ADVERTISEMENT

മൂന്നാർ ∙ മഴക്കാലം എത്തിയിട്ടും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നത്തിന് റവന്യു വകുപ്പ് എൻഒസി പ്രതിസന്ധി, 40 വർഷത്തിലധികം പഴക്കമുള്ള മൺവീടുകളിൽ കഴിഞ്ഞ് 108 കുടുംബങ്ങൾ. റവന്യു വകുപ്പിന്റെ എൻഒസി ഇല്ലെന്ന പേരിൽ ലൈഫ്മിഷൻ പദ്ധതി പ്രകാരം അനുവദിച്ച വീടുകൾ നിർമിക്കാൻ കഴിയാതെ വിഷമത്തിലാണ് കുണ്ടള സാൻഡോസ് എസ്ടി കോളനിയിലെ ഗോത്രവിഭാഗക്കാർ.മുതുവാൻ വിഭാഗത്തിൽ പെട്ട ഗോത്രവർഗക്കാർ താമസിക്കുന്ന സെറ്റിൽമെന്റെ കോളനിയിലെ സ്ഥലത്തിന് പട്ടയം ഇല്ലാത്തതാണ് സർക്കാർ അനുവദിച്ച വീടുകൾ നിർമിക്കുന്നതിനുള്ള എൻഒസി ലഭിക്കാൻ തടസം.

കോളനിയിൽ നിന്നും രണ്ടു കിലോമീറ്റർ ദൂരത്തായി 2002 ൽ സർക്കാർ നൽകിയ പട്ടയഭൂമിയിൽ വീടു വയ്ക്കാൻ എൻഒസി നൽകാമെന്നാണ് റവന്യൂ വകുപ്പിന്റെ ഭാഗം. അടുത്തടുത്ത വീടുകളിൽ താമസിക്കുന്ന പതിവുള്ള മുതുവാൻ സമുദായത്തിൽ പെട്ട ഇവർ ദൂരെ സ്ഥലത്തേക്ക് പോകാൻ തയാറാകാത്തതോടെയാണ് വീടെന്ന ഇവരുടെ സ്വപ്നം നടപ്പാകാത്തത്.കോളനിയിലെ 30 മുതൽ 40 വർഷത്തിലധികം പഴക്കമുള്ള വീടുകളിലാണ് ഗോത്രവർഗക്കാർ ജീവിക്കുന്നത്.  മൺകട്ടയും മണ്ണും പുല്ലും ഉപയോഗിച്ച് നിർമിച്ച വീടുകൾ ഭൂരിഭാഗവും ഏതു സമയത്തും തകർന്നു വീഴാവുന്ന നിലയിലാണ്.മിക്ക വീടുകളുടെയും മേൽക്കൂര പ്ലാസ്റ്റിക് പടുത ഉപയോഗിച്ചാണ് മഴവെള്ളം അകത്ത് കയറാതെ സംരക്ഷിച്ചിരിക്കുന്നത്.

കഴിഞ്ഞ അഞ്ചു വർഷമായി ദേവികുളം പഞ്ചായത്ത് കോളനിയിലെ ഗോത്രവർഗക്കാർക്ക് ലൈഫ്മിഷൻ പദ്ധതിയിൽപ്പെടുത്തി വീട് നിർമിക്കുന്നതിനുള്ള ലിസ്റ്റിൽ പേര് ഉൾപ്പെടുത്തിയിട്ടും എൻഒസി ഇല്ലാത്തതിനാൽ ആർക്കും ഇതിന്റെ പ്രയോജനം ലഭിച്ചില്ല. ഇതിനെതിരെ ഗോത്രവർഗക്കാർ കലക്ടർ ഉൾപ്പെടെയുള്ളവർക്ക് നിരവധി പരാതികൾ നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം 2002 ൽ സാൻഡോസ് കോളനിയിൽ താമസിച്ചിരുന്ന 71 കുടുംബങ്ങൾക്ക് പട്ടയമുള്ള അഞ്ച് ഏക്കർ സ്ഥലം വീതം സർക്കാർ നൽകിയിരുന്നു.എന്നാൽ ഈ ഭൂമി താമസസ്ഥലത്തു നിന്നും രണ്ടു കിലോമീറ്റർ ദൂരത്തുള്ള വനമേഖലയിലായതിനാൽ കൃഷിക്ക് മാത്രമാണ് ഉപയോഗിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com