ADVERTISEMENT

ചെറുതോണി ∙ ജില്ലയിലെ കന്നുകാലികളിൽ ചർമരോഗം പടരുന്നു. രോഗം ബാധിച്ച കന്നുകാലികളുടെ തല, കഴുത്ത്, കൈകാലുകൾ, അകിട്, ജനനേന്ദ്രിയം, പെരിനിയം എന്നിവിടങ്ങളിൽ രണ്ടു മുതൽ 5 വരെ സെന്റീമീറ്റർ വലുപ്പമുള്ള മുഴകൾ പ്രത്യക്ഷപ്പെടുന്നതാണ് രോഗലക്ഷണം. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ മുഴകൾ പിന്നീട് വ്രണമായി മാറുകയും ഒടുവിൽ ചർമത്തിനു മുകളിൽ ചൊറിച്ചിൽ ഉണ്ടാകുകയും ചെയ്യും.

പശുവിന്റെ വായ്ക്കുള്ളിലും ശരീരത്തിനകത്തും സമാനമായ രീതിയിൽ മുഴകളും പിന്നീടു വ്രണങ്ങളും ഉണ്ടാകാറുണ്ട്. ജില്ലാ ആസ്ഥാന പഞ്ചായത്തായ വാഴത്തോപ്പിൽ രണ്ടു മാസം മുൻപാണ് കറവപ്പശുക്കളിൽ രോഗബാധ കണ്ടുതുടങ്ങിയത്. മണിയാറൻകുടി, താന്നിക്കണ്ടം തുടങ്ങി ക്ഷീരകർഷകർ ഏറെയുള്ള മേഖലയിൽ നിന്നാണ് രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വാഴത്തോപ്പിൽ മാത്രം നൂറിലേറെ പശുക്കൾക്കു രോഗം ബാധിച്ചതായാണ് അനൗദ്യോഗിക കണക്ക്. മരിയാപുരം, വാത്തിക്കുടി, കാമാക്ഷി, കഞ്ഞിക്കുഴി, കൊന്നത്തടി തുടങ്ങി ക്ഷീരകർഷകർ തിങ്ങി പാർക്കുന്ന പല പഞ്ചായത്തുകളിലും സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. 

ക്ഷീരകർഷകർ സഹകരിക്കണം 

പ്രതിരോധ കുത്തിവയ്പുകൾ നടത്തുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ലെന്നു പരാതിയുണ്ട്. പല മൃഗാശുപത്രികളിലും വെറ്ററിനറി സർജൻ ഇല്ലാത്തതും പ്രശ്നം രൂക്ഷമാക്കുന്നു. എന്നാൽ ക്ഷീര കർഷകർ വേണ്ടത്ര സഹകരിക്കാത്തതിനാലാണ് ഇതെന്നാണ് ഔദ്യോഗിക വിശദീകരണം. പശുക്കളിൽ ഉണ്ടാകുന്ന ഈ വൈറസ് ബാധയ്ക്ക് എതിരെ ആട് വസന്തയ്ക്കുള്ള വാക്സീനാണ് (ഗോട്ട് പോക്സ് വാക്സീൻ) പ്രയോഗിക്കുന്നത്.

വാക്സീൻ പൊട്ടിച്ച് 4 മണിക്കൂറിനുള്ളിൽ കുത്തിവച്ചില്ലെങ്കിൽ ഇതിന്റെ പ്രയോജനം ലഭിക്കില്ല. പലപ്പോഴും കർഷകരുടെ നിസ്സഹകരണം മൂലം ഇതിനു കഴിയുന്നില്ല. മാത്രമല്ല; രോഗം മൂർഛിച്ച് കഴിയുമ്പോൾ മാത്രമേ കർഷകർ ചികിത്സ തേടി എത്താറുള്ളൂ എന്നും അധികൃതർ പറഞ്ഞു. ഇതിനോടകം രോഗം കൂടുതൽ കാലികളിലേക്കു പകർന്നിട്ടുണ്ടാകു മെന്നും അധികൃതർ വിശദീകരിച്ചു.

