അരിക്കൊമ്പൻ പോയതോടെ ചക്കക്കൊമ്പൻ പണി തുടങ്ങി, ഗതാഗതം മുടക്കി ഒറ്റയാൻ

chakka-komban
ബുധനാഴ്ച രാത്രി ആനയിറങ്കലിനു സമീപം ദേശീയപാതയിലിറങ്ങിയ ചക്കക്കൊമ്പൻ.
SHARE

ചിന്നക്കനാൽ ∙ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ആനയിറങ്കലിനു സമീപം റോഡിലിറങ്ങിയ ചക്കക്കൊമ്പൻ ഒരു മണിക്കൂറോളം സമയം ഗതാഗതം തടഞ്ഞു. ബുധനാഴ്ച രാത്രി 10 ന് ആണ് സംഭവം. റോഡിൽ കൂടി നടന്ന ഒറ്റയാൻ ഒരു വഴിയോര കച്ചവടം നടത്തിയിരുന്ന താൽക്കാലിക ഷെഡ് തള്ളി വീഴ്ത്തി. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ബഹളം വച്ച് ചക്കക്കൊമ്പനെ തുരത്തിയ ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്. കഴിഞ്ഞ 23 ന് രാത്രി ഇതേ റോഡിൽ ചൂണ്ടലിനു സമീപം ചക്കക്കൊമ്പനെ കാർ ഇടിച്ച് കാർ യാത്രികനു പരുക്കേറ്റിരുന്നു. അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് മാറ്റിയതിന് ശേഷം ചക്കക്കൊമ്പൻ ജനവാസ മേഖലയിലിറങ്ങുന്നത് പതിവായെന്ന് നാട്ടുകാർ പറയുന്നു.

രാത്രിയായാൽ വന്യജീവികളുടെ ദേശീയപാത

ജില്ലയിൽ ഏറ്റവുമധികം വാഹനങ്ങളും യാത്രക്കാരും കാട്ടാനയാക്രമണങ്ങൾക്കിരയായിട്ടുള്ളത് കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 40 കിലോമീറ്റർ ഭാഗത്താണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇൗ പ്രശ്നങ്ങളെല്ലാം മുന്നിൽ കണ്ട് ദേശീയപാത നിർമിക്കുമ്പോൾ വന്യ ജീവിയാക്രമണങ്ങൾ നിയന്ത്രിക്കാനായി വനം വകുപ്പ് പല പദ്ധതികളും മുന്നോട്ടു വയ്ക്കുകയും ദേശീയപാത വിഭാഗം ഇതിനുള്ള പണം അനുവദിക്കുകയും ചെയ്തു. പക്ഷേ ദേശീയപാത നിർമാണം പൂർത്തിയായിട്ടും വനം വകുപ്പ് ആവിഷ്കരിച്ച പദ്ധതികളൊന്നും നടപ്പായില്ല. 

chakka-komban
ചക്ക കൊമ്പൻ. ചിത്രം: മനോരമ

പദ്ധതി നിർവഹണ ചുമതലയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഇതിന് കാരണം. സൂചന ബോർഡുകൾ, തെരുവ് വിളക്കുകൾ എന്നിവ സ്ഥാപിക്കാനായി 40 ലക്ഷം രൂപയാണ് ദേശീയപാത വിഭാഗം വനം വകുപ്പിന് മുൻകൂറായി കൈമാറിയത്. സോളർ ഫെൻസിങ് സ്ഥാപിക്കാൻ 13 ലക്ഷത്തിലധികം രൂപയും നൽകി. ദ്രുതപ്രതികരണ സേനയെ ശക്തിപ്പെടുത്താനും വാഹനം ഉൾപ്പെടെയുള്ള സൗകര്യങ്ങളൊരുക്കാനും 25 ലക്ഷം രൂപയും അനുവദിച്ചു. പക്ഷേ വനം വകുപ്പ് അക്കൗണ്ടിൽ കുരുങ്ങി കിടക്കുന്ന പണം സമയബന്ധിതമായി ചെലവഴിക്കാനോ പദ്ധതി പൂർത്തിയാക്കാനോ യാതൊരു ഇടപെടലുകളുമുണ്ടായിട്ടില്ല. ഇക്കാര്യത്തെ കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നാണ് വനം മന്ത്രിയുടെ നിലപാട്.

English Summary: Arikomban's friend Chakkakomban blocks national highway for an hour

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS