അടിമാലി ∙ മഴമാറി നിന്ന പകലിൽ കുരുന്നുകളുടെ തെളിഞ്ഞ പുഞ്ചിരിയാൽ സ്കൂളുകൾ വീണ്ടും സജീവമായി. ജില്ലാതല പ്രവേശനോത്സവം പണിക്കൻകുടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എംപി, വിദ്യാഭ്യാസ ഉപഡയറക്ടർ പി.കെ.ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ, ജില്ല പഞ്ചായത്ത് അംഗം ഷൈനി സജി, പഞ്ചായത്ത് പ്രസിഡന്റ് രമ്യ റനീഷ്, വൈസ് പ്രസിഡന്റ് ടി.പി.മൽക്ക, സ്വാഗത സംഘം ചെയർമാൻ എൻ.വി.ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗം സനില രാജേന്ദ്രൻ, സ്കൂൾ പ്രിൻസിപ്പൽ പി.എം.കണ്ണൻ, പ്രധാന അധ്യാപകൻ സക്കീർ ഹുസൈൻ, പിടിഎ പ്രസിഡന്റ് എൻ.എം.മനോജ് എന്നിവർ പ്രസംഗിച്ചു.

ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 496 സ്കൂളുകളിലായി നിലവിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത് 5506 കുട്ടികളാണ്.
അപരിചിതത്വമില്ലാതെ അതിഥിത്തൊഴിലാളിയുടെ മക്കൾ
വെങ്ങല്ലൂർ മുനിസിപ്പൽ യുപി സ്കൂളിൽ എത്തിയപ്പോൾ അഫ്രീൻ അഞ്ജും അപരിചിതത്വം അറിഞ്ഞില്ല. ഇതര സംസ്ഥാനത്ത് നിന്ന് എത്തി സ്കൂളിൽ പഠിക്കുന്ന 5 കുട്ടികൾക്കൊപ്പമാണ് ആദ്യം കൂട്ടുകൂടിയതെങ്കിലും ക്ലാസിലെത്തിയപ്പോൾ കഥമാറി. എല്ലാവരോടും കൂട്ടായി; ചങ്ങാത്തമായി. 20 വർഷമായി മരപ്പണി ചെയ്യുന്ന അസം സ്വദേശിയായ അലിയുടെ മകളാണ് അഫ്രീൻ. മാതാവ് ഷാഹിദ ഹതും. വെങ്ങല്ലൂർ സ്കൂളിന്റെ പേര് സഹപ്രവർത്തകരിൽ നിന്നറിഞ്ഞാണ് സ്കൂളിലെത്തി മകൾക്ക് പ്രവേശനം നേടിയതെന്ന് അലി പറഞ്ഞു.

മനം കീഴടക്കി ലിയ ജോസിന്റെ സ്നേഹപ്രകടനം
ഒരു മിഠായി 23 കുട്ടികൾക്ക് കൊടുക്കാൻ കഴിയുമോ ? കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് പ്രവേശനോത്സവ ദിവസത്തിൽ എൽകെജി വിദ്യാർഥിനി ലിയ ജോസ്. പപ്പ വാങ്ങി നൽകിയ മിഠായി ചെറിയ തരിയാക്കിയാണ് സഹപാഠികളിലേക്ക് എത്തിച്ചത്. തന്റെ ഈ സ്നേഹ പ്രകടനം തേഡ്ക്യാംപ് ഗവ എൽപി സ്കൂളിലെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും മനംനിറച്ചു. വാണിയംപറമ്പിൽ ട്രീസ–ജോസ് ദമ്പതികളുടെ മകളാണ് ലിയ ജോസ്. സ്കൂളിൽ നവാഗതരെ കിരീടം ധരിപ്പിച്ചും മധുര പലഹാരം നൽകിയുമാണ് സ്കൂളിലേക്ക് സ്വീകരിച്ചത്.
പ്രവേശനോത്സവ പൊതുസമ്മേളനം ഉദ്ഘാടനത്തിന് ജില്ല കലക്ടർ ഷീബ ജോർജും എത്തി. പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് എസ്.മോഹനൻ അധ്യക്ഷത വഹിച്ച നെടുങ്കണ്ടം സബ് ജില്ലാതല പ്രവേശനോത്സവം തേഡ്ക്യാംപ് ഗവ എൽപി സ്കൂളിലാണ് നടന്നത്. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ.സുരേഷ്കുമാർ, ജില്ല പഞ്ചായത്തംഗം ജിജി കെ.ഫിലിപ്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാണി തോമസ്, ഹെഡ്മിസ്ട്രസ് എ.എൻ.ശ്രീദേവി എന്നിവർ പ്രസംഗിച്ചു.
സമ്മാനമായി പമ്പരവും പായസവും
കൂട്ടാർ എസ്എൻഎൽപി സ്കൂളിലെ പ്രവേശനോത്സവത്തിൽ നവാഗതർക്ക് നൽകിയത് പമ്പരവും പായസവും. പാഠ്യപദ്ധതി വിഭാവനം ചെയ്ത സചിത്രബുക്ക് ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിച്ചായിരുന്നു ഒന്നാം ക്ലാസുകാരുടെ പ്രവേശനോത്സവ ചടങ്ങ് ആരംഭിച്ചത്. നവാഗതരായി എത്തിയ 135 കുട്ടികൾക്ക് പമ്പരം, വർണ്ണത്തൊപ്പി, മധുര പലഹാരങ്ങൾ, പായസം, ഉച്ചഭക്ഷണം എന്നിവ വിതരണം ചെയ്തു. സ്കൂൾ മാനേജർ ജിജി കുറുമാക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വാർഡ് മെംബർ ജയ്‌മോൻ നെടുവേലിൽ ഉദ്ഘാടനം ചെയ്തു.
കാട്ടുതേനും കാട്ടുപഴവും നൽകി സ്വീകരണം

