ആരോഗ്യരംഗത്ത് കുതിക്കുന്ന കേരളം വേദനയോടെ നോക്കിനിന്ന ചില ‘കുതിച്ചുപായലു’കളാണ് ഇടുക്കിയിൽ നടക്കുന്നത്. കൊട്ടിഘോഷിച്ചു നിർമിക്കുന്ന ആശുപത്രികൾ വെറും കെട്ടിടങ്ങൾ മാത്രമായി നിൽക്കുമ്പോൾ നല്ല ആശുപത്രികളിലേക്ക് പോകുന്നവരുടെ എണ്ണം ഇനിയും കൂടുമെന്ന് ഉറപ്പ്. ജീവനും വാരിയെടുത്ത് ആംബുലൻസിൽ സൈറണുമിട്ട് അയൽ ജില്ലകളിലേക്ക് പായുകയാണ് ഇടുക്കിയുടെ ആരോഗ്യരംഗം
ഇടുക്കിയുടെ ആരോഗ്യം അയൽജില്ലകളിൽ ഭദ്രം
തൊടുപുഴ ∙ ആംബുലൻസ് ഡ്രൈവർമാരുടെ വേഗത്തിനു കയ്യടിച്ചു വഴിയൊരുക്കിയ നാട്ടുകാർക്ക് നന്ദിയറിയിച്ചും ഇടുക്കിയുടെ ആരോഗ്യത്തെ അയൽജില്ലകളിലെ മൾട്ടി സ്പെഷ്യൽറ്റി ആശുപത്രികളുടെ കരുതലിൽ ഏൽപിച്ചു സ്വസ്ഥമായി മയങ്ങുകയാണു നമ്മുടെ അധികൃതർ. എല്ലാ സൗകര്യങ്ങളുമുള്ള ഒരു സർക്കാർ ആശുപത്രി ഇടുക്കിക്ക് സ്വന്തമായി ഉണ്ടായിരുന്നെങ്കിൽ ഈ ഓട്ടപ്പാച്ചിലുകളും അത്യാഹിത മരണങ്ങളും ഒഴിവാക്കാമായിരുന്നു.

രണ്ടു മണിക്കൂറെടുക്കും ഹൈറേഞ്ചിൽ നിന്നൊരു രോഗിയെ കോട്ടയം മെഡിക്കൽ കോളജിലോ തേനി മെഡിക്കൽ കോളജിലോ എറണാകുളത്തെ ആശുപത്രികളിലോ എത്തിക്കാൻ. അപകടം സംഭവിച്ച ശേഷം രോഗിയെ രക്ഷിക്കാൻ ഏറ്റവും നിർണായകമായ ആദ്യ നിമിഷങ്ങൾ, ഡോക്ടർമാരുടെ ഭാഷയിൽ ‘ഗോൾഡൻ അവർ’ ആണ് ഇടുക്കിക്ക് നഷ്ടമാകുന്നത്.
സേവ് ഇടുക്കി ക്യാംപെയ്ൻ
ജില്ലയിലെ വിദഗ്ധ ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്തതയുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ നിറയുന്നു. ലോകത്തിനു തുറന്ന കത്ത്, സേവ് ഇടുക്കി, സേവ് ലൈഫ്, അടിമാലിക്ക് വേണം പുതിയൊരു ആശുപത്രി തുടങ്ങിയ ഒട്ടേറെ ഹാഷ് ടാഗുകളിലാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നത്.

സർക്കാരിനും ജനപ്രതിനിധികൾക്കുമെതിരെ രൂക്ഷ വിമർശനങ്ങളാണ് കുറിപ്പുകളിലുള്ളത്. വിദഗ്ധ ചികിത്സ സൗകര്യമില്ലാത്ത കെട്ടിടങ്ങൾ മാത്രമായ ഇടുക്കി മെഡിക്കൽ കോളജ് ആരോഗ്യ രംഗത്ത് നമ്പർ വൺ ആയ സംസ്ഥാനത്തിന് യോജിച്ചതല്ലെന്നും സമൂഹ മാധ്യമങ്ങളിൽ വിമർശനമുണ്ട്.
ഇടുക്കിയിലെത്താതെ ഡോക്ടർമാർ
വിദഗ്ധരായ സ്‌പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഹൈറേഞ്ച് മേഖലയിൽ ലഭിക്കാത്തതിനു കാരണം ഇവിടത്തെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണെന്ന് ആരോപണം. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളിൽ കഴിയുന്ന ഡോക്ടർമാർക്ക് അനുയോജ്യമായ രീതിയിൽ കഴിയാനുള്ള സാഹചര്യം ഇവിടെയില്ലെന്നാണ് ആക്ഷേപം. അതിനാൽ സ്വകാര്യ ആശുപത്രികളിലേക്കു പോലും പരിചയ സമ്പന്നരായ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ സാധിക്കുന്നില്ലെന്നാണ് വിലയിരുത്തൽ.
