ADVERTISEMENT

പീരുമേട്∙ ബവ്റിജസ് ഔട്‌ലെറ്റിൽനിന്ന് അളവിൽ കൂടുതൽ ബീയർ വാങ്ങിയെന്ന പേരിൽ ഇതര സംസ്ഥാനക്കാരായ വിനോദസഞ്ചാരികളെ കസ്റ്റഡിയിലെടുക്കുകയും ഇവർക്കെതിരെ കേസെടുക്കുകയും ചെയ്ത എക്സൈസ് നടപടി വിവാദത്തിൽ. തേക്കടി, പരുന്തുംപാറ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം ആലപ്പുഴയിലേക്കു മടങ്ങുകയായിരുന്ന കർണാടക സ്വദേശികൾ ബീയർ വാങ്ങിയ സംഭവത്തിലാണ് കേസെടുത്തത്. 

ട്രാവലറിൽ എത്തിയ 16 അംഗ സംഘം പീരുമേട് ഔട്‌ലെറ്റിൽനിന്നു 7 ബീയറുകൾ വാങ്ങി വാഹനത്തിൽ കയറുന്നതിനിടെയാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്. തുടർന്ന് യാത്രാ സംഘത്തിലെ മൂന്നു പേരെ എക്സൈസ് വാഹനത്തിൽ കയറ്റുകയും മറ്റുളളളവരോട് പിന്നാലെ എക്സൈസ് ഓഫിസിലേക്ക് എത്താനും നിർദേശിച്ചു. തുടർന്ന് 1,500 രൂപ മുതൽ 5,000 രൂപവരെ പിഴ ഈടാക്കാവുന്ന വകുപ്പ് ചുമത്തി കേസെടുത്തു.

യാത്ര തടസ്സപ്പെട്ട് സഞ്ചാരികൾ
എക്സൈസ് നടപടി മൂലം തങ്ങളുടെ യാത്ര മൂന്നു മണിക്കൂർ തടസ്സപ്പെട്ടതായി വിനോദസഞ്ചാരികൾ ആരോപിച്ചു. രാജ്യത്തെ പല സംസ്ഥാനങ്ങളിൽ കൂടിയും യാത്ര ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തരത്തിലെ ദുരനുഭവം ആദ്യമാണെന്ന് സഞ്ചാര സംഘത്തിൽപെട്ട മനോജ് പറഞ്ഞു. ഒരാൾ അളവിൽ കൂടുതൽ മദ്യം കൈവശം വച്ചു എന്ന പേരിലാണ് കേസ് ചുമത്തിയത്. എന്നാൽ തങ്ങൾ 4 പേർ ചേർന്നാണ് ബീയർ വാങ്ങിയത്. തുടർ യാത്ര വെട്ടി ചുരുക്കി തങ്ങൾ മടങ്ങുകയാണെന്നും പിഴത്തുക വാഹനത്തിന്റെ ഡ്രൈവറുടെ അക്കൗണ്ടിലേക്ക് അയച്ചുനൽകുമെന്നും ഇവർ പറഞ്ഞു.

നിയമനടപടി:എക്സൈസ്
അളവിൽ കൂടുതൽ ബീയർ കണ്ടെത്തിയതിന്റെ പേരിലാണ് വിനോദ സഞ്ചാരിയുടെ പേരിൽ കേസെടുത്തതെന്ന് പീരുമേട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു. നിയമനടപടിയാണ് സ്വീകരിച്ചിരിക്കുന്നത്.

സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തും: പഞ്ചായത്ത് പ്രസിഡന്റ്
ടൂറിസം മേഖലയെ തകർക്കുന്ന തരത്തിലുളള എക്സൈസ് സംഘത്തിന്റെ നടപടി സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ.ദിനേശൻ പറഞ്ഞു. പീരുമേട്   എക്സൈസിനെതിരെ മുൻപും ഇത്തരം പരാതികൾ ഉയർന്നിട്ടുണ്ട്. കോവിഡ് കാലത്തിനു ശേഷം ടൂറിസം രംഗം സജീവമായി വരുന്നതിനിടെ ഇതിനെ അട്ടിമറിക്കുന്ന നടപടികൾ അനുവദിക്കാനാവില്ലെന്ന് പ്രസിഡന്റ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com