കോമ്പയാർ ∙ കോമ്പയാർ സെന്റ് തോമസ് എൽപി സ്കൂളിൽ നവഗതരെ ചന്ദനം ചാർത്തി കാട്ടുതേനും കാട്ടുപഴവും നൽകിയാണ് സ്വീകരണം ഒരുക്കിയത്. സ്കൂൾ കവാടത്തിൽ നിന്നും റാലിയായി സ്കൂളിലേക്ക് നവാഗതരെ എത്തിച്ചു. തുടർന്ന് സ്കൂൾ മാനേജർ ഫാ. ജിപ്സൺ ചുള്ളിയിൽ വിദ്യാർഥികളുടെ നെറ്റിയിൽ ചന്ദനം ചാർത്തി നൽകി. സ്കൂൾ വളപ്പിലെ അക്ഷര മരത്തിൽ നിന്നും അക്ഷരങ്ങൾ ഇറുത്തെടുത്ത് വിദ്യാർഥികളെ ക്ലാസിലേക്ക് എത്തിച്ചു.
തുടർന്ന് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും പായസ വിതരണവും നടത്തി. പഞ്ചായത്തംഗം ശോഭന വിജയൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ വിജയലക്ഷ്മി ഇടമന, ഹെഡ്മാസ്റ്റർ ബിജു ജോർജ് എന്നിവർ പ്രസംഗിച്ചു.
അകമ്പടിയായി ബാൻഡ് മേളം
സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ നവാഗതരെ ബാൻഡ് മേളം, ചെണ്ടമേളം അകമ്പടിയോടെ സ്കൂളിലേക്ക് സ്വീകരിച്ച് ആനയിച്ചു. കുട്ടികളെ സ്റ്റേജിൽ കയറ്റി അക്ഷരദീപം തെളിയിച്ചു. ശേഷം ഓരോ കുട്ടികൾക്കും സ്വയം പരിചയപ്പെടുത്തുന്നതിന് അവസരം നൽകി സമ്മാനപ്പൊതികളും വിതരണം ചെയ്തു. വിഭവ സമൃദ്ധമായ സദ്യയോടെ പ്രവേശനോത്സവം സമാപിച്ചു.
സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ.ജോസഫ് കൂട്ടുംകുടിയിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജോൺ ചേനംചിറയിൽ, ഹെഡ്മാസ്റ്റർ ബിനോയ് മാത്യു, വാർഡ് മെംബർ ഷിബു ചെരികുന്നേൽ എന്നിവർ പ്രസംഗിച്ചു.
ആദ്യദിന സമ്മാനം പ്ലാവിൻതൈ!
ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികൾക്കെല്ലാം ആദ്യ ദിനം സമ്മാനമായി പ്ലാവിൻതൈ സമ്മാനം ! തോപ്രാംകുടി മരിയ ഗൊരേത്തി എൽപി സ്കൂളിൽ പ്രവേശനം നേടിയ 45 കുട്ടികൾക്കാണ് മാതാ നഴ്സറി ഉടമ ജോസഫ് മുരിങ്ങയിൽ മുന്തിയ ഇനം വിയറ്റ്നാം പ്ലാവിൻ തൈകൾ സമ്മാനിച്ചത്. കുട്ടികളുടെ ആദ്യ സ്കൂൾ ദിനത്തിന്റെ ഓർമ എന്നെന്നും നിലനിർത്തുന്നതിനാണ് ഇത്തരത്തിലൊരു പരിപാടി ആവിഷ്കരിച്ചതെന്ന് അധികൃതർ പറഞ്ഞു.
ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. ജോർജ് കൊല്ലംപറമ്പിൽ, അസി. വികാരി ഫാ.സാവിയോ കാട്ടുപാലം, ബ്ലോക്ക് പഞ്ചായത്ത് മെംബർ ജ്യോത്സന, പഞ്ചായത്തംഗം ടെറിസ രാരിച്ചൻ ഹെഡ്മാസ്റ്റർ സിജിമോൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.