തൊടുപുഴ ∙ എൻസിസി കെഡറ്റുകൾക്കു വേണ്ടിയുള്ള ഉന്നത പരിശീലന കേന്ദ്രം ന്യൂമാൻ കോളജിൽ പ്രവർത്തനമാരംഭിച്ചു. സായുധസേനാ, കമാൻഡോ, എൻസിസിയുടെ പ്രത്യേക പരിശീലന വേദികൾ എന്നിവിടങ്ങളിൽ മാത്രം ക്രമീകരിക്കുന്ന സൗകര്യങ്ങളാണു കോളജ് ക്യാംപസിനോട് അനുബന്ധിച്ച് വിദ്യാർഥികൾക്കായി ഒരുക്കിയിരിക്കുന്നത്. ആയുധ പരിശീലനം, സാഹസിക അഭിരുചി, കായികക്ഷമത എന്നിവ പരിപോഷിപ്പിക്കുന്നതിന് ഉപകരിക്കുന്ന സംവിധാനങ്ങൾ ഉൾപ്പെടെ ഒട്ടേറെ ഉപകരണങ്ങൾ പരിശീലന കേന്ദ്രത്തിലുണ്ട്.
എൻസിസി കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റ് എഡിജി മേജർ ജനറൽ അലോക് ബേരി പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ കോളജ് രക്ഷാധികാരി ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, കോളജ് മാനേജർ മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ, എൻസിസി കോട്ടയം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ബിജു ശാന്താറാം,
18 കേരള ബറ്റാലിയൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ കേണൽ ലാൻസ് ഡി റോഡ്രിഗ്രസ്, കോളജ് പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ്, എൻസിസി ഓഫിസർ ക്യാപ്റ്റൻ പ്രജീഷ്.സി.മാത്യു, വൈസ് പ്രിൻസിപ്പൽ ഡോ. സാജു ഏബ്രഹാം, കോളജ് ബർസാർ ഫാ. ഏബ്രഹാം നിരവത്തനാൽ എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി നടത്തിയ സാഹസിക പരിശീലന പരിപാടികൾ കാണികൾക്ക് ആവേശമായി.