ADVERTISEMENT

കമ്പം ∙ തുടരെ രണ്ടാം ദിവസവും ജനവാസമേഖലയിലിറങ്ങാതെ വനത്തിൽ നിലയുറപ്പിച്ച് അരിക്കൊമ്പൻ. ഷൺമുഖ ഡാം പരിസരത്തെ കുത്തനാച്ചി ക്ഷേത്രത്തിന്റെ സമീപത്തുനിന്ന് ഒന്നര കിലോമീറ്റർ അകലെ വനത്തിലാണ് ആന നിൽക്കുന്നതെന്നു കമ്പം എംഎൽഎ എൻ.രാമകൃഷ്ണൻ അറിയിച്ചു. ജനവാസമേഖലയിലെത്തിയാൽ മയക്കുവെടി വയ്ക്കാൻ ദൗത്യസംഘം തയാറായി നിൽക്കുന്നുണ്ട്.

മേഖലയിൽ തമിഴ്നാട് പൊലീസ്, വനംവകുപ്പ്, റവന്യു വിഭാഗങ്ങൾ നിരീക്ഷണം തുടരുകയാണ്. ഷൺമുഖ നദിയിലെ അണക്കെട്ടിൽ അരിക്കൊമ്പൻ ഇന്നലെ വെള്ളം കുടിക്കാനായി എത്തിയിരുന്നു. ഡാമിൽ നിന്നു വെള്ളം കുടിച്ചശേഷം ആന ജനവാസമേഖലയിലേക്കു കടന്നാൽ മയക്കുവെടി വയ്ക്കാനാണു തമിഴ്നാട് സർക്കാരിന്റെ തീരുമാനം.മണ്ണുമാന്തി യന്ത്രങ്ങളും ക്രെയ്നും ഷൺമുഖ ഡാം പരിസരത്ത് എത്തിച്ചിട്ടുണ്ട്. ഡാം പരിസരത്തേക്കു കുങ്കിയാനകളെ എത്തിക്കാനുള്ള റോഡ് നിർമാണവും ഇന്നലെ ആരംഭിച്ചു.

തുമ്പിക്കൈയിലെ മുറിവ് ഗുരുതരമല്ല

അരിക്കൊമ്പന്റെ തുമ്പിക്കൈയിലുള്ള മുറിവ് ഗുരുതരമല്ലെന്നു വെറ്ററിനറി സർജൻ ഡോ. അബ്ദുൽ ഫത്ത. അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലേക്കു കൊണ്ടുപോയപ്പോൾ സംഭവിച്ച മുറിവാണത്. മുറിവ് ആഴത്തിലുള്ളതായിരുന്നെങ്കിൽ ഇപ്പോൾ ഭക്ഷണമെടുക്കാൻ പറ്റാത്ത സ്ഥിതിയിലാകുമായിരുന്നു.ഇൗ മുറിവ് തനിയെ ഭേദമാകാനാണു സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. 2018ൽ ആദ്യ അരിക്കൊമ്പൻ ദൗത്യത്തിലെ സംഘാംഗമായിരുന്ന ഡോ. അബ്ദുൽ ഫത്ത ഇപ്പോൾ വണ്ടൻമേട് ഗവ. മൃഗാശുപത്രിയിലെ വെറ്ററിനറി സർജനാണ്.

അരിക്കൊമ്പനെ പേടിച്ച്  അതിവേഗം വിളവെടുപ്പ്

കമ്പം ∙ മേഖലയിലെ മുന്തിരിത്തോട്ടങ്ങളിൽ അരിക്കൊമ്പൻ കടന്നതോടെ കർഷകർ വിളവെടുപ്പ് വേഗത്തിലാക്കി. സുരുളി, ആനഗജം എന്നിവിടങ്ങളിലെ മുന്തിരിത്തോട്ടങ്ങളിലൂടെ അരിക്കൊമ്പൻ കയറിയിരുന്നു. കടന്നുപോകുന്നതിനിടെ ആന മുന്തിരിക്കുലകൾ പറിച്ചെടുത്തിരുന്നു.ഒരു ഭാഗത്തു പുതിയ മുന്തിരിച്ചെടികൾ വളർത്തിയെടുക്കുകയാണു കർഷകർ. മറുഭാഗത്തു സീസണിലെ അവസാന വിളവെടുപ്പ് നടക്കുകയുമാണ്. കാട്ടാന ഇനിയും വന്നാലോ എന്നു ഭയന്നാണു വിളവെടുപ്പ് ഇപ്പോൾ വേഗത്തിലാക്കിയത്.

∙ സിഗ്നൽ എവിടെ

അരിക്കൊമ്പന്റെ കഴുത്തിൽ കെട്ടിയ റേഡിയോ കോളറിൽ നിന്നു സിഗ്നൽ ലഭിക്കാൻ വൈകുന്നത് അധികൃതരെ പ്രയാസത്തിലാക്കുന്നു. റേഡിയോ കോളറിൽ നിന്ന് 5 മണിക്കൂറിനിടെ 2 സിഗ്നലുകൾ മാത്രമാണു ലഭിക്കുന്നത്. ഈ സിഗ്നലുകൾ കിട്ടി അരിക്കൊമ്പന്റെ ലൊക്കേഷൻ പരിശോധിച്ചു കഴിയുമ്പോൾ ആന കൂടുതൽ ദൂരം സഞ്ചരിച്ചു കഴിഞ്ഞിരിക്കും. 5 മണിക്കൂറിൽ സിഗ്നൽ ലഭിക്കുന്ന ക്രമീകരണം രണ്ടര മണിക്കൂറാക്കി കുറച്ചെന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ട്. എന്നാൽ ഉൾവനത്തിലേക്ക് ആന പോകുമ്പോൾ സഞ്ചാരപാത നിർണയിക്കാനുള്ള സിഗ്നലുകൾ ലഭിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.

∙ അരി ഇല്ലന്നേയുള്ളൂ

അരിക്കൊമ്പൻ ഇന്നലെ നിലയുറപ്പിച്ച വനമേഖലയിൽ ഞാവൽമരങ്ങളാണു കൂടുതൽ. ഇവിടെ തീറ്റയും വെള്ളവും ധാരാളമുണ്ട്. ഷൺമുഖ നദിക്കു കുറുകെയുള്ള ചെക്ഡാമിൽ എപ്പോഴും വെള്ളം ലഭ്യമാണ്. ഇവിടെ നിന്നു മുകളിലേക്ക് സഞ്ചരിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ മേഘമലയിൽ എത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com