കുമളി ∙ അരിക്കൊമ്പനു കാട്ടിനുള്ളിൽ അധികൃതർ അരിയെത്തിച്ചു നൽകിയെന്ന പ്രചാരണം തമിഴ്നാട് വനംവകുപ്പ് അധികൃതർ നിഷേധിച്ചു. ആനയെ കാടിനു പുറത്തേക്കെത്തിക്കാൻ തമിഴ്നാട് അരിയും സാധനങ്ങളും വച്ചുകൊടുത്തെന്നായിരുന്നു പ്രചാരണം. അതിനിടെ, അരിക്കൊമ്പനെ വരശനാട് വനമേഖലയിലേക്കു വനത്തിലൂടെ നയിക്കാനുള്ള തമിഴ്നാട് വനംവകുപ്പിന്റെ ശ്രമം പാളുന്നതായി സൂചന.
എരശക്കനായ്ക്കന്നൂർ മരിക്കാട് ഡാം വരെ എത്തിയ ആന വീണ്ടും ഷൺമുഖ നദി അണക്കെട്ടിനു സമീപമെത്തി. ആന ജനവാസ മേഖലയിലേക്കു കടക്കാതെ വനപാലകർ കാവൽ ശക്തമാക്കിയിട്ടുണ്ട്. 5 സംഘങ്ങളായി 85 പേരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം കമ്പത്തെ ഷണ്മുഖ നദി അണക്കെട്ട് പരിസരംവിട്ടു തേനിക്കു സമീപത്തേക്ക് അരിക്കൊമ്പൻ നീങ്ങിയിരുന്നു. ഷണ്മുഖ നദി അണക്കെട്ട് പരിസരത്തുനിന്ന് 7 കിലോമീറ്ററോളം അകലെ പൂശാനംപെട്ടി പെരുമാൾ കോവിലിനു സമീപം വനത്തിനുള്ളിൽ തന്നെയാണു കൊമ്പൻ നിലയുറപ്പിച്ചിരുന്നത്. ഇവിടെനിന്നു 2 കിലോമീറ്റർ അകലെ മാത്രമാണു ജനവാസ മേഖല.