കാഞ്ഞാർ∙ കൂവപ്പള്ളി, ചക്കിക്കാവ് മേഖലയിലുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. വെള്ളിയാഴ്ച രാത്രിയോടെ പെയ്ത ശക്തമായ പേമാരിയിലും കൊടുങ്കാറ്റിലും മരങ്ങൾ കടപുഴകി വീഴുകയും മണ്ണൊലിച്ചു പാറക്കൂട്ടം ഉരുണ്ട് റോഡിലെത്തുകയും ചെയ്തു. മരം കടപുഴകി വീണ് കൂവപ്പള്ളി റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു.
നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മരങ്ങൾ വെട്ടിനീക്കി രാത്രിയോടെ തന്നെ ഗതാഗതം പുനഃസ്ഥാപിച്ചു. മരം വീണ് വൈദ്യുതി ബന്ധവും തകരാറിലായി. ചക്കിക്കാവ് റൂട്ടിൽ പുത്തൻപുരയിൽ ഐസക്ക് സാമുവലിന്റെ പുരയിടത്തിലെ മരങ്ങളാണ് കടപുഴകി വീണത്. ഐസക്കിന്റെ വീടിന്റെ സമീപം റോഡിന്റെ മുകൾഭാഗത്തുനിന്ന് ഉരുണ്ടു വന്ന വലിയ പാറ റോഡ് അരികിലെ പോസ്റ്റിൽ ഇടിച്ചാണു നിന്നത്.
പാറ വന്നു നിൽക്കുന്ന റോഡിന്റെ താഴ്ഭാഗത്തെ വീട്ടിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. റോഡിനു മുകൾഭാഗത്ത് വലിയ പാറക്കൂട്ടങ്ങൾ വേറെയും തങ്ങിനിൽക്കുന്നുണ്ട്. രാത്രി സ്ഥലം സന്ദർശിച്ച പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ, തൊടുപുഴ തഹസിൽദാർ, കുടയത്തൂർ വില്ലേജ് ഓഫിസർ എന്നിവരുടെ നിർദേശപ്രകാരം പാറ നിൽക്കുന്ന റോഡിനു സമീപമുള്ള വീട്ടിൽനിന്ന് ആളുകളെ ബന്ധുവീട്ടിലേക്കു മാറ്റി.
ചക്കിക്കാവ് പ്രദേശത്തുണ്ടായ വ്യാപക ഇടിമിന്നലിൽ ഞാറുമണ്ണറത്ത് ബേബിയുടെ ഭാര്യ ജാൻസിക്ക് പൊള്ളലേറ്റു. വീടിന്റെ ഭിത്തി വിണ്ടുകീറി. വയറിങ് കത്തിനശിച്ചു. കലക്ടർ ഷീബ ജോർജ് ഇന്നലെ പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.