റോഡിൽ പാറക്കല്ലുകൾ; അനങ്ങാപ്പാറയായി അധികൃതർ
Mail This Article
മുണ്ടൻമുടി∙ ആലപ്പുഴ –മധുര സംസ്ഥാന പാതയിൽ മുണ്ടൻമുടി പുരയിടം സിറ്റിയിൽ റോഡിനോട് ചേർന്നുള്ള വൻ പാറക്കല്ലുകൾ യാത്രക്കാർക്ക് ഭീഷണിയായിട്ട് വർഷങ്ങളായെങ്കിലും പൊട്ടിച്ചുനീക്കി അപകടം ഒഴിവാക്കാൻ നടപടിയെടുക്കാതെ അധികാരികൾ. 2 പതിറ്റാണ്ട് മുൻപ് വണ്ണപ്പുറം ചേലച്ചുവട് റോഡ് വീതി കൂട്ടി നിർമിച്ചെങ്കിലും യാത്രക്കാർക്ക് വലിയ ഭീഷണിയായി റോഡിനോടു ചേർന്ന് വളവിലുള്ള പാറക്കൂട്ടം പൊട്ടിച്ചുമാറ്റി അപകടാവസ്ഥ ഒഴിവാക്കാൻ നടപടി ഉണ്ടാകുന്നില്ല. ഇതുവഴി തൊടുപുഴ, മൂവാറ്റുപുഴ ഭാഗങ്ങളിൽനിന്ന് നൂറു കണക്കിനു വാഹനങ്ങളാണ് ഹൈറേഞ്ച് മേഖലയിലേക്കു പോകുന്നത്.
റോഡരികിലുള്ള ഈ പാറക്കല്ലുകൾമൂലം എതിർ ദിശയിൽനിന്നു വരുന്ന വാഹനങ്ങൾ കാണാൻ സാധിക്കാത്ത കൊടുംവളവുകളും കുത്തിറക്കവുമുള്ള ഈ ഭാഗങ്ങളിൽ വാഹനാപകടങ്ങൾ പതിവാണ്. ഈ ഭാഗങ്ങളിൽ ഒട്ടേറെ വാഹനങ്ങൾ അപകടത്തിൽപെട്ടിട്ടുണ്ട്. പ്രദേശവാസികൾ ഒട്ടേറെ തവണ പരാതികൾ നൽകിയിട്ടുണ്ട്. ഈ ഭാഗങ്ങളിൽ വഴി വിളക്കുകൾ ഇല്ലാത്തതും റോഡിന്റെ വശങ്ങളിലെ ഗർത്തങ്ങളും അപകട സാധ്യത വർധിപ്പിക്കുന്നു.