ADVERTISEMENT

കട്ടപ്പന∙ മലയോര ഹൈവേയുടെ ഭാഗമായി നിർമിക്കുന്ന കലുങ്കിനായി എടുത്ത കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് അപകടം. യാത്രക്കാരനായ യുവാവ് പരുക്കേൽക്കാതെ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഐടിഐ ജംക്‌ഷനും ഓക്‌സീലിയം സ്‌കൂൾ ജംക്‌ഷനുമിടയിൽ 23ന് വൈകിട്ടാണ് അപകടം നടന്നത്. 

റോഡിന്റെ ഒരുഭാഗത്തെ ടാറിങ് പൊളിച്ച് കുഴിയെടുത്താണ് കലുങ്ക് നിർമിക്കുന്നത്. കുഴിയെടുത്ത ഭാഗത്ത് ഇരുമ്പ് കമ്പികൾ സ്ഥാപിച്ച് കലുങ്ക് നിർമിക്കാനുള്ള ജോലികൾ പുരോഗമിക്കുകയാണ്. ഈ കുഴിയിലേക്കാണ് ബൈക്ക് യാത്രികൻ പതിച്ചത്. കുഴിയിൽ സ്ഥാപിച്ചിരുന്ന കമ്പികളിലേക്ക് പതിക്കാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. കഴിഞ്ഞ ദിവസം സ്‌കൂട്ടർ യാത്രികനും ഇവിടെ അപകടത്തിൽപെട്ടിരുന്നു. 

കട്ടപ്പന-കുട്ടിക്കാനം പാതയിൽ ഐടിഐ ജംക്‌ഷനും പ്ലാമൂടിനും മധ്യേയുള്ള ഭാഗത്ത് 6 കലുങ്കുകളുടെ നിർമാണമാണ് പുരോഗമിക്കുന്നത്. കൂടാതെ വളവുകളിൽ റോഡിന് വീതി കൂട്ടി സംരക്ഷണഭിത്തികൾ നിർമിക്കുന്ന ജോലിയും നടന്നുവരുകയാണ്. ഇതിനാൽ ഈ റോഡിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. 

പകൽ സമയങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ ഗതാഗത നിയന്ത്രണത്തിന് തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. പണികൾ കഴിഞ്ഞ് തൊഴിലാളികൾ മടങ്ങിയാൽ ഗതാഗത നിയന്ത്രണത്തിന് ആവശ്യത്തിന് ആൾ ഇല്ലാത്തതും വേണ്ടത്ര സുരക്ഷാ മുന്നറിയിപ്പുകൾ ഇല്ലാത്തതും വെളിച്ചക്കുറവുമെല്ലാമാണ് കലുങ്കുകൾ നിർമിക്കുന്ന മേഖലകളിൽ ഗതാഗതക്കുരുക്കിനും അപകടത്തിനും കാരണമാകുന്നതെന്നാണ് ആക്ഷേപം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com