മന്ത്രീ... ആന സ്ഥലത്തുണ്ട്; ആനയെ തുരത്തുന്ന ആർആർടി ടീമിനെ കാണാനില്ല
Mail This Article
പീരുമേട്∙ തുടർച്ചയായ രണ്ടാം ദിവസവും ജനവാസകേന്ദ്രങ്ങളിൽ കാട്ടാനക്കൂട്ടം, ആനയെ തുരത്തുന്ന ആർആർടി ടീമിനെ കാണാനില്ല. പീരുമേട് കേന്ദ്രമാക്കി 24 മണിക്കൂറും ദ്രുതകർമ സേനയുടെ സേവനം ലഭ്യമാക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കായി. പീരുമേട് ട്രഷറി ക്വാർട്ടേഴ്സ് പരിസരങ്ങളിലും പീരുമേട് – കുട്ടിക്കാനം സമാന്തര പാതയിലുമാണ് കഴിഞ്ഞ രണ്ടു ദിവസമായി കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചിരിക്കുന്നത്.
പ്രദേശവാസികളുടെ പുരയിടങ്ങളിലെ വാഴ, തെങ്ങ് എന്നിവ നശിപ്പിക്കപ്പെട്ടു. ആനക്കൂട്ടം തമ്പടിക്കുന്ന വിവരം നാട്ടുകാർ വനം വകുപ്പിൽ അറിയിച്ചിരുന്നു. എന്നാൽ ഇതുവരെയും സേന ഇവിടേക്ക് എത്തിയില്ലെന്ന് നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ ഏപ്രിൽ 22 കുട്ടിക്കാനത്ത് നടന്ന വനസൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മന്ത്രി എ.കെ.ശശീന്ദ്രൻ പ്രദേശത്തെ ഹോട്സ്പോട്ടായി കാണുമെന്നും ഒരു യൂണിറ്റ് ആർആർടി ടീമിനെ കൂടി അധികം നിയോഗിച്ച് 24 മണിക്കൂറും കാട്ടാനക്കൂട്ടത്തിന്റെ ശല്യത്തിൽനിന്നു കർഷകർക്കും പ്രദേശവാസികൾക്കും സംരക്ഷണമൊരുക്കുമെന്നും പറഞ്ഞത്. എന്നാൽ ആർആർടിയിലേക്ക് അധികം ജീവനക്കാരെ നിയമിക്കാൻ ഒരു നടപടിയും മന്ത്രിയുടെ പ്രഖ്യാപനം കഴിഞ്ഞ് 2 മാസം പിന്നിട്ടിട്ടും ഉണ്ടായില്ല.
കൂടാതെ പീരുമേട് കേന്ദ്രീകരിച്ചുണ്ടായിരുന്ന ദ്രുതകർമ സേന കാട്ടാനക്കൂട്ടത്തെ തുരത്താൻ ദിവസങ്ങളായി മൂഴിക്കൽ മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്. മന്ത്രിയുടെ പ്രഖ്യാപനം നടപ്പിലായാൽ മാത്രമേ ആന ഇറങ്ങുന്ന പ്രദേശങ്ങളിൽ ഉടനടി എത്താൻ ആർആർടിക്ക് കഴിയൂ എന്ന് വനപാലകർ തന്നെ പറയുന്നു. ഇതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ സത്രം വ്യൂ പോയിന്റിലും ആനക്കൂട്ടം ഇറങ്ങി.