മറയൂർ ∙ കാന്തല്ലൂർ പയസ് നഗറിലെ വനംവകുപ്പ് ഓഫിസിന് സമീപമുള്ള സ്വകാര്യഭൂമിയിൽ നിന്നും മോഷ്ടാക്കൾ ചന്ദന മരം മുറിച്ച് കടത്താൻ ശ്രമിച്ചു. പ്രദേശവാസിയായ യുവാവിന്റെ സമയോചിത ഇടപെടൽ മൂലം ശ്രമം ഉപേക്ഷിച്ച് മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു. ബുധനാഴ്ച വൈകിട്ട് 7 മണിയോടു കൂടിയാണ് സംഭവം. പയസ് നഗർ ഫോറസ്റ്റ് സ്റ്റേഷനു 300 മീറ്റർ മാത്രം അകലെയാണ് മോഷണ ശ്രമം നടന്നത്.
50 സെന്റി മീറ്റർ വ്യാസമുള്ള ചന്ദനമരം മോഷ്ടാക്കൾ മുറിച്ചു വീഴ്ത്തി. ഇതേസമയം ഈ വഴി പോയ പ്രദേശവാസിയായ യുവാവ് ഒച്ച വയ്ക്കുകയും വനംവകുപ്പിൽ വിവരം അറിയിക്കുകയും ചെയ്തതിനെ തുടർന്ന് മോഷ്ടാക്കൾ ശ്രമം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. സ്വകാര്യഭൂമിയിൽ നിന്നും ചന്ദന മോഷണം നടന്നാൽ അന്വേഷണ ചുമതല വനംവകുപ്പിന് അല്ല പൊലീസിനാണെന്നും വിവരങ്ങൾ കൈമാറിയിട്ടുള്ളതായും വനം വകുപ്പ് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ആഴ്ച കോവിൽക്കടവ് സഹായഗിരിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്നും ചന്ദനമരം മോഷണം പോയിരുന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം പ്രദേശത്ത് സ്വകാര്യഭൂമിയിൽ നിന്നും ചന്ദനം മോഷണം പതിവായിരിക്കുകയാണ്. മോഷണം തടയാൻ ശക്തമായ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.