രോഗം വരുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്ന്

1929ൽ തെക്കേ അമേരിക്കൻ രാജ്യമായ സാംബിയയിലാണ് ചർമ മുഴ രോഗം ആദ്യമായി കണ്ടെത്തിയത്. പിന്നീട് മിക്ക ആഫ്രിക്കൻ രാജ്യങ്ങളിലേക്കും രോഗം ബാധിച്ചു. 2019ൽ ദക്ഷിണേഷ്യയിലേക്കും ചൈനയിലേക്കും വ്യാപനം ഉണ്ടായി. രാജ്യത്ത് 2022 ജൂലൈ, സെപ്റ്റംബർ മാസങ്ങളിൽ അനിയന്ത്രിതമായി വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടു.

രോഗ വ്യാപനത്തിന്റെ ഫലമായി 80,000 കന്നുകാലികൾ കൊല്ലപ്പെട്ടെന്നാണു കണക്ക്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലായിരുന്നു മരണനിരക്ക് ഉയർന്നു നിന്നത്. അവിടെ നിന്ന് ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിലേക്കും പിന്നീടു കേരളത്തിലേക്കും രോഗം വ്യാപിച്ചെന്നാണു വിലയിരുത്തൽ. കഴിഞ്ഞ വർഷം ദക്ഷിണ കന്നഡ ജില്ലയിൽ രോഗം വ്യാപിച്ചിരുന്നു.

ചർമ മുഴ വൈറൽ രോഗം

കന്നുകാലികളെ ബാധിക്കുന്ന വൈറൽ പകർച്ചവ്യാധിയാണ് സാംക്രമിക ചർമ മുഴ രോഗം (ലംപി സ്കിൻ ഡിസീസ്–എൽഎസ്ഡി). വസൂരി വൈറസിന്റെയും, മങ്കി പോക്സ് വൈറസിന്റെയും കുടുംബത്തിൽ നിന്നുള്ള കാപ്രി പോക്സ് വൈറസ് ജനുസിലാണ് എൽഎസ്ഡിയും. പശുക്കൾക്കും എരുമകൾക്കും മാത്രമാണു രോഗസാധ്യത.

അത്യുൽപാദന ശേഷിയുള്ള സങ്കരയിനം എച്ച്എഫ് പശുക്കളിലും കിടാരികളിലുമാണ് ഇതു കൂടുതലായി കാണുന്നത്. കൊതുക്, ചെള്ള്, ഈച്ചകൾ, കാക്കകൾ തുടങ്ങിയവ വഴിയാണ് രോഗം പടരുന്നത്. വൈറസ് ബാധയേറ്റ് 4 മുതൽ 14 വരെ ദിവസത്തിനകം പശുക്കളും എരുമകളും രോഗ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും.

ഈ രോഗത്തിന്റെ പകർച്ചാ നിരക്ക് 45 ശതമാനം വരെയാണെന്ന് വിദഗ്ധർ പറയുന്നു. മരണനിരക്ക് 10 ശതമാനത്തിൽ താഴെയാണെങ്കിലും രോഗം മൂലമുണ്ടാകുന്ന ഏറെ നാളത്തെ ഉൽപാദന നഷ്ടം വളരെ കൂടുതലാണ്. ഉയർന്ന താപനിലയും ഈർപ്പവും ഉള്ള അന്തരീക്ഷത്തിലാണ് രോഗവ്യാപനം കൂടുതലാകുന്നത്. രോഗം മനുഷ്യരിലേക്കു നേരിട്ടോ, പാൽ കുടിക്കുന്നതിലൂടെയോ പടരില്ല.

ലക്ഷണങ്ങൾ

∙ തീറ്റയെടുക്കാതിരിക്കുക

∙ കടുത്ത പനി

∙ പാലുൽപാദനത്തിൽ ഗണ്യമായ കുറവ്

∙ കണ്ണിൽ നിന്നും മൂക്കിൽ നിന്നും സ്രവങ്ങൾ

∙ മൃഗങ്ങളുടെ ശോഷണം

∙ ഗർഭം അലസൽ

∙ വിഷാദം 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com