തൊമ്മൻകുത്ത്∙ വനത്തിൽനിന്ന് കടപുഴകി വീണ വലിയ തടികൾ തൊമ്മൻകുത്ത് പുഴയിൽ കിടക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആശങ്ക. വലിയ തടി വെള്ളത്തിൽ കിടക്കുന്നതിനാൽ ഇവിടെ ചപ്പുംചവറും ചെളിയും തങ്ങിനിന്ന് പുഴയുടെ ഒഴുക്കിന് തടസ്സമുണ്ടാവുകയാണ്. ഇത് മഴക്കാലത്ത് വെള്ളപ്പൊക്കം കൂടാൻ ഇടയാക്കുമെന്നാണ് ആശങ്ക. തൊമ്മൻകുത്ത് കണ്ണാടിപ്പുഴയ്ക്കു കുറുകെയാണ് പലയിടങ്ങളിലായി ഇത്തരത്തിൽ ഒട്ടേറെ തടികൾ വിലങ്ങനെ കിടക്കുന്നത്. തൊമ്മൻകുത്തു ചപ്പാത്തിനോടു ചേർന്നും വലിയ തടി തങ്ങിനിൽക്കുന്നുണ്ട്.
ഇതു ചപ്പാത്തിന്റെ ബലക്ഷയത്തിനും കാരണമാകും. വേളൂർ കൂപ്പിൽനിന്ന് ഒഴുകിയെത്തിയ തടികളാണിവയെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. അതിനാൽ അവർ എത്തി വേണം ഇതു നീക്കം ചെയ്യാൻ. കണ്ണാടി പുഴയുടെ വട്ടക്കയം കുളിക്കടവ്, മണിയം സിറ്റി ഭാഗം, കല്ലൊലിപ്പ് തുടങ്ങിയ ഇടങ്ങളിലും തടികൾ കിടപ്പുണ്ട്. കൂടാതെ പുഴയിൽ ആയിരക്കണക്കിനു ടൺ മണലും അടിഞ്ഞുകൂടിയിട്ടുണ്ട്.
ഈ മണൽ കോരി ലേലം ചെയ്യാൻ അധികൃതർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. തടി മറിഞ്ഞുവീണ വിവരം വനംവകുപ്പിനെ അറിയിച്ചെന്നും നടപടിയെടുക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും വാർഡ് മെംബർ ബിബിൻ അഗസ്റ്റിൻ പറഞ്ഞു. തടി അടിയന്തരമായി നീക്കം ചെയ്ത് പുഴയുടെ ഒഴുക്ക് സുഗമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.