ADVERTISEMENT

തൊടുപുഴ ∙ ജില്ലയിൽ 1052 സർക്കാർ സ്ഥാപനങ്ങൾക്കും 64 ബിപിഎൽ കുടുംബങ്ങൾക്കും കെ ഫോൺ ഇന്റർനെറ്റ് കണക്‌ഷൻ നൽകി. ആദ്യഘട്ടത്തിൽ ജില്ലയിലെ 5 നിയോജക മണ്ഡലങ്ങളിലായി 573 ബിപിഎൽ കുടുംബങ്ങൾക്കാണു സൗജന്യ കണക്‌ഷൻ നൽകുക. ബാക്കിയുള്ളവർക്കു കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കും. അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. സൗജന്യ കണക്‌ഷന് അപേക്ഷിച്ചവരുടെ രേഖകൾ പരിശോധിച്ചു വരികയാണെന്നു പദ്ധതി നടത്തിപ്പു ചുമതലയുള്ള കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് അധികൃതർ പറഞ്ഞു. കെഎസ്ഇബിയും കെഎസ്ഐടിഐഎല്ലും ചേർന്നുള്ള സംയുക്ത സംരംഭമായ പദ്ധതി കെഫോൺ ലിമിറ്റഡ് വഴിയാണ് നടപ്പാക്കുന്നത്.

സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്കു സൗജന്യമായും മറ്റുള്ളവർക്കു മിതമായ നിരക്കിലും കെ ഫോൺ വഴി ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. നിലവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമർപ്പിച്ച പട്ടികയനുസരിച്ചുള്ള വീടുകൾ ഉൾപ്പെടെ മുൻഗണനാക്രമം അനുസരിച്ചാണ് കണക്‌ഷനുകൾ നൽകുന്നത്. മറ്റുള്ളവർക്ക് കണക്‌ഷന് വേണ്ടിയുള്ള നടപടിക്രമങ്ങൾ ആരംഭിക്കാമെങ്കിലും കണക്‌ഷൻ ലഭിക്കുന്നതിനു തുടക്ക കാലത്ത് കാലതാമസം നേരിട്ടേക്കാം. വാണിജ്യ അടിസ്ഥാനത്തിൽ സ്വകാര്യ സ്ഥാപനങ്ങൾക്കും കണക്‌ഷൻ നൽകുന്നുണ്ട്. കേരള വിഷനാണ് വീടുകളിലേക്കു ലൈൻ വലിക്കുന്നത്. 

കണക്‌ഷൻ എങ്ങനെ നേടാം?

പ്ലേ സ്റ്റോറിൽ നിന്ന് എന്റെ കെഫോൺ (enteKFON) മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക. ന്യൂ കസ്റ്റമർ (new customer) എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് പേര്, മൊബൈൽ നമ്പർ, മേൽവിലാസം, ജില്ല, ലൊക്കേഷൻ, പിൻകോഡ് എന്നിവ നൽകി റജിസ്റ്റർ ചെയ്യണം. പിന്നീട് കെ ഫോൺ ബിസിനസ് സപ്പോർട്ട് സെന്ററിൽ നിന്ന് എക്സിക്യൂട്ടീവ് വിളിക്കുകയും കണക്‌ഷൻ നൽകാൻ പ്രാദേശിക നെറ്റ്‌വർക് പ്രൊവൈഡർമാരെ ഏൽപിക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com