ADVERTISEMENT

രാജകുമാരി ∙ വരുന്ന നിയമസഭ സമ്മേളനത്തിലും ഭൂപതിവുചട്ട ഭേദഗതി ബിൽ അവതരിപ്പിക്കാനുള്ള സാധ്യത മങ്ങുന്നു. ആകെ 19 ബില്ലുകൾ നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കാനാണു പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 7 മുതൽ 24 വരെ നടക്കുന്ന നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കാൻ തയാറാക്കിയ ബില്ലുകളെല്ലാം പാസാക്കാൻ സമയം ലഭിക്കില്ലെന്നു നിയമ വിദഗ്ധർ പറയുന്നു. ഓർഡിനൻസിനു പകരമുള്ള 2 ബില്ലുകൾ, പ്രസിദ്ധീകരിച്ച 10 ബില്ലുകൾ, പ്രസിദ്ധീകരിക്കാനുള്ള 7 ബില്ലുകൾ എന്നിവയാണ് അടുത്ത സമ്മേളനത്തിൽ അവതരിപ്പിക്കാൻ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിലൊന്നും ഭൂപതിവ് ചട്ടഭേദഗതി ഉൾപ്പെട്ടിട്ടില്ല.   ബിൽ ലിസ്റ്റ് ചെയ്തിട്ടില്ലെങ്കിലും മന്ത്രിസഭ യോഗത്തിന്റെ പ്രത്യേക അനുമതിയോടെ നിയമസഭയിൽ ബിൽ അവതരിപ്പിക്കാൻ സർക്കാരിന് കഴിയും. പക്ഷേ നിയമ വകുപ്പ് തയാറാക്കുന്ന ബിൽ ഭരണവകുപ്പിനു നൽകി മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചാൽ മാത്രമേ സഭയിൽ അവതരിപ്പിക്കാൻ കഴിയൂ. 

 ഇനി അതിനു സമയം ലഭിക്കാൻ സാധ്യതയില്ല. 

ഓഗസ്റ്റിലെ നിയമസഭ സമ്മേളനത്തിൽ ബിൽ കൊണ്ടു വരുമെന്നു മന്ത്രി റോഷി അഗസ്റ്റിൻ ജൂണിൽ കലക്ടറേറ്റിൽ നടത്തിയ സർവകക്ഷി യോഗത്തിൽ അറിയിച്ചിരുന്നു. മുഖ്യമന്ത്രി, റവന്യു മന്ത്രി എന്നിവരെ പല തവണ സന്ദർശിച്ച എൽഡിഎഫ് നേതാക്കളും ഇക്കാര്യത്തിൽ ഉറപ്പ് പറഞ്ഞിരുന്നു. എന്നാൽ ഇതുവരെ തയാറാക്കാത്ത ഭൂപതിവ് ചട്ട ഭേദഗതി ബിൽ എങ്ങനെ നിയമസഭാ സമ്മേളനത്തിൽ കൊണ്ടു വരുമെന്നാണു റവന്യു ഉന്നത ഉദ്യോഗസ്ഥർ പോലും ചോദിക്കുന്നത്.

5 വർഷമായ അവഗണന

ജില്ലയിൽ ഭൂപതിവ് ചട്ടലംഘനവുമായി ബന്ധപ്പെട്ട ഭൂപ്രശ്നങ്ങൾ രൂക്ഷമായതോടെ ഉയർന്ന പ്രതിഷേധങ്ങളെ തണുപ്പിക്കാൻ 2019 ലാണ് ഭൂപതിവുചട്ട ഭേദഗതി നടപ്പാക്കുമെന്നു സർക്കാർ വ്യക്തമാക്കിയത്. ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 2019 ഡിസംബറിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ ഉയർന്ന പ്രധാന ആവശ്യം സർക്കാർ അംഗീകരിക്കുകയായിരുന്നു. അതിനു ശേഷം ഇതുവരെ 5 തവണ റവന്യു, നിയമ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗങ്ങൾ ചേർന്നു.

ഭൂപ്രശ്നങ്ങളിൽ പരിഹാരമാവശ്യപ്പെട്ട് ഇക്കാലയളവിൽ ഭരണ, പ്രതിപക്ഷ സംഘടനകളും കർഷക സംഘടനകളും ജില്ലയിൽ 10 ഹർത്താലുകളും നടത്തി. പക്ഷേ, പ്രശ്നപരിഹാരം മാത്രം ഉണ്ടായില്ല. അവസാനമായി കഴിഞ്ഞ ജനുവരി 10നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലും ഭൂപതിവുചട്ട ഭേദഗതി ബിൽ തയാറാക്കാൻ തീരുമാനമെടുത്തിരുന്നു. ജനുവരി 23നു ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്ന് ജനുവരി 13നു റവന്യു മന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ വ്യക്തമാക്കുകയും ചെയ്തു.

എന്നാൽ പിന്നീട് പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ നേരത്തെ പിരിഞ്ഞതിനാൽ ബിൽ കൊണ്ടു വരാൻ കഴിഞ്ഞില്ലെന്നാണു ജില്ലയിലെ എൽഡിഎഫ് നേതാക്കൾ പറഞ്ഞത്. അങ്ങനെയെങ്കിൽ ഓർഡിനൻസ് ഇറക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് ഭരണപക്ഷം മറുപടി നൽകിയില്ല. ചട്ടഭേദഗതി ബിൽ അവതരിപ്പിക്കാൻ മാത്രം ഒരു ദിവസത്തെ പ്രത്യേക നിയമ സഭ സമ്മേളനം വിളിച്ചു ചേർക്കണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആവശ്യപ്പെട്ടെങ്കിലും സർക്കാർ അതും അവഗണിച്ചു.

ഇടുക്കിയിലെ കർഷകരെ കുടിയിറക്കാൻ നീക്കം

ഭയാശങ്കയില്ലാതെ കൈവശ ഭൂമി ഉപയോഗിക്കുന്നതിനു 1960ലെ ഭൂപതിവ് നിയമത്തെ വിശ്വസിച്ചു 6 പതിറ്റാണ്ടുകാലം കൃഷിയും കാർഷികേതര പ്രവർത്തനങ്ങളും നടത്തി ജീവിച്ച കുടിയേറ്റ ജനതയെ കുടിയിറക്കാനാണു സർക്കാർ ശ്രമമെന്ന് അതിജീവന പോരാട്ട വേദി ചെയർമാൻ റസാഖ് ചൂരവേലിൽ പറഞ്ഞു. ഇതുവരെ ആരും ശ്രദ്ധിക്കാത്ത അപ്രധാന ചട്ടം ഉപയോഗിച്ചു 36 ലക്ഷം നിർമിതികളെ നിയമ വിരുദ്ധമാക്കിയ സർക്കാരിനെതിരെ രാഷ്ട്രീയ വ്യത്യാസമില്ലാതെ സമരം നടത്തേണ്ട സാഹചര്യമാണ് ഇപ്പോഴെന്നു റസാഖ് ചൂരവേലിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com