ നടന്ന ലേലത്തിലും ശരാശരി വില 950 രൂപയായിരുന്നു.

ഒരു കിലോ ഏലയ്ക്ക 600 രൂപയ്ക്കു വരെ വിൽക്കേണ്ടി വന്ന സാഹചര്യത്തിന് അറുതിവരുത്തിക്കൊണ്ട് ശരാശരി വില കഴിഞ്ഞ സീസണിന്റെ അവസാനഘട്ടത്തിൽ 1700 വരെ ഉയർന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ലേലത്തിൽ വില വീണ്ടും ആയിരത്തിൽ താഴെ എത്തിയതാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. സീസൺ ആരംഭിക്കാൻ ആഴ്ചകൾ മാത്രമുള്ളപ്പോൾ വീണ്ടും വിലയിടിവിന്റെ ലക്ഷണം പ്രകടിപ്പിക്കുന്നതാണ് കർഷകരുടെ ആശങ്കയ്ക്കു കാരണം.

ഒരുകിലോ ഏലയ്ക്കയ്ക്ക് ശരാശരി 1500 രൂപയെങ്കിലും ലഭിച്ചെങ്കിൽ മാത്രമേ നഷ്ടമില്ലാതെ ഈ കൃഷിയുമായി മുന്നോട്ടു പോകാൻ കഴിയുകയുള്ളെന്നാണ് കർഷകർ പറയുന്നത്. വളം-കീടനാശിനികളുടെ വിലവർധനയും തൊഴിലാളികളുടെ കൂലിയുമെല്ലാം വർധിച്ചതാണ് ഇതിനു പ്രധാന കാരണം. എന്നാൽ കർഷകരുടെ പക്കൽ ഉൽപന്നം ഉള്ളപ്പോൾ വിലയിടിയുകയും പിന്നീട് വില ഉയരുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്.

പച്ചക്കൊളുന്ത് കിലോ 12 രൂപ

പീരുമേട് ∙ ഉൽപാദനം കൂടിയതിനെത്തുടർന്നു പച്ചക്കൊളുന്ത് വാങ്ങുന്നതിനു ഫാക്ടറികൾക്കു ശേഷിയില്ലാതായതോടെ വിലയിൽ വൻ ഇടിവ്. പച്ചക്കൊളുന്ത് ഒരു കിലോഗ്രാമിനു 15 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതുമൂലം പീരുമേട് താലൂക്കിലെ ആയിരക്കണക്കിനു ചെറുകിട കർഷകർ വീണ്ടും പ്രതിസന്ധിയിലായി. 26 രൂപയിൽ നിന്നു 12 രൂപയിലേക്കാണ് കൊളുന്തു വില താഴ്ന്നിരിക്കുന്നത്. എന്നാൽ ചില മേഖലകളിൽ 14 രൂപ നൽകുന്നുണ്ട്. ഇതാകട്ടെ ഇടനിലക്കാരെ കൂടാതെ ഫാക്ടറികളിൽ നേരിട്ട് കൊളുന്ത് എത്തിക്കുന്ന കർഷകർക്കാണ് ഈ രണ്ട് രൂപയുടെ വർധന ലഭിക്കുന്നത്.

പീരുമേട്, വണ്ടിപ്പെരിയാർ പ‍ഞ്ചായത്തുകളിലേയും വാഗമൺ ഒഴികെയുള്ള ഏലപ്പാറ പഞ്ചായത്തിലെയും കർഷകർക്ക് ആശ്രയിക്കുന്നതിന് ഇപ്പോൾ രണ്ട് ഫാക്ടറികൾ മാത്രമേയുള്ളു. ഈ ഫാക്ടറികളുടെ ഉൽപാദന ശേഷിയിലും കൂടുതൽ പച്ചക്കൊളുന്താണ് ‌ഓരോ ദിവസവും ഇവിടേക്ക് എത്തുന്നത്. അതുകൊണ്ടു മുഴുവൻ ചെറുകിട കർഷകരുടെയും കൊളുന്ത് സ്വീകരിക്കുന്നതിനു ഫാക്ടറികൾക്കു കഴിയുന്നില്ല. ഇങ്ങനെ കൊളുന്ത് വിൽപന നടത്തുന്നതിനു മാർഗം ഇല്ലാതെ വരുന്ന കർഷകരെ ഇടനിലക്കാർ ചൂഷണം ചെയ്യുകയാണ്. മൂന്നാറിലേക്ക് ഉൾപ്പെടെ കൊണ്ടു പോകാൻ ഏജന്റുമാർ ശേഖരിക്കുന്ന കൊളുന്തിന് 12 രൂപയിൽ താഴെയാണ് വില നൽകുന്നതെന്നു കർഷകർ പരാതിപ്പെടുന്നു. പീരുമേട് താലൂക്കിൽ 5000 ചെറുകിട തേയില കർഷകർ ഉണ്ടെന്നും ഇവരെ സംരക്ഷിക്കുന്നതിനായി സർക്കാർ നിയന്ത്രണത്തിൽ ഫാക്ടറികൾ സ്ഥാപിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com