ദുരിതത്തിൽ നമ്പർ വൺ കട്ടപ്പന
കട്ടപ്പനയിൽ പിഎച്ച്‌സികളും സിഎച്ച്‌സികളും എഫ്എച്ച്‌സികളും കഴിഞ്ഞാൽ സർക്കാർ മേഖലയിൽ ജനങ്ങൾക്ക് ആശ്രയിക്കാനുള്ളത് താലൂക്ക് ആശുപത്രിയാണ്. പരിമിതികളാണ് അവിടെ കൂടുതൽ. ഇവിടെയെത്തുന്ന വർക്കു വിദഗ്ധ ചികിത്സ ആവശ്യമായി വന്നാൽ കുറഞ്ഞത് 100 കിലോമീറ്ററിൽ അധികം സഞ്ചരിച്ചു സമീപ ജില്ലകളിലെ ആശുപത്രികളിൽ എത്താതെ നിവൃത്തിയില്ല.
ഗൈനക്കോളജി വിഭാഗം പോലും ഇവിടെയില്ല. കോട്ടയം, എറണാകുളം ജില്ലകൾക്കു പുറമേ തമിഴ്‌നാട്ടിലെ ആശുപത്രികളിലേക്കുമാണ് ജില്ലയിൽ നിന്നുള്ള രോഗികളെ കൊണ്ടുപോകുന്നത്. ഭേദപ്പെട്ട ചികിത്സ വേണമെങ്കിൽ സ്വകാര്യ ആശുപത്രികൾ മാത്രമാണ് ആശ്രയം.
ജില്ലയിൽ കഴിഞ്ഞ രണ്ടാഴ്ചയിലെ അപകടങ്ങളും രക്ഷാപ്രവർത്തനവും ഇവയൊക്കെ:
∙മേയ് 19: കമ്മൽ വിഴുങ്ങിയ മൂന്ന് വയസ്സുകാരിയെ 1 മണിക്കൂർ 10 മിനിറ്റ് കൊണ്ട് കുമളിയിൽ നിന്നു പാലായിലെ ആശുപത്രിയിൽ എത്തിച്ചു.
∙മേയ് 28: ചെറുതോണിയിലുണ്ടായ ബൈക്ക് അപകടത്തിൽ പരുക്കേറ്റ യുവാവിനെ പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം എറണാകുളം ജില്ലയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരിച്ചു.
∙മേയ് 31: രാജകുമാരിയിൽ വച്ച് ഹൃദയാഘാതമുണ്ടായ എയ്ഡഡ് കോളജ് അധ്യാപകനെ എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോൾ മരിച്ചതും ദിവസങ്ങൾക്ക് മുൻപാണ്.
∙ജൂൺ 1: അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിക്ക് അമിത രക്തസ്രാവമുണ്ടായതിനെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോൾ മരിച്ചു.
∙ജൂൺ 1: കട്ടപ്പനയിൽ വച്ച് ഹൃദയാഘാതമുണ്ടായ പതിനേഴുകാരിയുടെ ജീവൻ രക്ഷിക്കാൻ ആംബുലൻസ് കട്ടപ്പനയിൽ നിന്ന് 2 മണിക്കൂർ 59 മിനിറ്റ് കൊണ്ട് 132 കിലോമീറ്റർ അകലെയുള്ള എറണാകുളം അമൃത ആശുപത്രിയിലെത്തിച്ചു. കട്ടപ്പനയിൽ നിന്ന് 25 കിലോമീറ്റർ അകലെ ഇടുക്കി മെഡിക്കൽ കോളജ് ഉള്ളപ്പോഴാണ് ആംബുലൻസ് ജീവനക്കാർ ജീവൻ കയ്യിലെടുത്ത് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടത്.
ഗോൾഡൻ അവർ– ആദ്യത്തെ സുപ്രധാന മണിക്കൂർ
അപകടമുണ്ടായി കഴിഞ്ഞാലുള്ള ആദ്യത്തെ സുപ്രധാന മണിക്കൂറാണ് ഗോൾഡൻ അവർ. ഈ സമയത്ത് ചികിത്സ ലഭ്യമാക്കിയാൽ അപകടമുണ്ടാകുന്നയാൾ രക്ഷപ്പെടാനുള്ള സാധ്യത വർധിക്കും. രക്തസ്രാവം തടയുക, ശ്വസിക്കാൻ സഹായിക്കുക, അടുത്തുള്ള ആശുപത്രിയിൽ രോഗിയെ എത്തിക്കുക എന്നിവയാണ് ഈ മണിക്കൂറിൽ ചെയ്യേണ്ടത്.