ADVERTISEMENT

മൂന്നാർ∙ പുതിയ അധ്യയന വർഷമാരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ തുടർച്ചയായ രണ്ടാം വർഷവും പഠന സൗകര്യമില്ലാതെ ലക്കം കോളനിയിലെ കുരുന്നുകൾ. മൂന്നാർ പഞ്ചായത്തിലെ ഏക ഗോത്രവർഗ കോളനിയാണ് മറയൂർ റോഡിൽനിന്ന് 8 കിലോമീറ്റർ ദൂരത്തുള്ള വനമേഖലയിലെ ലക്കം കോളനി. 12 കുരുന്നുകൾക്ക് ഇതോടെ ഇത്തവണയും സ്കൂളിൽ പോകാൻ കഴിയാത്ത സ്ഥിതിയായി. 

മുതുവാൻ വിഭാഗത്തിൽപെട്ട 68 കുടുംബങ്ങളാണ് ലക്കം കോളനിയിൽ താമസിക്കുന്നത്. ഒന്നര വർഷം മുൻപു വരെ കോളനിയിൽ പ്രവർത്തിച്ചിരുന്ന ഏകാധ്യാപക സ്കൂളിലായിരുന്നു കുട്ടികൾ പഠിച്ചിരുന്നത്. എന്നാൽ ഏകാധ്യാപക സ്കൂളുകൾ     സർക്കാർ നിർത്തലാക്കിയതോടെ അങ്കണവാടി സൗകര്യം പോലുമില്ലാത്ത കോളനിയിലെ കുരുന്നുകൾക്ക് പ്രാഥമിക പഠന സൗകര്യമില്ലാതായി.

മുതിർന്ന കുട്ടികൾ മറയൂർ, മൂന്നാർ മേഖലകളിലെ സർക്കാർ വക ഹോസ്റ്റലുകളിൽ നിന്നാണ് പഠനം നടത്തുന്നത്. ഏകാധ്യാപക സ്കൂൾ പ്രവർത്തനം അവസാനിപ്പിക്കുന്ന സമയത്ത് പഠിച്ചിരുന്ന കുട്ടികളടക്കമുള്ളവരാണ് പഠന സൗകര്യമില്ലാതെ വീടുകളിൽ തന്നെ കഴിയുന്നത്. അഞ്ചും ആറും വയസ്സിൽ താഴെയുള്ള കുട്ടികളായതിനാൽ ദൂരെ സ്ഥലങ്ങളിലുള്ള ഹോസ്റ്റലുകളിൽ വിട്ടു പഠിപ്പിക്കുന്നതിന് മാതാപിതാക്കൾ തയാറാകാത്തതിനാൽ ഇവരുടെ പഠനം ഇത്തവണയും സാധ്യമാകില്ല.

കെ.ജഗന്നാഥൻ, എസ്ടി പ്രമോട്ടർ, ലക്കം കോളനി : ലക്കം കോളനിയിലെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം നടത്തുന്നതിനായി അങ്കണവാടി തുടങ്ങണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് നിരവധി പരാതികൾ നൽകിയിട്ടും ഒന്നര വർഷമായി നടപടികളൊന്നുമുണ്ടായില്ല. ഏകാധ്യാപക സ്കൂൾ പ്രവർത്തിച്ചിരുന്ന സമയത്ത് കുട്ടികൾ കൃത്യമായി സ്കൂളിൽ വന്നിരുന്നു. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com