ADVERTISEMENT

ബഫർ സോണിലെ നിയന്ത്രണങ്ങളും നിരോധനങ്ങളും വ്യക്തമാക്കി സിഇസി 2002ൽ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു

രാജകുമാരി ∙ സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ (പരിസ്ഥിതി ലോല മേഖല) നിർബന്ധമായും ഉണ്ടായിരിക്കണമെന്ന 2022 ജൂൺ 3ലെ ഉത്തരവിൽ സുപ്രീംകോടതി തന്നെ ഭേദഗതി നിർദേശം മുന്നോട്ടുവച്ചെങ്കിലും വനംവകുപ്പ് പുതിയ പദ്ധതിനിർദേശം സമർപ്പിക്കാത്തതു തിരിച്ചടിയാകുമോയെന്നു മലയോര മേഖലയിൽ‍ ആശങ്ക. ബഫർ സോണുമായി ബന്ധപ്പെട്ട് കഴിഞ്ഞ 6 മാസത്തിനിടെ പുതിയ നിർദേശങ്ങളൊന്നും കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയത്തിനോ സിഇസിക്കോ (സെൻട്രൽ എംപവേഡ് കമ്മിറ്റി)

സമർപ്പിച്ചിട്ടില്ലെന്നാണു വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫിസിൽ നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിൽ വ്യക്തമാക്കുന്നത്. ബഫർ സോണിലുൾപ്പെടുന്ന നിർമിതികളുടെ കണക്ക് ഉൾപ്പെടെയുള്ള ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ സമിതി തയാറാക്കിയ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കുക മാത്രമാണ് സർക്കാർ ഇതുവരെ ചെയ്തത്.

ഇൗ റിപ്പോർട്ട് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്ന് വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫിസ് വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിലിലാണു ബഫർ സോണിലെ സമ്പൂർണ നിയന്ത്രണം ഒഴിവാക്കിക്കൊണ്ടുള്ള ഭേദഗതി നിർദേശം സുപ്രീംകോടതി മുന്നോട്ടുവച്ചത്. എന്നാൽ ബഫർ സോണിലെ നിയന്ത്രണങ്ങളും നിരോധനങ്ങളും വ്യക്തമാക്കി സിഇസി 2002ൽ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്.

കുന്നോളം ആശങ്കകൾ

∙ ബഫർ സോണിൽ സമ്പൂർണ നിരോധനമില്ലെന്ന കോടതിയുടെ ഭേദഗതി ഉത്തരവ് കൂടുതൽ ഇളവുകൾക്കു വഴിയൊരുക്കുമെങ്കിലും ചട്ടപ്രകാരമുള്ള നിയന്ത്രണങ്ങൾ പോലും ജനജീവിതത്തെ ബാധിക്കുമെന്ന ആശങ്കയാണു കർഷക സംഘടനകൾക്കുള്ളത്. ബഫർ സോണിലുൾപ്പെടുന്ന പട്ടയഭൂമി ഇൗടു വച്ച് വായ്പ നൽകാൻ ബാങ്കുകൾ മടിക്കുകയാണ്. ഇൗ അവസ്ഥ മാറണമെങ്കിൽ ആദ്യം ജനവാസമേഖലയെ ബഫർ സോണിൽ നിന്നു പൂർണമായും ഒഴിവാക്കി വനംവകുപ്പ് പുതിയ പദ്ധതിനിർദേശം സമർപ്പിക്കണം.

അല്ലാത്ത പക്ഷം സുപ്രീംകോടതിയുടെ അന്തിമ തീരുമാനം വരുന്നതു വരെ ആശങ്കകൾ തുടരും. ബഫർ സോണിൽ നിന്നു കുടിയൊഴിപ്പിക്കൽ ഉണ്ടാകില്ലെന്ന സുപ്രീംകോടതി തീരുമാനം വനമേഖലയിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങൾക്ക് ആശ്വാസം പകരുന്നതാണ്. എന്നാൽ വ്യവസായ, വിനോദ സഞ്ചാര മേഖലകളിലുൾപ്പെടെ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ സുപ്രീംകോടതിയുടെ ഭേദഗതി നിർദേശം കൊണ്ടു നേട്ടമുണ്ടാകില്ലെന്നാണു വിദഗ്ധർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com