റോഡിന്സംരക്ഷണഭിത്തി ഇല്ലാത്തതിനാൽ വീട് അപകടാവസ്ഥയിൽ
ചെറുതോണി∙ റോഡിനു സംരക്ഷണഭിത്തി നിർമിക്കാത്തതിനാൽ വഴിയോരത്ത് താഴ്ഭാഗത്തുള്ള വീട് അപകടത്തിലായെന്നു പരാതി. പൈനാവ് – അശോക കവല ബൈപാസ് റോഡിനോടു ചേർന്ന് അശോക കവലയ്ക്കു സമീപമുള്ള ഉറവുങ്കൽ ബിനോയിയുടെ വീടാണ് അപകടഭീഷണി നേരിടുന്നത്. ബിഎംബിസി നിലവാരത്തിലുള്ള റോഡിലൂടെ ഭാരവണ്ടികൾ അടക്കമുള്ളവ അതിവേഗം പോകുമ്പോൾ കൊടും വളവിനു താഴെയുള്ള വീട്ടിലുള്ളവർ ഭീതിയോടെയാണ് കഴിയുന്നത്. മഴക്കാലമായതോടെ മൺതിട്ട ഇടിഞ്ഞ് അപകടം ഉണ്ടാകുന്നതിനും സാധ്യത ഏറെയാണ്.
റോഡ് നിർമാണം പൂർത്തിയാകുമ്പോൾ വീടിന്റെ സുരക്ഷിതത്വത്തിനായി സംരക്ഷണ ഭിത്തി നിർമിച്ചു നൽകാമെന്ന് ഉറപ്പു നൽകിയാണ് കരാറുകാർ വീടിനോട് ചേർന്ന് റോഡിനായി നിർമാണം നടത്തിയത്. കരാറുകാരന്റെ വാക്ക് വിശ്വസിച്ച ബിനോയിയും കുടുംബവും നിർമാണ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കാതെ കാത്തു നിന്നെങ്കിലും കരാറുകാർ ഏതാനും മാസം മുൻപ് പണി പൂർത്തിയാക്കി മടങ്ങി. ഇതോടെയാണ് ഈ വീട്ടുകാർ ദുരിതത്തിലായത്